Districts

ചെയര്‍മാന്‍- മേയര്‍ തിരഞ്ഞെടുപ്പ് നാളെ; പ്രസിഡന്റ് തിരഞ്ഞെടുപ്പ് 19ന്

തിരുവനന്തപുരം: മുനിസിപ്പല്‍ ചെയര്‍മാന്‍, കോര്‍പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പ് നാളെ രാവിലെ 11നും വൈസ് ചെയര്‍മാന്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പ് ഉച്ചക്ക് രണ്ടിനും നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 19നു രാവിലെ 11നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഉച്ചക്ക് രണ്ടിനും നടക്കും.തിരഞ്ഞെടുപ്പ് ഓപണ്‍ ബാലറ്റ് മുഖേനയായിരിക്കും. വോട്ട് രേഖപ്പെടുത്തുന്ന അംഗം ബാലറ്റ് പേപ്പറിന്റെ പിറകുവശത്ത് പേരും ഒപ്പും രേഖപ്പെടുത്തണം. ഏതെങ്കിലും സ്ഥാനത്തേയ്ക്ക് ഒരാള്‍ മാത്രമേ മല്‍സരിക്കുന്നുള്ളൂവെങ്കില്‍ വോട്ടെടുപ്പ് നടത്താതെ അയാള്‍ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പിനായുള്ള യോഗത്തിന്റെ ക്വാറം ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിലെ അംഗങ്ങളുടെ പകുതിയെങ്കിലും ആയിരിക്കും. ക്വാറം തികയാത്ത പക്ഷം യോഗം അടുത്ത പ്രവൃത്തി ദിവസത്തേക്ക് മാറ്റിവയ്ക്കും. അപ്രകാരം മാറ്റിവച്ച ദിവസം അതേ സ്ഥലത്തും സമയത്തും കൂടുന്ന യോഗത്തില്‍ ക്വാറം നോക്കാതെ തന്നെ തിരഞ്ഞെടുപ്പ് നടത്താവുന്നതാണ്.  സ്ഥാനാര്‍ഥിയെ ഒരാള്‍ നാമനിര്‍ദേശം ചെയ്യേണ്ടതും മറ്റൊരാള്‍ പിന്താങ്ങേണ്ടതുമാണ്.  ഒരാള്‍ ഒന്നില്‍ കൂടുതല്‍ പേരുകള്‍ നിര്‍ദേശിക്കുവാനോ ഒന്നിലധികം ആളുകളെ പിന്താങ്ങുവാനോ പാടില്ല. സ്ത്രീകള്‍ക്കും പട്ടികജാതി/വര്‍ഗ വിഭാഗങ്ങള്‍ക്കും ആ വിഭാഗത്തിലെ സ്ത്രീകള്‍ക്കും സംവരണം ചെയ്തിട്ടുള്ള സ്ഥാനങ്ങളില്‍ മല്‍സരിക്കുന്ന ഒരംഗത്തെ മറ്റൊരു അംഗം സ്ഥാനാര്‍ഥിയായി നാമനിര്‍ദേശം ചെയ്യുകയോ പിന്തുണക്കുകയോ ചെയ്യേണ്ടതില്ല.രണ്ടു സ്ഥാനാര്‍ഥികള്‍ മാത്രം മല്‍സരിക്കുമ്പോള്‍ കൂടുതല്‍ സാധുവായ വോട്ടുകള്‍ നേടിയ ആള്‍ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കും. തുല്യ വോട്ടുകളാണ് രണ്ടു സ്ഥാനാര്‍ഥികള്‍ക്കും ലഭിക്കുന്നതെങ്കില്‍ നറുക്കെടുപ്പു നടത്തും. രണ്ടിലധികം സ്ഥാനാര്‍ഥികള്‍ ഉള്ളപ്പോള്‍ ഒരു സ്ഥാനാര്‍ഥിക്ക് മറ്റെല്ലാ സ്ഥാനാര്‍ഥികള്‍ക്കും കൂടി കിട്ടിയ മൊത്തം വോട്ടിനെക്കാള്‍ കൂടുതല്‍ വോട്ട് ലഭിക്കുന്ന പക്ഷം അയാള്‍ തിരഞ്ഞെടുക്കപ്പെടും.  മല്‍സരിക്കുന്ന സ്ഥാനാര്‍ഥികള്‍ രണ്ടിലധികം ഉണ്ടായിരിക്കുകയും ആദ്യത്തെ വോട്ടെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിക്കും മറ്റെല്ലാ സ്ഥാനാര്‍ഥികള്‍ക്കും കൂടി കിട്ടിയ മൊത്തം വോട്ടിനെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ലഭിക്കാതിരിക്കുകയും ചെയ്യുന്ന പക്ഷം, ഏറ്റവും കുറച്ചു വോട്ടുകള്‍ ലഭിച്ച സ്ഥാനാര്‍ഥിയെ തിരഞ്ഞെടുപ്പില്‍ നിന്നും ഒഴിവാക്കേണ്ടതാണ്. ഒരു സ്ഥാനാര്‍ഥിക്ക് മറ്റെല്ലാ സ്ഥാനാര്‍ഥികള്‍ക്കും ലഭിക്കുന്ന മൊത്തം വോട്ടിനേക്കാള്‍ അധികം വോട്ട് ലഭിക്കുന്നതുവരെ ഈ പ്രക്രിയ തുടരണം. എന്നാല്‍ മൂന്നോ അതിലധികമോ സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുകയും അതില്‍ രണ്ടോ അതിലധികമോ സ്ഥാനാര്‍ഥികള്‍ക്ക് തുല്യവോട്ട് ലഭിക്കുകയും ചെയ്യുന്നപക്ഷം നറുക്കെടുപ്പ് നടത്തി ലഭിക്കുന്ന പേര് ഒഴിവാക്കേണ്ടതാണ്. അതുപോലെ മൂന്നോ അതിലധികമോ സ്ഥാനാര്‍ഥികള്‍ക്ക് തുല്യവോട്ട് ലഭിക്കുന്ന പക്ഷം ഇതേ രീതിയില്‍ ഒരാളെ നറുക്കെടുപ്പിലൂടെ ഒഴിവാക്കി വോട്ടെടുപ്പ് തുടരണം. ഒന്നിലധികം ഘട്ടങ്ങളിലായി വോട്ടെടുപ്പ് വേണ്ടി വരുമ്പോള്‍ ഓരോഘട്ടം വോട്ടെടുപ്പിലും വ്യത്യസ്ത നിറത്തിലുള്ള ബാലറ്റു പേപ്പറുകള്‍ ഉപയോഗിക്കണം.    തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ മേയര്‍, ചെയര്‍മാന്‍, പ്രസിഡന്റ് എന്നിവര്‍ വരണാധികാരി മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യേണ്ടതാണ്. ഡെപ്യൂട്ടി മേയര്‍, മേയര്‍ മുമ്പാകെയും വൈസ് ചെയര്‍മാന്‍ ചെയര്‍മാന്‍ മുമ്പാകെയും, വൈസ് പ്രസിഡന്റ് പ്രസിഡന്റ് മുമ്പാകെയും സത്യപ്രതിജ്ഞ ചെയ്യും. തിരഞ്ഞെടുപ്പ് പൂര്‍ത്തിയായ ഉടന്‍ വരണാധികാരി  റിപോര്‍ട്ട് തിരഞ്ഞെടുപ്പ് കമ്മീഷനും സര്‍ക്കാരിനും ബന്ധപ്പെട്ട സ്ഥാപനത്തിലെ സെക്രട്ടറിക്കും നല്‍കണം.
Next Story

RELATED STORIES

Share it