ചരക്ക് സേവന നികുതി ബില്ലില്‍ തര്‍ക്കം തുടരുന്നു

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ തന്നെ ചരക്ക് സേവന നികുതി (ജിഎസ്ടി) ബില്ല് പാസാക്കിയെടുക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമം ഭേദഗതി നിര്‍ദേശങ്ങളിലൂടെ തടസ്സപ്പെടുത്താനുള്ള നീക്കം കോണ്‍ഗ്രസ് ശക്തമാക്കി. കേന്ദ്രം നിര്‍ദേശിച്ച ഭേദഗതികള്‍ മൊത്തത്തില്‍ പൊളിച്ചെഴുതണമെന്ന നിലപാടാണ് കോണ്‍ഗ്രസ്സിന്. എന്നാല്‍, കോണ്‍ഗ്രസ്സിതര പാര്‍ട്ടികളെ ഒരുമിച്ചുനിര്‍ത്തി നടപ്പു സമ്മേളനത്തില്‍ തന്നെ ബില്ല് പാസാക്കാനുള്ള തന്ത്രങ്ങളാണ് ബിജെപി മെനയുന്നത്.
ജിഎസ്ടി ബില്ലില്‍ സമവായമുണ്ടാക്കാന്‍ രൂപം നല്‍കിയ സമിതിയുടെ അധ്യക്ഷനായ കേരള മുന്‍ ധനമന്ത്രി കെ എം മാണി മന്ത്രിസ്ഥാനം രാജിവച്ചശേഷം നടക്കുന്ന ആദ്യ പാര്‍ലമെന്റ് സമ്മേളനമാണിത്. സമിതി റിപോര്‍ട്ട് കൈമാറിയതിനാല്‍ തന്നെ മാണിയുടെ രാജി ഇക്കാര്യത്തില്‍ പ്രശ്‌നവുമാവില്ല. അതേസമയം, എന്തു സംഭവിച്ചാലും ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് കോണ്‍ഗ്രസ്സിന്റേത്. ഉല്‍പാദക സംസ്ഥാനങ്ങള്‍ക്ക് പ്രത്യേകം നികുതി ചുമത്താനുള്ള വ്യവസ്ഥയാണ് നിര്‍ദിഷ്ട ബില്ലിലുള്ളത്. എന്നാല്‍, ഇത് ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്കായി മാറ്റണമെന്നാണ് കോണ്‍ഗ്രസ്സിന്റെ ആവശ്യം. നികുതിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ ഒരു സമിതിയെ നിയമിക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. നിലവിലെ ബില്ല് പ്രകാരം സമിതിയിലെ കൂടുതല്‍ അംഗങ്ങളും കേന്ദ്രസര്‍ക്കാരിനെയാണ് പ്രതിനിധീകരിക്കുന്നത്. 75 ശതമാനം അംഗങ്ങള്‍ ചേര്‍ന്നാലേ സമിതിയുടെ യോഗം ചേരാനുള്ള അംഗബലം ഉണ്ടാവുകയുള്ളു. കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധികള്‍ ഉള്‍പ്പെടാതെ ഈ അംഗബലം സാധ്യമല്ല. എന്നാല്‍, ഈ വ്യവസ്ഥ മാറ്റി സംസ്ഥാനങ്ങള്‍ക്ക് കൗണ്‍സിലില്‍ ഭൂരിപക്ഷം നല്‍കുന്ന രീതിയിലേക്ക് മാറ്റണമെന്നാണ് കോണ്‍ഗ്രസ്സിന്റെ ആവശ്യം.
ചരക്ക് സേവന നികുതിയുടെ അടിസ്ഥാനത്തില്‍ ഇരുസംസ്ഥാനങ്ങള്‍ തമ്മില്‍ ഉണ്ടായേക്കാവുന്ന നികുതി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു പ്രത്യേക സമിതി രൂപീകരിക്കാനുള്ള തീരുമാനവും ബില്ലിലുണ്ട്. ഈ സമിതിയുടെ അധ്യക്ഷന്‍ വിരമിച്ച ജഡ്ജി ആയിരിക്കണമെന്നും സമിതിക്ക് ജുഡീഷ്യല്‍ അധികാരം ഉണ്ടായിരിക്കണമെന്നുമാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. അതേസമയം, ഇത്തരമൊരു സാഹചര്യം നിയമനിര്‍മാണസഭയായ പാര്‍ലമെന്റിനെ മറികടക്കുന്ന തരത്തിലാവുമെന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകള്‍ക്കു വിരുദ്ധമായ ഇത്തരം വ്യവസ്ഥകള്‍ കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്നതിനാല്‍ നടപ്പുസമ്മേളനത്തില്‍ ഭേദഗതിയോടെ ബില്ല് സഭയില്‍ എത്തിയാലും പ്രതിപക്ഷം സഹകരിക്കാതിരുന്നാല്‍ രാജ്യസഭയില്‍ പാസാവില്ല.
Next Story

RELATED STORIES

Share it