ജയലളിത പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: അണ്ണാ ഡിഎംകെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ ജയലളിത പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. 29 ആവശ്യങ്ങളടങ്ങിയ 96 പേജ് മെമ്മൊറാണ്ടവുമായാണ് മോദിയെ കണ്ടത്. എന്നാല്‍, ചരക്കുസേവന നികുതിയോടുള്ള തമിഴ്‌നാടിന്റെ എതിര്‍പ്പ് മറികടക്കുകയായിരുന്നു കേന്ദ്ര ലക്ഷ്യം. ചരക്കുസേവന നികുതി നടപ്പാക്കുന്നത് സംസ്ഥാന നികുതി വരുമാനത്തെ സാരമായി ബാധിക്കുമെന്ന് ജയലളിത വ്യക്തമാക്കി. ഇത് സംബന്ധമായ സംസ്ഥാനത്തിന്റെ ആശങ്കകള്‍ പരിഹരിക്കണമെന്ന് ജയലളിത ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തണമെന്നും കൂടിക്കാഴ്ചയില്‍ ഉന്നയിച്ചു. അറ്റകുറ്റപ്പണി പൂര്‍ത്തിയായെന്നും അണക്കെട്ട് ബലപ്പെട്ടെന്നും അവര്‍ മോദിയെ അറിയിച്ചു. ബേബി ഡാമിലെ 23 മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കണം. പമ്പ, അച്ചന്‍കോവില്‍ നദീസംയോജന പദ്ധതി നടപ്പാക്കണം.
അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനപ്പരീക്ഷയില്‍ തമിഴ്‌നാടിന് ഇളവനുവദിക്കുക, ജെല്ലിക്കെട്ടിനുള്ള നിരോധനം നീക്കുക, പോലിസ് നവീകരണത്തിനടക്കം കേന്ദ്ര ഫണ്ട് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും അവര്‍ ഉന്നയിച്ചു. സുപ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കുകയും അര്‍ഹമായ മന്ത്രിപദവി നല്‍കുകയും ചെയ്താല്‍ അണ്ണാ ഡിഎംകെ എന്‍ഡിഎയില്‍ ചേരുമെന്നു സൂചനകളുണ്ട്. കോണ്‍ഗ്രസ് കഴിഞ്ഞാല്‍ ലോക്‌സഭയില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള പ്രതിപക്ഷ പാര്‍ട്ടിയാണ് അണ്ണാ ഡിഎംകെ. എന്‍ഡിഎയുടെ ഭാഗമല്ലെങ്കിലും ഇവര്‍ സഭയ്ക്കുള്ളിലും പുറത്തും പലപ്പോഴും ഭരണകക്ഷിഅനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ട്. രാജ്യസഭയില്‍ ന്യൂനപക്ഷമായ സര്‍ക്കാര്‍ ബില്ലുകള്‍ പാസാക്കാന്‍ പ്രതിപക്ഷകക്ഷികളുടെ കാലുപിടിക്കേണ്ട ഗതികേടിലാണ്.
Next Story

RELATED STORIES

Share it