Pathanamthitta local

ജനറല്‍ ആശുപത്രിയില്‍ ഓഡിയോളജി വിഭാഗം തുറന്ന് നല്‍കി

പത്തനംതിട്ട: ജനറല്‍ ആശുപത്രിയില്‍ ഒപി കെട്ടിട സമുച്ചയത്തിന്റെയും കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസിയുടെയും ശിലാസ്ഥാപനവും ഓഡിയോളജി വിഭാഗത്തിന്റെ ഉദ്ഘാടനവും മന്ത്രി വി എസ് ശിവകുമാര്‍ നിര്‍വഹിച്ചു. ജനറല്‍ ആശുപത്രിയിലെ ഒപി കെട്ടിട സമുച്ചയത്തിന്റെ രണ്ടാംഘട്ട നിര്‍മാണത്തിന് ആവശ്യമായ തുക അടുത്ത വര്‍ഷത്തെ വിഹിതത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് മന്ത്രി പറഞ്ഞു.
ജനറല്‍ ആശുപത്രിയില്‍ ആധുനിക സംവിധാനങ്ങളും സൗകര്യങ്ങളുമൊരുക്കി സാധാരണക്കാര്‍ക്ക് മികച്ച സേവനം ലഭ്യമാക്കാന്‍ സാധിച്ചതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച കെ ശിവദാസന്‍ നായര്‍ എംഎല്‍എ പറഞ്ഞു. 50 ലക്ഷം രൂപ ചെലവില്‍ സ്ഥാപിച്ച സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നാഴികക്കല്ലായി മാറി. 22 ലക്ഷം രൂപ മുടക്കി ഡിജിറ്റല്‍ എക്‌സ്‌റേ സംവിധാനവും ആരംഭിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നു രണ്ടു കോടി രൂപ മുടക്കിയാണ് പുതിയ ഒപി ബ്ലോക്ക് നിര്‍മിക്കുന്നത്. ടോക്കണ്‍ സംവിധാനത്തോടെ ഒപി വിഭാഗം, ഫാര്‍മസി, ലാബ്, ഐപി-ഒപി ആരോഗ്യ ഇന്‍ഷുറന്‍സ് രജിസ്‌ട്രേഷന്‍ കൗണ്ടറുകളും പുതിയ കെട്ടിടത്തിലുണ്ടാവും.
ഓഡിയോളജി വിഭാഗത്തിന്റെ സേവനം നവജാത ശിശുക്കള്‍ മുതല്‍ പ്രായമായവര്‍ക്കുവരെ ലഭിക്കും. ജില്ലയില്‍ ആദ്യമായാണ് ഓഡിയോളജി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചത്. ശ്രവണ-സംസാര വൈകല്യമുള്ളവര്‍ക്ക് വോയിസ്, സ്പീച്ച് തെറാപ്പി നല്‍കാന്‍ ഇവിടെ സൗകര്യമുണ്ടാവും.
കലക്ടര്‍ എസ് ഹരികിഷോര്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ രജനി പ്രദീപ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, നഗരസഭാ വൈസ് ചെയര്‍മാന്‍ പി കെ ജേക്കബ്, എച്ച്എംസി അംഗങ്ങള്‍, ഡിഎംഒ ഡോ.ഗ്രേസി ഇത്താക്ക്, ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍ ശ്രീലത സംസാരിച്ചു.
Next Story

RELATED STORIES

Share it