palakkad local

ജനകീയ വികസന പദ്ധതികള്‍: ജില്ലാ പഞ്ചായത്തിന് 115 കോടിയുടെ ബജറ്റ്

പാലക്കാട്: ജനകീയ വികസന പദ്ധതികളുമായി ജില്ലാ പഞ്ചായത്ത് 115 കോടിയുടെ ബജറ്റ് അവതരിപ്പിച്ചു. സ്‌കൂള്‍ കുട്ടികള്‍ക്കായി പ്രഭാത ഭക്ഷണ പരിപാടി, പട്ടിണിയില്ലാത്ത അട്ടപ്പാടി, ചെറുപ്പക്കാര്‍ക്ക് തൊഴില്‍ പ്രോല്‍സാഹനം, സ്ത്രീ സൗഹൃദ ജില്ലയാക്കുന്നതിനുള്ള പ്രവര്‍ത്തനം, കുടുംബശ്രീകള്‍ക്കു കൂടുതല്‍ ആനുകൂല്യം, മൊബൈല്‍ ശ്മശാനം തുടങ്ങി ജനക്ഷേമ പദ്ധതികളുമായാണ് ഈ വര്‍ഷത്തെ ബജറ്റ് ജില്ലാ പഞ്ചായത്ത് അവതരിപ്പിച്ചത്. ജില്ല പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ ശാന്തകുമാരി അദ്ധ്യക്ഷത വഹിച്ചു.
വൈസ് പ്രിസിഡണ്ട് ടി കെ നാരായണദാസാണ് ബജറ്റ് അവതരിപ്പിച്ചു. 114.5 കോടി രൂപയുടെ വരവും 115 കോടി രൂപയുടെ ചെലവും കാണിക്കുന്ന ബജറ്റില്‍ 55 ലക്ഷം രൂപയാണ് നീക്കിയിരുപ്പ് പ്രതീക്ഷിക്കുന്നത്.ബാലസൗഹൃദ ജില്ലയാക്കുന്നതിന്റെ ഭാഗമായി വികസന പദ്ധതിയുടെ അഞ്ച് ശതമാനം കുട്ടികളുടെ ക്ഷേമപദ്ധതികള്‍ക്ക് നീക്കി വെക്കും. ഇതിന്റെ ഭാഗമായി 88 പഞ്ചായത്തുകളില്‍ ബാലകലാശാലകള്‍, പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ പാര്‍ക്ക്, എന്നിവ നടപ്പിലാക്കും. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ സ്‌കൂള്‍ ജാഗ്രതാ സമിതികള്‍ ആരംഭിക്കും. മാനസിക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക സ്‌കോളര്‍ഷിപ്പുകള്‍ അനുവദിക്കും. മുതിര്‍ന്ന അംഗപരിമിതര്‍ക്ക് മുച്ചക്ര വാഹനം, തൊഴില്‍ പരിശീലനം, ബാങ്ക് ലിങ്ക്ഡ് സംരംഭങ്ങള്‍ തുടങ്ങുന്നതിനു സഹായം എന്നിവയ്ക്കായി പ്രത്യേകം ഫണ്ട് നീക്കിവെച്ചിട്ടുണ്ട്. സമൃദ്ധി പദ്ധതി, മിനി ജല സേചനപദ്ധതികള്‍ ചെക്ക്ഡാം എന്നിവയ്ക്കായി കൂടുതല്‍ ഫണ്ട് കണ്ടെത്തിയിരിക്കുന്നു. ഹരിതസേനകള്‍ ശക്തിപ്പെടുത്തുന്നതിനും ആദിവാസി കൃഷി പ്രോല്‍സാഹന പദ്ധതിക്കും പ്രത്യേകം തുക നീക്കിവെച്ചിട്ടുണ്ട്.
ജൈവപച്ചക്കറി കൃഷി പ്രോല്‍സാഹനത്തിനായി കുടംബശ്രീ എസ്എച്ച്ജിപദ്ധതികള്‍ വഴി സഹായം നല്‍കും. ജില്ലാ പഞ്ചായത്തിനു കീഴിലുള്ള അഞ്ച് ഫാമുകള്‍ ആധുനികവല്‍ക്കരിക്കും. നാടന്‍ വിഭവങ്ങളായ ചക്ക, മാങ്ങ എന്നിവയുടെ സംസ്‌ക്കരണത്തിന് പ്രത്യേക പാക്കേജുകളുമുണ്ട്.
ഊര്‍ജ്ജോല്‍പാദന മേഖലയില്‍ മിനി ജലവൈദ്യുത പദ്ധതികള്‍ സ്ഥാപിക്കുകയും മീന്‍ വല്ലം പദ്ധതിയുടെ മാതൃകയില്‍ പാലക്കുഴി, കൂടം, പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യും. ഒരു ബ്ലോക്കില്‍ ഒരു ഹൈസ്‌കൂള്‍ സോളാര്‍ പാന—ലില്‍ പ്രവര്‍ത്തിക്കുന്നതിന് പ്രത്യേക തുകയും മാറ്റിവെച്ചു. എല്ലാ വിദ്യാലയങ്ങളിലും ബയോഗ്യാസ് പ്ലാന്റ്, മാലിന്യത്തില്‍ നിന്നും വൈദ്യുതി എന്നീ പദ്ധതികളാവിഷ്‌ക്കരിക്കും. ജില്ലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് വാട്ടര്‍ ജലസംരക്ഷണവും റീചാര്‍ജ്ജിങ്ങും നിര്‍ബന്ധമാക്കും. ഗായത്രി പുഴ-തൂതപുഴ നീര്‍ത്തട പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കും. ചടങ്ങില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിനുമോള്‍, ജില്ലാപഞ്ചായത്ത് അംഗങ്ങള്‍, സെക്രട്ടറി ടി.എസ് മജീദ് സംബന്ധിച്ചു.
Next Story

RELATED STORIES

Share it