ജനുവരി 12ലെ പണിമുടക്ക് രാഷ്ട്രീയപ്രേരിതമെന്ന് സെറ്റോ

തിരുവനന്തപുരം: ശമ്പളപരിഷ്‌കരണം വൈകുന്നതില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ സംഘടനകള്‍ ആഹ്വാനംചെയ്ത ജനുവരി 12ലെ പണിമുടക്ക് രാഷ്ട്രീയപ്രേരിതമെന്ന് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ (സെറ്റോ). 10ാം ശമ്പളപരിഷ്‌കരണ ഉത്തരവ് പുറപ്പെടുവിക്കും എന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചിട്ടും രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി മാത്രമാണ് സമരം നടത്തുന്നതെന്ന് സെറ്റോ ചെയര്‍മാന്‍ എന്‍ രവികുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
01.07.14 മുതലുള്ള പ്രാബല്യവും അഞ്ചുവര്‍ഷ ശമ്പള പരിഷ്‌കരണ തത്വവും അംഗീകരിച്ചിട്ടുണ്ടെന്ന കാബിനറ്റ് സബ്കമ്മിറ്റി പ്രസ്ഥാവനയും മുഖവിലയ്‌ക്കെടുക്കാതെയാണു സമരത്തിന് ആഹ്വാനംചെയ്തിരിക്കുന്നത്. 01.07.09 മുതലുള്ള ശമ്പളപരിഷ്‌കരണം 26.02.11ല്‍ ഉത്തരവു പുറപ്പെടുവിച്ചിരുന്ന കാലയളവില്‍ യാതൊരുവിധ പ്രക്ഷോഭവും നടത്താതെയാണ് ഇടതുസംഘടനകള്‍ ഇപ്പോള്‍ സമരത്തിനിറങ്ങുന്നത്.
യൂനിവേഴ്‌സിറ്റി നിയമം പിഎസ്‌സിക്ക് വിട്ടതും മികച്ച അധ്യാപക പാക്കേജും അഡീഷനല്‍ ഹെഡ്മാസ്റ്റര്‍ തസ്തിക രൂപീകരണവും അടക്കം സ്വാഗതാര്‍ഹമായ നിരവധി തീരുമാനങ്ങളാണ് യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയത്. കേരള സിവില്‍ സര്‍വീസ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ നിയമനങ്ങള്‍ നടന്നതും 1,49,000 പുതിയ നിയമനങ്ങളും 36,000 അധിക തസ്തികയും സൃഷ്ടിച്ച സര്‍ക്കാര്‍ തീരുമാനം സര്‍വകാല റെക്കോഡാണ്. ഇതൊന്നും കാണാതെയാണ് ഇടതു സംഘടനകള്‍ സമരത്തിനിറങ്ങുന്നതെന്ന് സെറ്റോ ചെയര്‍മാന്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it