ernakulam local

കൊച്ചി കോടതി പുനരുദ്ധാരണ നിര്‍മാണ പദ്ധതിയുടെ ശിലാസ്ഥാപന കര്‍മം നടത്തി

മട്ടാഞ്ചേരി: കൊച്ചി കോടതി പുനരുദ്ധാരണ പദ്ധതിയുടെ ശിലാസ്ഥാപന കര്‍മം ഹൈക്കോടതി ചീഫ് ജസ്റ്റിസ് അശോക് ഭൂഷന്‍ നിര്‍വഹിച്ചു. ജസ്റ്റിസ് കെ ടി ശങ്കരന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.
പരിമിതമായ സാഹചര്യങ്ങളിലും സംസ്ഥാനത്തെ കീഴ് കോടതികള്‍ നീതി നിര്‍വഹണ രംഗത്ത് സ്തുത്യര്‍ഹമായ സേവനമാണ് നടത്തുന്നതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. അഭിഭാഷകര്‍ മുന്‍ഗാമികളെ പോലെ അര്‍പണ മനോഭാവത്തോടെ പ്രവര്‍ത്തിക്കണം. കോടതിയെ സമീപിക്കുന്നവര്‍ക്ക് സമയത്ത് നീതി ലഭ്യമാക്കാന്‍ അഭിഭാഷകര്‍ പരിശ്രമിക്കണം. കൊച്ചിയിലെ കോടതികള്‍ക്ക് നീതിന്യായ രംഗത്ത് നിര്‍ണായക സ്ഥാനമാണുള്ളതെന്നും ചീഫ് ജസ്റ്റിസ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
1995ലാണ് കൊച്ചി കോടതി സമുച്ചയം പുനരുദ്ധാരണത്തിനായി താല്‍ക്കാലികമായി തോപ്പുംപടിയിലേക്ക് മാറ്റിയത്. പുരാവസ്തു വകുപ്പിന്റെ തടസ്സങ്ങള്‍ മൂലം നിര്‍മാണ ജോലികള്‍ തടസ്സപ്പെട്ടു. കൊച്ചി ബാര്‍ അസോസിയേഷന്‍, ഇന്ത്യന്‍ ചേംബര്‍ എന്നീ സംഘടനകള്‍ നല്‍കിയ നിവേദനവും ഡൊമിനിക് പ്രസന്റേഷന്‍ എംഎല്‍എയുടെ ഇടപെടലുകളുമാണ് കൊച്ചി കോടതി സമുച്ചയം വീണ്ടും യാഥാര്‍ഥ്യമായത്. ഇന്ത്യയില്‍തന്നെ ഏറ്റവും കൂടുതല്‍ കോര്‍ട്ട് ഫീസ് അടച്ച് കേസുകള്‍ കൊച്ചി കോടതിയില്‍ നടത്തിയിരുന്നു. എണ്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കൊച്ചി കോടതി പ്രവര്‍ത്തനമാരംഭിച്ചത്. ബ്രിട്ടീഷുകാരായ അഭിഭാഷകരും കൊച്ചി കോടതിയില്‍ വ്യവഹരിച്ചിട്ടുണ്ട്. ബ്രിട്ടീഷുകാരായ ന്യായാധിപരും കൊച്ചി കോടതിയിലുണ്ടായിട്ടുണ്ട്.
5. 70 കോടി വിനിയോഗിച്ചാണ് കോടതി സമുച്ചയം നവീകരിക്കുന്നത്. ഡൊമിനിക് പ്രസന്റഷന്‍ എംഎല്‍എ, ജില്ലാ ജഡ്ജ് നാരായണ പിഷാരടി, കൗണ്‍സിലര്‍ ടി കെ അഷറഫ്, കൊച്ചി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് മോന്‍സി ജേക്കബ്, സെക്രട്ടറി പ്രമോദ് പ്രഭാകര്‍, അഡ്വ. തോമസ് മൈക്കിള്‍, ഗവ. പ്ലീഡര്‍ ബി ജെ യേശുദാസ് സംബന്ധിച്ചു. കോടതി കെട്ടിടത്തിനായി പരിശ്രമിച്ച ഡൊമിനിക് പ്രസന്റഷന്‍ എംഎല്‍എയ്ക്ക് കൊച്ചി പൗരാവലിയുടെ ഉപഹാരം ഇന്ത്യന്‍ ചേംബര്‍ പ്രസിഡന്റ് കെ ബിരാജന്‍ സമ്മാനിച്ചു.
Next Story

RELATED STORIES

Share it