Kollam Local

കൊച്ചി-കൊല്ലം ച രക്ക് കപ്പല്‍ സര്‍വീസ്; ആദ്യ കപ്പല്‍ ഇന്നെത്തും

കൊല്ലം: കൊച്ചിയില്‍ നിന്ന് കൊല്ലത്തേക്ക് ചരക്ക് കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നു. പരീക്ഷണ അടിസ്ഥാനത്തില്‍ ആദ്യ കപ്പല്‍ ഇന്ന് കൊല്ലം തുറമുറഖത്തെത്തും. കപ്പല്‍ എത്തുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ആഴ്ചയില്‍ ഒരിക്കല്‍ കൊല്ലത്തേക്ക് സ്ഥിരം സര്‍വീസ് നടത്താന്‍ കൊല്ലം പോര്‍ട്ട് അധികൃതര്‍ പ്രമുഖ ഷിപ്പിങ് കമ്പനികളുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്. പുതിയ കപ്പല്‍ സര്‍വീസ് കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലേക്കുള്ള ചരക്ക് നീക്കത്തിന് സഹായകമാകും. കൊല്ലത്തെ കശുവണ്ടി വ്യവസായികള്‍ക്കാകും പുതിയ സര്‍വീസ് ഏറ്റവും കൂടുതല്‍ ഗുണം ചെയ്യുക. ഇപ്പോള്‍ കശുവണ്ടി കയറ്റുമതിക്കാര്‍ കൊല്ലത്ത് നിന്ന് റോഡുമാര്‍ഗ്ഗം ചരക്ക് തൂത്തൂക്കുടിയിലെത്തിച്ചാണ് വിവധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത്. വിദേശത്തേക്ക് കയറ്റി അയക്കാനും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന തോട്ടണ്ടിയും കൊച്ചി, തൂത്തുക്കുടി തുറമുഖങ്ങളില്‍ കെട്ടികിടക്കുന്നുവെന്ന പരാതികളുണ്ട്. സ്ഥിരം ചരക്ക് കപ്പല്‍ സര്‍വീസ് തുടങ്ങുന്നതോടെ പരാതികള്‍ ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ.
വിദേശ രാജ്യങ്ങളില്‍ നിന്നും വലിയ കപ്പലുകളില്‍ കൊച്ചിയിലെത്തിക്കുന്ന ചരക്കുകള്‍ ചെറുകപ്പലുകളില്‍ കൊല്ലത്തെത്തിക്കാനും ഇവിടെ നിന്നുള്ള ചരക്കുകള്‍ തിരികെ കൊച്ചിയിലെത്തിക്കാനുമാണ് സര്‍വീസ് ആരംഭിക്കുന്നത്. നിലവില്‍ കൊച്ചി-കൊല്ലം ചരക്ക് നീക്കം കണ്ടയ്‌നര്‍ ലോറികളിലാണ്.
കൊച്ചി-കൊല്ലം സര്‍വീസ് ആരംഭിക്കുന്നതോടെ ഗുജറാത്തിലെ മന്ദ്രയില്‍ നിന്നും കൊല്ലത്തേക്ക് ചരക്ക് കപ്പല്‍ സര്‍വീസ് ആരംഭിക്കാനുള്ള പദ്ധതിയും വേഗത്തിലാകും. നേരിട്ട് മന്ദ്രയില്‍ നിന്ന് കൊല്ലത്തേക്കുള്ള സര്‍വീസിന് അഞ്ച് ദിവസത്തെ സമയമാണ് എടുക്കുന്നത്.
മറ്റ് പോര്‍ട്ടുകളെ അപേക്ഷിച്ച് കുറഞ്ഞ കയറ്റുമതി-ഇറക്കുമതി നിരക്കാണ് കൊല്ലത്തുള്ളത്. മറ്റ് പോര്‍ട്ടുകളില്‍ താരിഫ് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയാണ് നിരക്കുകള്‍ നിര്‍ണയിക്കുന്നത്. എന്നാല്‍ കൊല്ലം മൈനര്‍ തുറമുഖമായതിനാല്‍ സംസ്ഥാന സര്‍ക്കാരാണ് നിരക്കുകള്‍ നിശ്ചയിക്കുന്നത്. അതോടൊപ്പം മറ്റ് തുറമുഖങ്ങളെ അപേക്ഷിച്ച് തിരക്ക് കുറവായതിനാല്‍ കണ്ടെയ്‌നര്‍ വേഗത്തില്‍ നീക്കാനുമാകും. തുറമുഖത്തെ പുതിയ സംവിധാനം കശുവണ്ടി വ്യവസായത്തിന്റെ ഈറ്റില്ലമായ ജില്ലയ്ക്ക് ഏറെ പ്രതീക്ഷയും നല്‍കുന്നുണ്ട്.
600 ഓളം കശുവണ്ടി സംസ്‌കരണ യൂനിറ്റുകളാണ് ജില്ലയില്‍ കേന്ദ്രീകരിച്ചിട്ടുള്ളത്. വര്‍ഷത്തില്‍ എട്ടു ലക്ഷം ടണ്‍ തോട്ടണ്ടി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ഇവിടേക്ക് ഇറക്കുമതി ചെയ്യുണ്ട്. അതോടൊപ്പം 1.3 ലക്ഷം ടണ്‍ സംസ്‌കരിച്ച കശുവണ്ടിയാണ് ഇവിടെ നിന്നുള്ള വാര്‍ഷിക കയറ്റുമതി. പരമ്പരാഗത കസ്റ്റംസ് ക്ലിയറന്‍സ് സംവിധാനത്തിന്റെ സ്വാഭാവിക പോരായ്മയും അന്തര്‍ദേശീയ വ്യാപാര കേന്ദ്രങ്ങള്‍ക്ക് എളുപ്പം ആശ്രയിക്കാനാവാത്തതും മൂലം തൂത്തുക്കുടി, കൊച്ചി പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചാണ് ഇവയുടെ കയറ്റുമതി ഇറക്കുമതി അധികവും നടക്കുന്നത്. ഇതിന് പുറമേ റോഡുമാര്‍ഗം വിദൂരങ്ങളിലുള്ള പോര്‍ട്ടുകളില്‍ നിന്ന് ചരക്ക് കൊണ്ടുവരുന്നതിനും പോകുന്നതിനും നല്ലൊരു തുക ചെലവുമാകുന്നുണ്ട്.
ഒരു കപ്പല്‍ വന്നാല്‍ കൊല്ലം തുറമുഖത്തിന് വാടക ഇനത്തില്‍ അഞ്ച് ലക്ഷത്തോളം രൂപ ദിവസ വരുമാനം ലഭിക്കും. ഓരേ സമയം രണ്ട് കപ്പലുകള്‍ക്ക് നങ്കൂരമിടാനുള്ള സൗകര്യം കൊല്ലത്തെ തുറമുഖത്തുണ്ട്. ഇത് കൂടാതെ 1000 കണ്ടയ്‌നവര്‍ സൂക്ഷിക്കാനുള്ള സൗകര്യവും കൊല്ലം തുറമുഖത്തുണ്ട്.
Next Story

RELATED STORIES

Share it