ഛത്തീസ്ഗഡ് സര്‍ക്കാരിനെതിരെയും വെളിപ്പെടുത്തല്‍ ന്യൂഡല്‍ഹി: കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത്

ന്യൂഡല്‍ഹി:പ്രതിരോധമന്ത്രാലയവും ഇറ്റാലിയന്‍ കമ്പനിയായ അഗസ്ത വെസ്റ്റ്‌ലാന്റും തമ്മില്‍ നടത്തിയ ഹെലികോപ്റ്റര്‍ ഇടപാടിലെ സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട വിവാദം നിലനില്‍ക്കവെ ഇതേ കമ്പനിയുമായി ബന്ധപ്പെട്ട പുതിയ ആരോപണം പുറത്ത്.
ഛത്തീസ്ഗഡിലെ ബിജെപി മുഖ്യമന്ത്രി രമണ്‍ സിങ് അടക്കമുള്ളവര്‍ക്കെതിരെയാണു പുതിയ ആരോപണം. ഡല്‍ഹിയിലെ ബദല്‍ രാഷ്ട്രീയ പ്രസ്ഥാനമായ സ്വരാജ് അഭിയാന്‍ നേതാക്കളായ പ്രശാന്ത് ഭൂഷണ്‍, യോഗേന്ദ്ര യാദവ് തുടങ്ങിയവരാണു ഡല്‍ഹിയില്‍ ഇന്നലെ ഇതുസംബന്ധിച്ച രേഖകള്‍ പുറത്തുവിട്ടത്.
2006 ഡിസംബര്‍ 19ന് ഛത്തീസ്ഗഡ് വ്യോമയാന വകുപ്പ് പുതിയ ഹെലികോപ്റ്റര്‍ വാങ്ങാനുള്ള നിര്‍ദേശം വച്ചു. ദിവസങ്ങള്‍ക്കകം തന്നെ അഗസ്ത 109 ഹെലികോപ്റ്റര്‍ 6.31 മില്യന്‍ ഡോളറിന് ലഭ്യമാക്കാമെന്നറിയിച്ചു. ഹെലികോപ്റ്റര്‍ നേരിട്ടു വാങ്ങിക്കണമെങ്കില്‍ രണ്ടു വര്‍ഷം കാത്തിരിക്കണമെന്നും അതിനാല്‍ ഹോങ്കോങ് ആസ്ഥാനമായ ഷാര്‍പ് ഒാഷ്യന്‍ കമ്പനി മുഖേന വാങ്ങാമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. എന്നാല്‍ കമ്മീഷന്‍ സംബന്ധിച്ച് ഷാര്‍പ് ഒാഷ്യന്‍ വിട്ടുവീഴ്ചയ്ക്കു തയ്യാറല്ലാത്തതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ഗ്ലോബല്‍ ടെന്‍ഡര്‍ വിളിച്ചു. ഇതു പ്രഹസനമായിരുന്നുവെന്നാണ് ആരോപണം.
2007 മെയ് 30ന് അഗസ്ത 109 പവര്‍ ഇ ഹെലികോപ്റ്റര്‍ വാങ്ങിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഗ്ലോബല്‍ ടെന്‍ഡര്‍ പുറപ്പെടുവിച്ചു. എന്നാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കമ്പനികളെ ടെന്‍ഡറിന്റെ ഭാഗമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നില്ല. ഏതാനും പ്രത്യേക ചിലരെ ലക്ഷ്യമിട്ടുകൊണ്ടായിരുന്നു ഈ ടെന്‍ഡര്‍. മൂന്നു സംഘമാണ് ടെന്‍ഡറിനോടു പ്രതികരിച്ചത്. അഗസ്ത വെസ്റ്റ്‌ലാന്റ്, ഷാര്‍പ് ഒഷ്യന്‍, ഇന്ത്യയിലെ ബിസിനസ് പ്രതിനിധികള്‍ എന്നിവ. ഏറ്റവും കുറവ് തുകയ്ക്ക് ഹെലികോപ്റ്റര്‍ ലഭ്യമാക്കാമെന്ന് അറിയിച്ച ഷാര്‍പ് ഒഷ്യനുമായി സര്‍ക്കാര്‍ കരാറിലെത്തി. 6.57 മില്യന്‍ ഡോളറിനായിരുന്നു (ഏതാണ്ട് 26.11 കോടി രൂപ) കരാര്‍.
എന്നാല്‍ ഇതില്‍ 5.1 മില്യന്‍ ഡോളര്‍ ഹെലികോപ്റ്റര്‍ നിര്‍മാതാക്കളായ അഗസ്തയ്ക്കും ബാക്കി 1.57 മില്യന്‍ ഷാര്‍പ് ഒഷ്യന്റെ കമ്മീഷനും ആയിരുന്നു. പിന്നീട് 2007 ഡിസംബറില്‍ ഹെലികോപ്റ്റര്‍ സര്‍ക്കാരിനു ലഭ്യമാക്കുമെന്നതരത്തില്‍ ആവര്‍ഷം ഒക്ടോബറില്‍ കരാര്‍ ആയി.ചുരുക്കത്തില്‍ ഹെലികോപ്റ്ററിനു വേണ്ടി ചെലവഴിച്ചതില്‍ 30 ശതമാനവും പോയത് കമ്മീഷന്‍ വകയിലായിരുന്നു. കൂടാതെ 1.3 മുതല്‍ 2.6 മില്യന്‍ ഡോളര്‍ വരെയുള്ള തുകയ്ക്ക് മറ്റു കമ്പനികളില്‍ നിന്നു സമാന ഹെലികോപ്റ്ററുകള്‍ ലഭ്യമാവുമെന്നിരിക്കെയാണ് ഇത്രയും തുക സര്‍ക്കാര്‍ ചെലവഴിച്ചത്.
കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ 2011ലെ റിപോര്‍ട്ടില്‍ പ്രസ്തുത ഹെലികോപ്റ്റര്‍ കരാറുമായി ബന്ധപ്പെട്ട് അനാവശ്യമായി തുക ചെലവഴിച്ചതിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ടെന്ന് ഇന്നലെ സ്വരാജ് അഭിയാന്‍ നേതാക്കള്‍ പറഞ്ഞു.
ഷാര്‍പ് ഒഷ്യനുമായി കരാര്‍ ഇടപാട് നടക്കുന്ന അതേ കാലയളവില്‍ത്തന്നെ ഛത്തീസ്ഡഗ് മുഖ്യമന്ത്രി രമണ്‍ സിങിന്റെ മകന്‍ അഭിഷേക് സിങിന് ബ്രിട്ടിഷ് വിര്‍ജിന്‍ ഐലന്റിലെ മറ്റൊരു കമ്പനിയുമായി ഉണ്ടാക്കിയ ബന്ധവും സംശയകരമാണെന്നും നേതാക്കള്‍ ഇന്നലെ പറഞ്ഞു. അഗസ്ത വെസ്റ്റ്‌ലാന്റ് വിഷയത്തില്‍ കഴിഞ്ഞ യുപിഎ സര്‍ക്കാരിനെ പ്രതിസ്ഥാനത്തു നിര്‍ത്തുമ്പോള്‍ തന്നെ അതേ കമ്പനിയുമായി ബിജെപിയുടെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ നടത്തിയ അവിശുദ്ധ കച്ചവടം അന്വേഷിക്കണമെന്നു നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it