കൊല്ലം പരവൂരില്‍ വെടിക്കെട്ട് അപകടം; 106 മരണം

സുധീര്‍ കെ ചന്ദനത്തോപ്പ്

കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തിലെ ഉല്‍സവത്തിന്റെ ഭാഗമായി നടന്ന മല്‍സര വെട്ടിക്കെട്ടിനിടെ കമ്പപ്പുരയ്ക്ക് തീപ്പിടിച്ച് 106 പേര്‍ മരിച്ചു. 75 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. മരിച്ചവരില്‍ മൂന്ന് സ്ത്രീകളും ഒരു പോലിസുകാരനും ഉള്‍പ്പെടുന്നു. പരിക്കേറ്റ 383 പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്. ഇവരില്‍ പലരുടെയും നില അതീവ ഗുരുതരമായി തുടരുന്നു. ഇന്നലെ പുലര്‍ച്ചെ 3.15ഓടെയാണ് സംഭവം.
മീനഭരണി ഉല്‍സവത്തിന്റെ ഭാഗമായി നടന്ന വെടിക്കെട്ടിനിടെ സൂര്യകാന്തി വിഭാഗത്തില്‍പ്പെട്ട അമിട്ട് പൊട്ടിക്കുന്നതിനിടെയാണ് അപകടം. അമിട്ട് ആകാശത്തേക്കുയര്‍ന്നശേഷം പൊട്ടാതെ ക്ഷേത്രത്തിന് തെക്കുഭാഗത്തെ കമ്പപ്പുരയില്‍ പതിക്കുകയായിരുന്നു. പൊട്ടിക്കാനായി കമ്പപ്പുരയില്‍ സൂക്ഷിച്ചിരുന്ന അമിട്ടുകള്‍ നിമിഷംകൊണ്ട് അത്യുഗ്ര ശബ്ദത്തോടെ പൊട്ടിച്ചിതറി. ഇതോടെ പ്രദേശം അഗ്നിഗോളമായി. ഒന്നരകിലോമീറ്റര്‍ അകലെ വരെ സ്‌ഫോടനത്തിന്റെ പ്രകമ്പനമുണ്ടായി. ഇവിടങ്ങളിലെ 30ഓളം വീടുകള്‍ തകര്‍ന്നു.
സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ മൃതദേഹങ്ങള്‍ ഛിന്നഭിന്നമായി. അര്‍ധരാത്രി 12ന് ആരംഭിച്ച വെടിക്കെട്ട് അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കെയാണു ദുരന്തമുണ്ടായത്. സൂക്ഷിച്ചിരുന്ന 90 ശതമാനം അമിട്ടുകളും പൊട്ടിച്ചിതറി. പോലിസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 9, 22 വാര്‍ഡുകളും പ്രത്യേക ഓപറേഷന്‍ തിയേറ്ററും സജ്ജീകരിച്ചു. കൊല്ലം ജില്ലാ ആശുപത്രി, തിരുവനന്തപുരം മെഡിക്കല്‍ കോളജ്, മേവറം മെഡിസിറ്റി, തിരുവനന്തപുരം-കൊട്ടിയം കിംസ്, കൊട്ടിയം ഹോളിക്രോസ്, പാരിപ്പള്ളി ഇഎസ്‌ഐ മെഡിക്കല്‍ കോളജ്, മെഡിട്രീന, അയത്തില്‍ എന്‍എസ് തുടങ്ങിയ പത്തോളം ആശുപത്രികളിലാണു പരിക്കേറ്റവര്‍ കഴിയുന്നത്. രാവിലെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിച്ചു. ഒരേസമയം 10 മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനുള്ള സംവിധാനം ഒരുക്കിയിരുന്നു.
പോസ്റ്റ്‌മോര്‍ട്ടം നടത്തിയ 85 മൃതദേഹങ്ങളില്‍ 71 എണ്ണം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്കു വിധേയമാക്കും. മല്‍സര വെടിക്കെട്ട് നടത്തുന്നതിന് ജില്ലാ ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. പുലര്‍ച്ചെ മൂന്നോടെ പോലിസ് ഇടപെട്ട് വെടിക്കെട്ട് അവസാനിപ്പിക്കാന്‍ ഉല്‍സവകമ്മിറ്റി ഭാരവാഹികള്‍ക്കു നിര്‍ദേശം നല്‍കി. അവര്‍ കരാറുകാര്‍ക്ക് നിര്‍ദേശം കൈമാറുന്നതിനു തൊട്ടുമുമ്പാണ് അപകടമുണ്ടായത്. വെടിക്കെട്ടിന് കരാറെടുത്തവര്‍ക്കും ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ക്കും കേസെടുത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും സ്ഥലം സന്ദര്‍ശിച്ചു. കൊല്ലത്ത് അടിയന്തര മന്ത്രിസഭായോഗവും പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗവും ചേര്‍ന്നു. കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡ കൊല്ലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. ദക്ഷിണ നാവികസേനാ ആസ്ഥാനത്തുനിന്നുള്ള വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ സഹായം ലഭ്യമാക്കി.
ആറ് ഡോണിയര്‍ വിമാനങ്ങളും രണ്ടു ഹെലികോപ്റ്ററുകളും മൂന്ന് നാവിക കപ്പലുകളുമാണ് സേന വിട്ടുകൊടുത്തത്. മൂന്ന് ഡോക്ടര്‍മാരുള്‍പ്പെടെ ഒമ്പതംഗ സംഘം സംഘം കൊല്ലത്തെത്തി. അതേസമയം, വെടിക്കെട്ടപകടം സംബന്ധിച്ച് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ഹൈക്കോടതി റിട്ട. ജഡ്ജി എന്‍ കൃഷ്ണന്‍ നായരാണ് കമ്മീഷന്‍. ആറുമാസമാണ് കമ്മീഷന്റെ കാലാവധി. അന്വേഷണത്തിന്റെ ടേംസ് ഓഫ് റഫറന്‍സ് തയ്യാറാക്കാന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയെ ചുമതലപ്പെടുത്തി. ഇതോടൊപ്പം എഡിജിപി അനന്തകൃഷ്ണന്റെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ചും കേസന്വേഷിക്കും.
Next Story

RELATED STORIES

Share it