ernakulam local

ക്രിസ്മസ്: വിപണി ഒരുങ്ങി

നഹാസ് ആബിദ്ദീന്‍ നെട്ടൂര്‍

തൃപ്പൂണിത്തുറ: ക്രിസ്മസിനെ വരവേല്‍ക്കാന്‍ വിപണിയില്‍ ഉല്‍പന്നങ്ങള്‍ തയ്യാറായി. നക്ഷത്രങ്ങള്‍, ക്രിസ്മസ് പാപ്പയുടെ വസ്ത്രങ്ങള്‍, ക്രിസ്മസ് ട്രീ, വര്‍ണപ്പകിട്ടേകാന്‍ എല്‍ഇഡി നക്ഷത്രങ്ങള്‍, എല്‍ഇഡി ലൈറ്റുകള്‍, ക്രിസ്മസ് കാര്‍ഡുകള്‍, ബലൂണുകള്‍, കേക്കുകള്‍ എല്ലാം വിപണിയില്‍ തയ്യാറായി.
ദിവസങ്ങള്‍ മാത്രം ശേഷിക്കേ നഗരത്തിലെവിടെയും ക്രിസ്മസ് വരവ് അറിയിച്ചുള്ള കാഴ്ചകളാണ് കാണാന്‍ സാധിക്കുന്നത്. ക്രിസ്മസിന് ആവശ്യമായ എല്ലാ വിഭവങ്ങളും തന്നെ കടകളില്‍ വില്‍പനയ്ക്കായി നേരത്തേ തന്നെ എത്തിത്തുടങ്ങി. മൊത്തവ്യാപാര കേന്ദ്രങ്ങളില്‍ ഒരു വിധം നല്ല രീതിയില്‍ കച്ചവടം നടക്കുന്നതായി പറയുന്നു.
ചില്ലറ വില്‍പനക്കാര്‍ക്ക് കച്ചവടം ആരംഭിച്ചുവെങ്കിലും കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ സമയങ്ങളിലുണ്ടായ വില്‍പന ഇല്ലെന്നാണ് പറയുന്നത്. നക്ഷത്രങ്ങള്‍ക്ക് 60 രൂപ മുതല്‍ 800 രൂപ വരെയാണ് വില. തൊപ്പികളുടെ വില 40-100 വരെ. എല്‍ഇഡി നക്ഷത്രങ്ങള്‍ക്ക് 130 മുതല്‍ 400 രൂപ വരെയാണ് വിപണിയില്‍ വില. വലിപ്പമനുസരിച്ചും ഗുണനിലവാരവും അനുസരിച്ചാണ് വില വ്യത്യാസമുണ്ടാവുന്നത്. ക്രിസ്മസ് പാപ്പയുടെ വസ്ത്രങ്ങള്‍ക്ക് 100 രൂപ മുതലാണ് വില. ട്രീകള്‍ക്ക് 150 രൂപ മുതലും. കേക്കുകള്‍ക്ക് 80 മുതല്‍ 500 രൂപ വരെ വിലയുണ്ട്.
സാധാരണ ഡിസംബര്‍ മാസങ്ങളില്‍ മഴ ഉണ്ടാവാറില്ല. കാലം തെറ്റിപ്പെയ്യുന്ന മഴ കച്ചവടത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് വ്യാപാരികളുടെ കണ്ടെത്തല്‍. ഏതായാലും ക്രിസ്മസിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ കച്ചവടം നല്ല രീതിയില്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.
Next Story

RELATED STORIES

Share it