കോണ്‍ഗ്രസ്സിനെതിരായ വിവാദ പരാമര്‍ശം: സ്പീക്കര്‍ മാപ്പു പറഞ്ഞു

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ്സിനെതിരേ വിവാദ പരാമര്‍ശം നടത്തിയ സ്പീക്കര്‍ സുമിത്ര മഹാജന്‍ ഇന്നലെ സഭയില്‍ മാപ്പു പറഞ്ഞു. തന്റെ വാക്കുകള്‍ സഭാരേഖകളില്‍ നിന്നു നീക്കം ചെയ്യാമെന്നും ഉറപ്പു നല്‍കി. സ്പീക്കര്‍ തന്റെ പരാമര്‍ശത്തില്‍ മാപ്പു പറയുന്നതും സഭാരേഖകളില്‍ നിന്നു പരാമര്‍ശം നീക്കുന്നതും ലോക്‌സഭാ ചരിത്രത്തില്‍ അത്യപൂര്‍വമായ നടപടിയാണ്.
ഡിഡിസിഎ അഴിമതിയില്‍ ആരോപണം നേരിടുന്ന കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ചൊവ്വാഴ്ച നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചപ്പോഴാണ് കോണ്‍ഗ്രസ്സിനു ദേശീയതാല്‍പര്യമില്ലെന്നും സ്ഥാപിതതാല്‍പര്യം മാത്രമാണെന്നും സ്പീക്കര്‍ ആരോപിച്ചത്. സ്പീക്കറുടെ പരാമര്‍ശത്തിനെതിരേ കത്തു നല്‍കിയ കോണ്‍ഗ്രസ് സഭാരേഖകളില്‍ നിന്ന് ഇതു നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് സ്പീക്കര്‍ മാപ്പു പറയുകയും തന്റെ പരാമര്‍ശത്തിലെ സ്ഥാപിതതാല്‍പര്യം എന്ന ഭാഗം സഭാരേഖകളില്‍ നിന്നു നീക്കം ചെയ്യാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തത്.
ഇന്നലെ സഭ ചേര്‍ന്നയുടനെ വിഷയം ഉന്നയിക്കാന്‍ സ്പീക്കര്‍ കോണ്‍ഗ്രസ്സിന് അനുമതി നല്‍കി. തുടര്‍ന്ന് സ്പീക്കറുടെ പരാമര്‍ശം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് കക്ഷിനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ സംസാരിച്ചു. പരാമര്‍ശം അനുചിതമായെന്നും പാര്‍ട്ടിയെ വേദനിപ്പിച്ചെന്നും ഖാര്‍ഗെ വ്യക്തമാക്കി.
ശേഷം സംസാരിച്ച സ്പീക്കര്‍, കോണ്‍ഗ്രസ്സിലെ ചില കാര്യങ്ങള്‍ തന്നെ വേദനിപ്പിച്ചുവെന്നു വ്യക്തമാക്കി. കോണ്‍ഗ്രസ്സിന്റെ പ്രവൃത്തികള്‍ മറ്റുള്ളവരെ വേദനിപ്പിക്കുന്നുവെന്ന കാര്യം കൂടി ഓര്‍ത്താല്‍ നന്നായിരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
തുടര്‍ന്ന് ശീതകാല സമ്മേളനം കഴിഞ്ഞു ലോക്‌സഭ പിരിയുന്നതായി സ്പീക്കര്‍ പ്രഖ്യാപിച്ചു. 13 ബില്ലുകള്‍ പാസാക്കിയാണ് ഇന്നലെ ലോക്‌സഭ പിരിഞ്ഞത്.
Next Story

RELATED STORIES

Share it