ഗുഢാലോചന നടത്തിയത് ഉമ്മന്‍ചാണ്ടി: ജോര്‍ജ്

കോട്ടയം: മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കമുള്ളവരുടെ സരിതയോടൊത്തുള്ള ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് സോളാര്‍ കമ്മീഷന്‍ മുമ്പാകെ ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കിയത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയെ തുടര്‍ന്നാണെന്ന് വ്യക്തമാവുന്നതായി കേരളാ കോണ്‍ഗ്രസ് (സെക്യുലര്‍) നേതാവ് പി സി ജോര്‍ജ്. സാംസ്‌കാരിക വേദി സെക്യുലര്‍ സംസ്ഥാന കമ്മിറ്റി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സരിതയോടൊത്തുള്ള ദൃശ്യങ്ങള്‍ ബിജു രാധാകൃഷ്ണന് ഹാജരാക്കാന്‍ കഴിയാതെവരുമ്പോള്‍ തനിക്കെതിരെ ഉയരുന്ന മുഴുവന്‍ ആരോപണങ്ങളും ഇതുപോലെയാണെന്ന് പറഞ്ഞ് രംഗത്തുവരാനാണ് ഉമ്മന്‍ചാണ്ടിയുടെ പദ്ധതി. ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദേശാനുസരണം ഒരു വന്‍കിട ഫഌറ്റ് നിര്‍മാതാവും സംസ്ഥാന പോലിസിലെ ഒരു ഉന്നതനും ഇടനില നിന്ന് ജയില്‍ സൂപ്രണ്ടിനെ ഉപയോഗിച്ചാണ് ബിജു രാധാകൃഷ്ണനെ കൊണ്ട് മൊഴി നല്‍കിച്ചത്.
കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ ക്രമവിരുദ്ധമായ ഇളവുകള്‍ നല്‍കിയതിന് പ്രത്യുപകാരമായി വന്‍കിട ഫഌറ്റ് മാഫിയയാണ് ഗുഢാലോചനയില്‍ പങ്കാളിയായത്. ഫഌറ്റ് നിര്‍മാതാവ് മുഖേന ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന മൊഴി നല്‍കുന്നതിന് ബിജുരാധാകൃഷ്ണന്‍ ആവശ്യപ്പെട്ട വന്‍തുക കൊടുത്തു.
ബിജു രാധാകൃഷ്ണനും ജയില്‍ സൂപ്രണ്ടുമായി സംസാരിച്ചത് സോളാര്‍ കമ്മീഷന് മുമ്പാകെ ബിജു മൊഴി കൊടുക്കുന്നതിന് ഒരു ദിവസം മുമ്പാണ്. ഇതേകുറിച്ച് അന്വേഷിക്കുമെന്ന് പരസ്യമായി പ്രതികരിച്ച ജയില്‍ ഡിജിപി ലോകനാഥ് ബഹ്‌റയെ മണിക്കൂറുകള്‍ക്കുള്ളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ബന്ധ പ്രകാരം സ്ഥാനത്തു നിന്നു നീക്കിയത് സത്യം പുറത്തുവരുമെന്ന് ഭയന്നിട്ടാണെന്നും പി സി ജോര്‍ജ് പറഞ്ഞു.
Next Story

RELATED STORIES

Share it