ചര്‍ച്ച അലസി; ജാട്ട് പ്രക്ഷോഭം പടരുന്നു

ചണ്ഡീഗഡ്: ജാട്ട് സംവരണ പ്രക്ഷോഭം അവസാനിപ്പിക്കാന്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ മുന്നോട്ടുവച്ച നിര്‍ദേശം സമരക്കാര്‍ തള്ളി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ സംവരണം വര്‍ധിപ്പിക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം.
ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ജാട്ട് പ്രക്ഷോഭം ഫരീദാബാദ്, കെയ്ത്താല്‍, കര്‍ണല്‍ എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു. ഇവിടങ്ങളില്‍ റെയില്‍വേ, റോഡ് ഗതാഗതം സ്തംഭിച്ചു. ഉപരോധത്തെ തുടര്‍ന്ന് നിരവധി റൂട്ടുകളില്‍ ഹരിയാന റോഡ്‌വേസ് ബസ് സര്‍വീസ് നിര്‍ത്തിവച്ചു. റോഹ്തക്-ജജ്ജാറാണ് പ്രക്ഷോഭത്തിന്റെ സിരാകേന്ദ്രം. റോഡ് ഉപരോധം മൂലം പാല്‍, പച്ചക്കറികള്‍, പഴങ്ങള്‍ തുടങ്ങിയവയുടെ വിതരണം തടസ്സപ്പെട്ടു. റോഹ്തകും സംസ്ഥാനത്തെ ഇതര ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ദേശീയപാത സമരക്കാര്‍ ഉപരോധിച്ചിരിക്കുകയാണ്. ദേശീയ തലസ്ഥാന മേഖലയുമായുള്ള ബന്ധവും ഇതോടെ വിച്ഛേദിക്കപ്പെട്ടു.
ആള്‍ ഇന്ത്യ ജാട്ട് ആക്ഷന്‍ സംഘര്‍ഷ സമിതിയാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രിയുടെ നിര്‍ദേശം നിയമവിരുദ്ധവും നടപ്പാക്കാനാവാത്തതുമാണെന്ന് പ്രക്ഷോഭ നേതാവ് വഷപാല്‍ മാലിക് പറഞ്ഞു. നിരവധി വര്‍ഷങ്ങളായി സമരം ചെയ്യുന്ന ജാട്ടുകളെ ഇനിയും വിഡ്ഡികളാക്കാനാവില്ല. ഇന്നത്തോടെ സമരം ഹരിയാനയിലുടനീളം വ്യാപിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇപ്പോള്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനമാണ് സംവരണം. അത് 20 ശതമാനമായി വര്‍ധിപ്പിക്കാമെന്നാണ് മുഖ്യമന്ത്രി വാഗ്ദാനം ചെയ്തത്. വാര്‍ഷിക വരുമാനത്തിന്റെ പരിധി 2.5 ലക്ഷത്തില്‍ നിന്ന് 6 ലക്ഷമാക്കി വര്‍ധിപ്പിക്കാമെന്നും ഖട്ടാര്‍ പറഞ്ഞു. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ പ്രക്ഷോഭകര്‍ തള്ളി. ജാട്ട് സമുദായത്തെ മറ്റ് പിന്നാക്ക വിഭാഗത്തില്‍പ്പെടുത്തി സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം നടപ്പാക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. പ്രക്ഷോഭത്തില്‍ അഭിഭാഷകരും വിദ്യാര്‍ഥികളും പങ്കെടുക്കുന്നുണ്ട്.
പ്രത്യേക പിന്നാക്ക വിഭാഗങ്ങള്‍ക്കുവേണ്ടിയുള്ള സംവരണം സംബന്ധിച്ച് പഠനം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറി ചെയര്‍മാനായി സര്‍ക്കാര്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. നടക്കാനിരിക്കുന്ന ബജറ്റ് സമ്മേളനത്തില്‍ റിപോര്‍ട്ട് സമര്‍പ്പിക്കും.
Next Story

RELATED STORIES

Share it