ഗൊഗോയിയും ജയയും പുറത്തേക്ക്; മമതയെ തടയാനാവില്ല

ന്യൂഡല്‍ഹി: രാഷ്ട്രീയലോകം കൂട്ടിക്കിഴിച്ച് ആശ്വാസവും ആശങ്കയും പങ്കുവയ്ക്കുന്ന തിരക്കിലേക്കു തിരിയവെ കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്കു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിവിധ ഏജന്‍സികളുടെ എക്‌സിറ്റ് പോള്‍ ഫലം പുറത്തുവന്നു. അസമില്‍ തുടര്‍ച്ചയായ നാലാമൂഴത്തിനു ശ്രമിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയെ തറപറ്റിച്ച് ബിജെപി അധികാരത്തിലെത്തുമെന്നാണ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍, സിപിഎമ്മും കോണ്‍ഗ്രസ്സും ഒരുമിച്ചു ശ്രമിച്ചിട്ടും പശ്ചിമബംഗാളില്‍ മമത ബാനര്‍ജിയെ തറപറ്റിക്കാനാവില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് വിജയം നേടുമെന്നും ഫലങ്ങള്‍ സൂചിപ്പിക്കുന്നു.
കേരളത്തില്‍ ഇടതു മുന്നേറ്റമുണ്ടാവുമെന്നു പറയുന്ന സര്‍വേകള്‍ തമിഴകത്ത് ഡിഎംകെ അധികാരത്തിലെത്തുമെന്നു വ്യക്തമാക്കുന്നു. 294 അംഗ പശ്ചിമബംഗാള്‍ നിയമസഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 178 സീറ്റ് നേടുമെന്നാണ് എബിപി അനന്തയുടെ പ്രവചനം. ഇക്കഴിഞ്ഞ സഭയില്‍ തൃണമൂലിന് 184 അംഗങ്ങളുണ്ടായിരുന്നു. ഇടത്- കോണ്‍ഗ്രസ് സഖ്യത്തിന് 110 സീറ്റ് ലഭിക്കുമ്പോള്‍ ബിജെപി ഒരു സീറ്റിലൊതുങ്ങും. സി വോട്ടര്‍ പ്രവചിക്കുന്നത് തൃണമൂലിന് 167 സീറ്റ് കിട്ടുമെന്നാണ്. ഇടത്- കോണ്‍ഗ്രസ് സഖ്യത്തിന് 120ഉം ബിജെപിക്ക് നാലും സീറ്റിനു സാധ്യതയുണ്ട്. ആക്‌സിസ്-മൈ ഇന്ത്യ, എന്‍ഡിടിവി എന്നിവയുടെ സര്‍വേയും മമതയ്ക്കനുകൂലമാണ്.
126 സീറ്റുള്ള അസം നിയമസഭയില്‍ ബിജെപിക്ക് 93 അംഗങ്ങളുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് ആക്‌സിസ്-മൈ ഇന്ത്യയുടെ പ്രവചനം. കോണ്‍ഗ്രസ്സിന് ഏറിയാല്‍ 33 സീറ്റ് മാത്രമേ കിട്ടുകയുള്ളൂ. ബദറുദ്ദീന്‍ അജ്മലിന്റെ എഐയുഡിഎഫിന് 10 സീറ്റ് വരെ ലഭിച്ചേക്കും. എബിപി, ന്യൂ നേഷന്‍, ടുഡെ ചാണക്യ തുടങ്ങിയ ഏജന്‍സികളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങളും അസമില്‍ ബിജെപി അധികാരത്തിലെത്തുമെന്നാണ്.
തമിഴ്‌നാട്ടില്‍ ജയലളിതയുടെ അണ്ണാഡിഎംകെക്ക് അധികാരം നഷ്ടമാവുമെന്നാണു നിഗമനം. ന്യൂസ് നേഷന്റെ സര്‍വേ പ്രകാരം അണ്ണാഡിഎംകെക്ക് 99 സീറ്റ് വരെ ലഭിക്കാം. കരുണാനിധിയുടെ ഡിഎംകെ 118 സീറ്റിലും വിജയകാന്തിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയ ജനക്ഷേമ മുന്നണി 16 സിറ്റിലും ജയിക്കും. ആക്‌സിസ്-മൈ ഇന്ത്യയുടെ സര്‍വേ പ്രകാരം ഡിഎംകെക്ക് 140 സീറ്റ് വരെ കിട്ടും. അണ്ണാഡിഎംകെക്ക് 101 സീറ്റിനും സാധ്യതയുണ്ട്. ചില സര്‍വേകളില്‍ ഡിഎംകെയും അണ്ണാഡിഎംകെയും ഒപ്പത്തിനൊപ്പമാണ്. പുതുച്ചേരിയില്‍ 30 അംഗ സഭയില്‍ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തിന് 14 സീറ്റ് വരെ കിട്ടും. ഭരണകക്ഷിയായ എഐഎന്‍ആര്‍സിക്ക് 9 സീറ്റ് മാത്രമേ കിട്ടാനിടയുള്ളൂ. അണ്ണാഡിഎംകെക്ക് 5 സീറ്റിനു സാധ്യതയുണ്ട്. ബിജെപി പൂജ്യമായിരിക്കുമെന്നും സര്‍വേകള്‍ വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it