Pathanamthitta local

ജാഗ്രത പുലര്‍ത്തണമെന്ന്  കോണ്‍ഗ്രസ് നേതൃയോഗം

പത്തനംതിട്ട: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ കോണ്‍ഗ്രസ്സിന് ഉണ്ടായ പരാജയത്തിനൊപ്പം ബിജെപിക്ക് സീറ്റുകള്‍ വര്‍ധിക്കാനുണ്ടായ സാഹചര്യവും ഗൗരവമായി കാണണമെന്ന് നേതൃയോഗം. കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടന്ന അവലോകന യോഗത്തിലാണ് നേതാക്കള്‍ തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പ്രവര്‍ത്തനം വിശകലനം ചെയ്തത്.
2010നെ അപേക്ഷിച്ച് ജില്ലയിലെ ഗ്രാമപ്പഞ്ചായത്തുകള്‍ കുറവാണ് കിട്ടിയതെങ്കിലും ജില്ലാ പഞ്ചായത്തില്‍ 11 സീറ്റ് നേടിയതും രണ്ട് നഗരസഭകളും അഞ്ച് ബ്ലോക്ക് പഞ്ചായത്തുകളും നിലനിര്‍ത്തിയതും മോശമല്ലാത്ത പ്രകടനമാണെന്ന് ഡിസിസി പ്രസിഡന്റ് പി മോഹന്‍രാജ് പറഞ്ഞു. എങ്കിലും ബിജെപിയുടെ മുന്നേറ്റം ഗൗരവമായി കാണണം. കോണ്‍ഗ്രസ്സിനുള്ളിലും പാര്‍ട്ടി നല്‍കുന്ന സ്ഥാനങ്ങളിലും സാമുദായിക സംതുലനം നിലനിര്‍ത്തണമെന്ന് അഡ്വ. കെ ജയവര്‍മ്മയും എ ശംസുദ്ദീനും ആവശ്യപ്പെട്ടു. ചടങ്ങുകളില്‍ മുതിര്‍ന്ന നേതാക്കള്‍ അവഗണിക്കപ്പെടുന്നു.
ബിജെപിയുടെ മുന്നേറ്റത്തിന് എതിരെ പാര്‍ട്ടി ഒരുങ്ങി ഒന്നായി നീങ്ങണമെന്ന് ഇരുവരും പറഞ്ഞു. പാര്‍ട്ടി സ്ഥാനാര്‍ഥികളെ വീഴ്ത്തിയ വിമതന്‍മാര്‍ക്ക് എതിരേ ശക്തമായി നീങ്ങണമെന്ന് സാമുവല്‍ കിഴക്കുപുറം പറഞ്ഞു. ജില്ലയിലെ സംഘടനാ സംവിധാനത്തിന് എതിരേ വെട്ടൂര്‍ ജ്യോതി പ്രസാദ്, അനില്‍ തോമസ് എന്നിവരും വിമര്‍ശനം ഉന്നയിച്ചു.
പാര്‍ട്ടി തീരുമാനം ലംഘിച്ച് പത്തനംതിട്ട നഗരസഭയില്‍ ഘടകക്ഷിക്ക് സീറ്റ് മറിച്ച് നല്‍കിയതിന് എതിരെ അനില്‍ തോമസ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ചലിക്കുന്ന സംഘടനാ സംവിധാനം വേണമെന്ന് കെ കെ റോയ്‌സണ്‍ പറഞ്ഞു. ചലിക്കുന്ന പട്ടം പോലെ ആവരുത് നേതൃത്വം. അടൂരിലെ സമ്പൂര്‍ണ പരാജയം എല്ലാവരും ഒന്നായി സമ്മതിച്ചു.
പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ക്കാന്‍ പ്രത്യേക യോഗം വിളിക്കണമെന്ന് തോപ്പില്‍ ഗോപകുമാറും പഴകുളം ശിവദാസനും ആവശ്യപ്പെട്ടു.
തുമ്പമണ്‍ ഒഴികെ എല്ലായിടവും മുന്നണിക്ക് നഷ്ടമായി. 10 വര്‍ഷമായി തുടരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണം.തന്റെ തോല്‍വിയില്‍ സംഘടനാ പാളിച്ച ഉണ്ടായെന്ന് ബാബു ജോര്‍ജ് ആരോപിച്ചു.
വിമതര്‍ക്ക് എതിരേ നടപടി വേണം. തിരുവല്ല നഗരസഭയില്‍ നേതൃത്വം എടുത്ത തീരുമാനം അര്‍ധരാത്രി അട്ടിമറിച്ചതില്‍ എല്ലാവരും ശക്തമായ വിമര്‍ശനം ഉന്നയിച്ചു. ജയകുമാറിനെ ഒഴിവാക്കിയ നടപടിയില്‍ ചില നേതാക്കള്‍ക്ക് എതിരെയായിരുന്നു ആക്ഷേപം.
പാളിച്ച ഉണ്ടായെങ്കില്‍ പാര്‍ട്ടി തന്ന സ്ഥാനങ്ങള്‍ ഒഴിയുമെന്ന സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. സംഘടന വേണ്ട വിധം നീങ്ങിയില്ലന്ന് രാജേഷ് ചാത്തങ്കേരി, റിങ്കു ചെറിയാന്‍, ലിജു ജോര്‍ജ് പറഞ്ഞു.
മൈക്രോഫിനാന്‍സ് വിഷയത്തില്‍ ആരോപണ വിധേയനായ കെ പത്മകുമാര്‍ കെപ്‌കോ ചെയര്‍മാന്‍ സ്ഥാനം ഒഴിയണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍, കെ ശിവദാസന്‍ നായര്‍ എംഎല്‍എ, മന്ത്രി അടൂര്‍ പ്രകാശ്, കെപിസിസി ജനറല്‍ സെക്രട്ടറി ശരത് ചന്ദ്രപ്രസാദ്, തമ്പാനൂര്‍ രവി, മാലേത്ത് സരളാദേവി, മറിയാമ്മ ചെറിയാന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it