കോടികളുടെ നികുതിവെട്ടിപ്പെന്ന് വാണിജ്യനികുതി വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ കച്ചവടസ്ഥാപനങ്ങള്‍ വില്‍പന വരുമാനത്തില്‍ കൃത്രിമം കാണിച്ചും ബില്ലുകളില്‍ തട്ടിപ്പു നടത്തിയും വെട്ടിക്കുന്നത് കോടികളുടെ നികുതി. വാണിജ്യനികുതി വകുപ്പ് ജനുവരി ആറിന് സംസ്ഥാനത്താകെ നടത്തിയ കടപരിശോധനയിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.
ഹാര്‍ഡ് വെയര്‍ ഉല്‍പന്നങ്ങള്‍, പ്ലൈവുഡ്, ഗ്ലാസ്, സിമന്റ്, സ്റ്റീല്‍- തടി ഫര്‍ണിച്ചര്‍, റെഡിമെയ്ഡ് ടെക്‌സ്‌റ്റൈല്‍സ്, ഇലക്ട്രിക്കല്‍- ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, ഗാര്‍ഹികോപകരണങ്ങള്‍, വാദ്യോപകരണങ്ങള്‍, കാര്‍ഷികോപകരണങ്ങള്‍ എന്നിവ വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ പ്രാഥമികകണക്കുകള്‍ പ്രകാരം 4.25 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത വിറ്റുവരവ്, സ്‌റ്റോക്കിലെ വ്യതിയാനം എന്നീ ക്രമക്കേടുകള്‍ കണ്ടെത്തി. ഉപഭോക്താക്കളില്‍നിന്ന് നികുതി ഈടാക്കുന്നുണ്ടെങ്കിലും ആ തുക പലപ്പോഴും സര്‍ക്കാരിലെത്താറില്ല.
കഴിഞ്ഞ ആഗസ്തില്‍ വകുപ്പു നടത്തിയ പരിശോധനകളില്‍ ഏകദേശം 1700 ലക്ഷം രൂപയുടെ കണക്കില്‍പ്പെടാത്ത വിറ്റുവരവു കണ്ടെത്തിയിരുന്നു. പരിശോധന നടത്തിയ എല്ലാ സ്ഥാപനത്തിലും നികുതിവെട്ടിപ്പു കണ്ടെത്തി. ടെക്‌സ്‌റ്റൈല്‍സ്, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഗാര്‍ഹികോപകരണങ്ങള്‍ തുടങ്ങിയ മേഖലകളിലാണു നികുതിവെട്ടിപ്പ് കൂടുതലായി നടക്കുന്നത്.
സുതാര്യമായ നികുതി നിര്‍വഹണത്തിന് പൊതുജന പങ്കാളിത്തം അത്യന്താപേക്ഷിതമാണെന്ന് വാണിജ്യനികുതി വകുപ്പ് അധികൃതര്‍ അറിയിച്ചു.ചെറുതും വലുതുമായ ബില്ലുകള്‍ ഫേസ്ബുക്ക് വഴിയോ (ളയ.രീാ/ുീേെയശഹഹവെലൃല) വാട്‌സ്ആപ്പ് (9495653456) വഴിയോ വകുപ്പുമായി പങ്കു വയ്ക്കണമെന്നും നിര്‍ദേശിച്ചു.
2015 ഡിസംബറിലെ മൂല്യവര്‍ധിത (കേരള വാറ്റ്) നികുതിപിരിവില്‍ കാര്യമായ കുറവ് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് വാണിജ്യനികുതി വകുപ്പിലെ ഡാറ്റാ മൈനിങ് സെല്‍ ഓണ്‍ലൈനില്‍ ലഭ്യമായ രേഖകള്‍ വിശദമായ പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മേഖലാ ഇന്റലിജന്‍സ് വിഭാഗം ഡെപ്യൂട്ടി കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ ഈമാസം ആറിന് 48 സ്ഥലങ്ങളില്‍ കടപരിശോധന നടത്തിയത്.
Next Story

RELATED STORIES

Share it