ജലനിരപ്പ് ഉയര്‍ത്തരുതെന്ന കേരളത്തിന്റെ ആവശ്യം തള്ളി

എ അബ്ദുല്‍ സമദ്

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തരുതെന്ന കേരളത്തിന്റെ ആവശ്യം മേല്‍നോട്ട സമിതി തള്ളി. കുമളിയില്‍ ചേര്‍ന്ന യോഗത്തിലാണ് കേരളത്തിന്റെ ആവശ്യം തള്ളിയത്.
മുല്ലപ്പെരിയാറിന്റെ താഴ്‌വരയിലെ ജനങ്ങളുടെ ആശങ്ക അകറ്റുന്നതിന്  ജലനിരപ്പ് 136 അടിയില്‍ നിര്‍ത്തണമെന്ന ആവശ്യമാണ് കേരളം മേല്‍നോട്ട സമിതിയില്‍ വച്ചത്. ഇത് തള്ളിയതോടെ 140 അടിയായി നിലനിര്‍ത്തണമെന്ന ആവശ്യം കേരളം ഉന്നയിച്ചു. എന്നാല്‍ 142 അടിവരെ ജലനിരപ്പുയര്‍ത്താന്‍ സുപ്രിംകോടതിയുടെ അനുമതിയുണ്ടെന്ന് തമിഴ്‌നാട് യോഗത്തില്‍ ചൂണ്ടിക്കാട്ടി. തമിഴ്‌നാടിന്റെ നിലപാടിനോട് മേല്‍നോട്ടസമിതി ചെയര്‍മാന്‍ യോജിപ്പ് പ്രകടിപ്പിച്ചതോടെയാണ് ജലനിരപ്പ് ഉയര്‍ത്തരുതെന്ന കേരളത്തിന്റെആവശ്യം നിരാകരിച്ചത്. നീരൊഴുക്കിന്റെ തോതനുസരിച്ചു മാത്രമേ തമിഴ്‌നാട്ടിലേക്ക് കൂടുതല്‍ വെള്ളം തുറന്നുവിടുന്ന കാര്യം ആലോചനയിലുള്ളൂവെന്നും തമിഴ്‌നാട് അറിയിച്ചു.
പ്രധാന അണക്കെട്ടിലെ ഇന്‍സ്‌പെക്ഷന്‍ ഗാലറിക്കുള്ളില്‍ സ്ഥാപിച്ചിട്ടുള്ള മര്‍ദ്ദമാപിനികള്‍ പ്രവര്‍ത്തനക്ഷമമല്ലെന്ന് കേരളം അറിയിച്ചെങ്കിലും തമിഴ്‌നാട് ഇത് അംഗീകരിച്ചില്ല. ബാറ്ററിയുടെ തകരാറാണ് ഇവ പ്രവര്‍ത്തിക്കാത്തതെന്നു തമിഴ്‌നാട് അവകാശപ്പെട്ടു. അണക്കെട്ടിലെ മര്‍ദ്ദമാപിനികള്‍ പ്രവര്‍ത്തന സജ്ജമല്ലെന്ന് കേരളം സൂചിപ്പിച്ചതിനെത്തുടര്‍ന്ന് ഇത് സംബന്ധിച്ച് റിപോര്‍ട്ട് നല്‍കാന്‍ കേന്ദ്ര ജല കമ്മീഷനിലെ എന്‍ജിനീയര്‍ സുനില്‍ ജെയിനോട് സമിതി ആവശ്യപ്പെട്ടു.
പ്രധാന അണക്കെട്ട്, ബേബിഡാം, ഇന്‍സ്‌പെക്ഷന്‍ ഗാലറികള്‍, സ്പില്‍വേ എന്നിവിടങ്ങളിലാണ് മേല്‍നോട്ട സമിതി  പരിശോധന നടത്തിയത്. സ്പില്‍വേയിലെ പരിശോധനയ്ക്കിടെ  ഷട്ടറിന്റെ പ്രവര്‍ത്തനക്ഷമത ഇതുവരെയും വിലയിരുത്തിയില്ലെന്ന് സമിതി മുമ്പാകെ കേരളം പരാതിപ്പെട്ടു. എന്നാല്‍, ഷട്ടറിന്റെ പ്രവര്‍ത്തനക്ഷമത പരിശോധിച്ചുവെന്നായിരുന്നു തമിഴ്‌നാട് ഉദ്യോഗസ്ഥരുടെ പ്രതികരണം. ഇതു സംബന്ധിച്ച് അറിയില്ലെന്ന് കേരളം അറിയിച്ചതോടെ കഴിഞ്ഞ ജൂണിലാണ് പരിശോധന നടത്തിയതെന്ന് തമിഴ്‌നാട് അധികൃതര്‍ വ്യക്തമാക്കി.
മേല്‍നോട്ട സമിതി അധ്യക്ഷന്‍ എല്‍ എ വി നാഥനെ കൂടാതെ കേരളത്തിന്റെ പ്രതിനിധി വി ജെ കുര്യന്‍, തമിഴ്‌നാട് പ്രതിനിധി പളനിയപ്പന്‍, ജില്ലാ കലക്ടര്‍ വി രതീശന്‍, ഉപസമിതി ചെയര്‍മാന്‍ ഉമ്പര്‍ജി ഹരീഷ് ഗിരീഷ്, അംഗങ്ങളായ സംസ്ഥാന ജല വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജോര്‍ജ് ദാനിയേല്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ എന്‍ എസ് പ്രസീദ്, തമിഴ്‌നാട് ഉദ്യോഗസ്ഥരായ സൗന്ദരം, മാധവന്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it