ചലച്ചിത്ര പ്രവര്‍ത്തകര്‍ സെന്‍സര്‍ ബോര്‍ഡ് ഓഫിസ് ഉപരോധിച്ചു

തിരുവനന്തപുരം: കഥകളി എന്ന സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകര്‍ തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിലുള്ള സെന്‍സര്‍ബോര്‍ഡ് ആസ്ഥാനം ഉപരോധിച്ചു.
സൈജോ കണ്ണനായ്ക്കല്‍ സംവിധാനം ചെയ്ത കഥകളി എന്ന സിനിമയുടെ ക്ലൈമാക്‌സിലെ നഗ്‌നതാ പ്രദര്‍ശനം ഒഴിവാക്കാതെ സര്‍ട്ടിഫിക്കറ്റ് തരാനാവില്ലെന്ന് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചുവെന്ന് ആരോപിച്ചായിരുന്നു ഫെഫ്കയുടെ ധര്‍ണ. സംവിധായകന്‍ കമല്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു.
കഥകളി സിനിമയ്ക്ക് അനുമതി നല്‍കാത്ത സെന്‍സര്‍ ബോര്‍ഡ് നടപടി ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള അധികാരപ്രയോഗമാണെന്ന് സംവിധായകനായ ബി ഉണ്ണികൃഷ്ണന്‍ ഉള്‍പ്പെടെയുള്ള ഫെഫ്ക ഭാരവാഹികള്‍ കുറ്റപ്പെടുത്തി. എന്നാല്‍, ഫെഫ്കയുടെയും സംവിധായകന്റെയും ആരോപണം സെന്‍സര്‍ ബോര്‍ഡ് റീജ്യനല്‍ ഓഫിസര്‍ ഡോ. പ്രതിഭ നിഷേധിച്ചു. പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നും അവര്‍ പറഞ്ഞു. കഥകളിയെ കുറിച്ചുള്ള സിനിമയാണ് സൈജോ കണ്ണനായ്ക്കല്‍ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ അവസാന ഭാഗങ്ങില്‍ കഥകളി വേഷവും ചമയവും ഉപേക്ഷിച്ച് കലാകാരന്‍ നടന്നുനീങ്ങുന്ന രംഗത്തില്‍ നഗ്‌നതയുണ്ടെന്ന് കാണിച്ചാണ് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കാതിരുന്നത്. ക്ലൈമാക്‌സ് പൂര്‍ണമായും നീക്കണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് നിലപാട്. ക്ലൈമാക്‌സ് ഒഴിവാക്കി സിനിമ പുറത്തിറക്കണമെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്ന് സൈജോ പറയുന്നു.
Next Story

RELATED STORIES

Share it