ഛോട്ടാ രാജനെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത് വൈകും

ബാലി/മുംബൈ/ന്യൂഡല്‍ഹി: ഇന്തോനീസ്യയിലെ ബാലിയില്‍ പിടിയിലായ അധോലോക നേതാവ് ഛോട്ടാ രാജനെ ഇന്ത്യയിലേക്കു കൊണ്ടുവരുന്നത് വൈകാന്‍ സാധ്യത. അഗ്നിപര്‍വത സ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ പുകമൂലം ബാലി വിമാനത്താവളം അടച്ചതിനെത്തുടര്‍ന്നാണു രാജനെ കൊണ്ടുവരുന്നതു വൈകുന്നത്. പ്രത്യേക വിമാനത്തില്‍ ബുധനാഴ്ച രാജനെ കൊണ്ടുവരാനായിരുന്നു തീരുമാനിച്ചിരുന്നത്. ബാലിയിലെ എന്‍ ഗുരാഹറായ് അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത ദ്വീപിലെ മൗണ്ട് റിഞ്ചാനി അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതിനാല്‍ ചൊവ്വാഴ്ച രാത്രി മുതലാണു വിമാനത്താവളം അടച്ചിട്ടുള്ളത്. വിമാനത്താവളമാകെ പുക മൂടിക്കിടക്കുകയാണ്.
ഛോട്ടാരാജനെ ഇന്ത്യയിലെത്തിക്കാന്‍ ഇന്ത്യന്‍ പോലിസ് സംഘം ഞായറാഴ്ച തന്നെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. ആസ്‌ത്രേലിയയില്‍ നിന്നെത്തിയ രാജന്‍ കഴിഞ്ഞമാസം 25നാണ് ബാലിയില്‍ പിടിയിലായത്.
വിമാനത്താവളം തുറന്നാലുടനെ രാജനെ ഇന്ത്യയിലെത്തിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. രാജനെ ഡല്‍ഹിയിലെത്തിച്ച് ഏതാനും ദിവസം സിബിഐയുടെ കസ്റ്റഡിയില്‍ വയ്ക്കും. അതിനു ശേഷമായിരിക്കും മുംബൈ പോലിസിന് കൈമാറുകയെന്ന് അധികൃതര്‍ അറിയിച്ചു. സിബിഐ കേന്ദ്രത്തില്‍ വന്‍ സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സിബിഐ, ഡല്‍ഹി മുംബൈ പോലിസധികാരികള്‍ എന്നിവരുടെ യോഗത്തിലാണു രാജനെ ഡല്‍ഹിയിലെത്തിക്കാന്‍ തീരുമാനിച്ചത്. രാജനെ മുംബൈക്കാണു കൊണ്ടുവരുന്നതെന്നു കരുതി മുംബൈ സെന്‍ട്രല്‍ ജയില്‍ പരിസരത്തും സുരക്ഷാ സംവിധാനം ശക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it