ചികില്‍സ കിട്ടാതെ മരിക്കുന്ന തടവുകാരുടെ എണ്ണം വര്‍ധിക്കുന്നു

കെ പി ഒ റഹ്മത്തുല്ല

തൃശൂര്‍: സംസ്ഥാനത്തെ ജയിലുകളില്‍ മതിയായ ചികില്‍സ കിട്ടാതെ മരണപ്പെടുന്ന തടവുകാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ശരാശരി ഓരോ വര്‍ഷവും 35 തടവുകാര്‍ മരിക്കുന്നുവെന്നാണ് വിവരാവകാശ രേഖകള്‍ പറയുന്നത്. മരിക്കുന്നവരിലേറെയും ചെറുപ്പക്കാരും മധ്യവയസ്‌കരുമാണ്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടയില്‍ 600 തടവുകാര്‍ മരണപ്പെട്ടിട്ടുണ്ട്. ജീവപര്യന്തം മുതല്‍ വിചാരണ തടവ് അനുഭവിക്കുന്നവര്‍ വരെ ഈ പട്ടികയിലുണ്ട്. ശിക്ഷിക്കപ്പെട്ട് സെന്‍ട്രല്‍ ജയിലുകളില്‍ കഴിയുന്നവരാണ് മരണപ്പെട്ടവരില്‍ ഭൂരിപക്ഷവും. 20നും 50നും ഇടയില്‍ പ്രായമുള്ള 378 പേരാണ് 2000 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തില്‍ മരണപ്പെട്ടത്.

50നു മുകളില്‍ പ്രായമുള്ള 133 പേരും മരണപ്പെട്ടിട്ടുണ്ട്. തൃശൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നേര്‍വഴി മനുഷ്യാവകാശ സംരക്ഷണ സമിതി സെക്രട്ടറി ടി കെ നവീനചന്ദ്രന്‍ ശേഖരിച്ച വിവരാവകാശ രേഖയാണ് കേരളത്തിലെ തടവറകള്‍ മരണക്കെണിയാവുന്നതിന്റെ വിശദാംശങ്ങള്‍ പുറത്തു കൊണ്ടുവന്നിരിക്കുന്നത്. ജയിലുകളിലെ ഭൗതിക സൗകര്യങ്ങള്‍ വര്‍ധിക്കുമ്പോഴും മതിയായ ചികില്‍സ ലഭ്യമാവുന്നില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആഴ്ച്ചയിലൊരു ദിവസം ഡോക്ടര്‍മാര്‍ വന്ന് തടവുപുള്ളികളെ പരിശോധിക്കുന്നുണ്ടെങ്കിലും തുടര്‍ ചികില്‍സ ലഭ്യമാവുന്നില്ല. മെഡിക്കല്‍ കോളജുകളില്‍ തടവുപുള്ളികള്‍ക്കായി പ്രത്യേക വാര്‍ഡുകള്‍ ഇല്ലാത്തതും അകമ്പടിക്ക് വേണ്ടത്ര പോലിസുകാരെ ലഭിക്കാത്തതുമാണ് ചികില്‍സ നിഷേധിക്കപ്പെടാന്‍ കാരണം. വിയ്യൂര്‍ ജയിലില്‍ അഞ്ചു തടവുപുള്ളികള്‍ ചികില്‍സ ലഭിക്കാതെ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് വിവരാവകാശ നിയമപ്രകാരം രേഖകള്‍ തേടിയത്.

ജയിലില്‍ നിന്നു റഫര്‍ ചെയ്യുന്ന രോഗികള്‍ക്കാണ് അധികവും ചികില്‍സ നിഷേധിക്കപ്പെടുന്നത്. ജയിലുകളില്‍ തടവുപുള്ളികള്‍ കൂട്ടത്തോടെ മരണപ്പെടുന്നതിനെ കുറിച്ച് വിവിധ മനുഷ്യാവകാശ സംഘടനകള്‍ കേന്ദ്ര- സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകള്‍ക്ക് പരാതികള്‍ നല്‍കിയിട്ടുണ്ട്. തടവുകാര്‍ക്ക് വോട്ടവകാശം ലഭിക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും സംസ്ഥാനത്തെ വിവിധ മനുഷ്യാവകാശ സംഘടനകള്‍ ആരംഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ നിയമസഭയില്‍ ബില്ല് കൊണ്ടുവരുമെന്ന് തൃശൂരില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.
Next Story

RELATED STORIES

Share it