Kottayam Local

ചിറ്റാര്‍പുഴയില്‍ മാലിന്യ നിക്ഷേപം വര്‍ധിക്കുന്നു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ചിറ്റാര്‍പുഴയില്‍ മാലിന്യം നിക്ഷേപം വര്‍ധിക്കുന്നു. പേട്ടക്കവലയ്ക്ക് സമീപമുള്ള ഹോട്ടലുകളില്‍ നിന്നും മറ്റു ചെറുകിട കടകളില്‍ നിന്നും ചിറ്റാര്‍ പുഴയിലേക്ക് മാലിന്യം തള്ളുന്നതായാണ് നാട്ടുകാരുടെ പരാതി. ചിറ്റാര്‍പുഴ പരിസരത്ത് താമസിക്കുന്ന വീടുകളില്‍ നിന്നും അറവുശാലകളില്‍ നിന്നും മല്‍സ്യ വില്‍പ്പന ശാലകളില്‍നിന്നും മാലിന്യം തള്ളുന്നതും പതിവായിരിക്കുകയാണ്.
പരിസ്ഥിതി പ്രവര്‍ത്തകര്‍ മുതല്‍ വിവിധ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരടക്കം നിരവധി തവണ അധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ചിറ്റാര്‍ പുഴയില്‍ വെള്ളം കുറഞ്ഞതോടെ മാലിന്യകൂമ്പാരങ്ങല്‍ കുന്നുകൂടി പലഭാഗങ്ങളിലുമായി കിടക്കുകയാണ്.
ദുര്‍ഗന്ധം മൂലം നാട്ടുകാര്‍ക്ക് പുഴയിലിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണ്. കഴിഞ്ഞ വര്‍ഷം ചിറ്റാര്‍ പുഴയില്‍ കുളിച്ചവര്‍ക്കും പുഴയുടെ പരിസരത്ത് താമസിക്കുന്നവര്‍ ക്കും ഡെങ്കിപ്പനി, വൈറല്‍ പനി, ചിക്കുന്‍ഗുനിയ, ത്വക്ക് രോഗങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ പിടിപെട്ടിരുന്നു. കഴിഞ്ഞ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി അഞ്ചുവര്‍ഷം കൊണ്ട് കാഞ്ഞിരപ്പള്ളിയിലെ ചിറ്റാര്‍പുഴ പൂര്‍ണമായി മാലിന്യ മുക്തമാക്കി സംരക്ഷിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ല.
കാഞ്ഞിരപ്പള്ളി കുരിശുങ്കല്‍ മുതല്‍ പേട്ടകവല ഒന്നാം മൈല്‍, ആനക്കല്ല് വരെയുള്ള ചിറ്റാര്‍ പുഴയോരത്ത് സ്ഥിതിചെയ്യുന്ന കടകളുടെയും വീടുകളുടെയും ഭാഗത്തു നിന്നു തള്ളുന്ന മാലിന്യം എടുത്തുകൊണ്ടുപോയി സംസ്‌കരിക്കാന്‍ നടപടി സ്വീകരിക്കാത്തതതാണ് അധികാരികളുടെ മൗനാനുവാദത്തോടെ മാലിന്യം തള്ളുന്നത് പതിവായിരിക്കുന്നത്.
ഇതിനെതിരെ കാഞ്ഞിരപ്പള്ളി താലൂക്ക് വികസന സമിതി ബന്ധപ്പെട്ട അധികാരികള്‍ക്ക് രേഖാമൂലം പരാതി നല്‍കിയിട്ട് വര്‍ഷങ്ങളായി.
Next Story

RELATED STORIES

Share it