ചെങ്കടലിലെ രണ്ടു ദ്വീപുകള്‍ ഈജിപ്ത് സൗദിക്ക് നല്‍കുന്നു

കെയ്‌റോ: ചെങ്കടലിലെ രണ്ട് ദ്വീപുകള്‍ സൗദി അറേബ്യക്കു നല്‍കുമെന്ന് ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ അറിയിച്ചു. തിറാന്‍, സനാഫിര്‍ എന്നീ ദ്വീപുകള്‍ സൗദിയുടെ സമുദ്രാതിര്‍ത്തിയില്‍ വരുന്നതാണെന്ന് പരിശോധനയില്‍ തെളിഞ്ഞതായും അതിനാല്‍ ദ്വീപ് വിട്ടുനല്‍കുന്നതായും സര്‍ക്കാര്‍ വ്യക്തമാക്കി.
അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായി ഈജിപ്തിലെത്തിയ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് നിരവധി കരാറുകളിലാണ് ഈജിപ്തുമായി ഒപ്പുവച്ചത്. ചെങ്കടലില്‍ ഇരുരാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന പാലം നിര്‍മിക്കാന്‍ നേരത്തേ ധാരണയിലെത്തിയിരുന്നു. ഞായറാഴ്ച സല്‍മാന്‍ രാജാവ് ഈജിപ്ഷ്യന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു. ഈജിപ്തില്‍ അബ്ദുല്‍ ഫത്താഫ് അല്‍സീസി പ്രസിഡന്റായി സ്ഥാനമേറ്റശേഷം ശക്തമായ നയതന്ത്ര, സാമ്പത്തിക പിന്തുണയാണ് രാജ്യത്തിന് സൗദി നല്‍കി വരുന്നത്.
സര്‍ക്കാറിന്റെ പ്രഖ്യാപനത്തിനെതിരേ ഈജിപ്ഷ്യന്‍ പൗരന്മാരും പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തു വന്നിട്ടുണ്ട്. ആറു വര്‍ഷത്തിലധികമായി ദ്വീപുകളുടെ വിഷയത്തില്‍ ഇരുരാജ്യങ്ങളിലേയും വിദഗ്ധര്‍ ചര്‍ച്ച നടത്തിവരികയാണ്. ഇതിനോടകം 11 തവണ ചര്‍ച്ച നടന്നതായി അസോസിയേറ്റഡ് പ്രസ് റിപോര്‍ട്ട് ചെയ്തു. സാമൂഹിക മാധ്യമങ്ങളില്‍ ഈജിപ്ത് നിലപാടിനെ കളിയാക്കിക്കൊണ്ട് നിരവധി പോസ്റ്റുകളാണ് പ്രത്യക്ഷപ്പെട്ടത്.
Next Story

RELATED STORIES

Share it