കേരളാ കോണ്‍ഗ്രസ് സ്ഥാപക ചെയര്‍മാന്റെ മകന്‍ അധ്യക്ഷനായി പുതിയ പാര്‍ട്ടി

തൊടുപുഴ: കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ശ്രദ്ധേയമായ ചരിത്രാരംഭമാവും ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പുതിയ പാര്‍ട്ടിയുടെ പിറവി. ഇവിടെ ചരിത്രം ഒരു താളവട്ടം പൂര്‍ത്തിയാക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. കേരളാ കോണ്‍ഗ്രസ്സിന്റെ സ്ഥാപക ചെയര്‍മാന്‍ കെ എം ജോര്‍ജിന്റെ മകന്‍ ഫ്രാന്‍സിസ് ജോര്‍ജ് അധ്യക്ഷനായാണ് പുതിയ കേരളാ കോണ്‍ഗ്രസ് നിലവില്‍ വരുന്നത്.
നാലു പതിറ്റാണ്ടോളം തെറ്റിലും ശരിയിലും നിഴല്‍പോലെ പിന്തുടര്‍ന്ന പി ജെ ജോസഫെന്ന രാഷ്ട്രീയ ഗുരുവുമായുള്ള ഫ്രാന്‍സിസ് ജോര്‍ജിന്റെ വഴിപിരിയലിനും ഇപ്പോഴത്തെ പിളര്‍പ്പ് സാക്ഷിയാവുന്നു. തന്റെ രാഷ്ട്രീയ ഗുരുവായ കെ എം ജോര്‍ജിന്റെ മകന്‍ പാര്‍ട്ടിയില്‍ ഉണ്ടാവണമെന്ന ആഗ്രഹം പി ജെ ജോസഫ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അതിനു കഴിയാത്ത സാഹചര്യങ്ങള്‍ ഫ്രാന്‍സിസ് ജോര്‍ജ് ഇദ്ദേഹവുമായി പങ്കുവച്ചു. അതിനൊടുവിലാണ് കഴിഞ്ഞ ദിവസം സമ്മര്‍ദ്ദരാഷ്ട്രീയവുമായി പി ജെ ജോസഫ് രംഗത്തുവന്നത്. അവസാന ശ്രമമെന്ന നിലയിലാണ് യുഡിഎഫില്‍ പ്രത്യേക പാര്‍ട്ടിയായി തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മറ്റും കത്തു നല്‍കിയത്. എന്നാല്‍ ആ നീക്കവും ഫലം കണ്ടില്ല.
തുടര്‍ന്നും പി ജെ ജോസഫും ഫ്രാന്‍സിസ് ജോര്‍ജുമായും ഇതു സംബന്ധിച്ച ആശയവിനിമയം നടന്നു. ഇപ്പോഴത്തെ നിലയില്‍ കേരളാ കോണ്‍ഗ്രസ്സിലെ കെ എം മാണിയുെട അപ്രമാദിത്വത്തെ എതിര്‍ക്കാന്‍ കഴിയാത്ത നിസ്സഹായത പി ജെ ജോസഫ് തന്റെ ശിഷ്യനോട് തുറന്നു പറഞ്ഞു.
കൂടാതെ കൂടുവിട്ടു കൂടുമാറി ഓരോ സര്‍ക്കാരിലും മന്ത്രിയാവുന്നതിലെ വൈമനസ്യവും പി ജെ ജോസഫ് തുറന്നു പറഞ്ഞു. മാത്രമല്ല, പി ജെ ജോസഫ് കൂടി മുന്നണി വിട്ടുവന്നാല്‍ ഇടതുമുന്നണിയില്‍ ഫ്രാന്‍സിസിനുള്ള പ്രാമുഖ്യം നഷ്ടപ്പെടുമെന്നതും ചര്‍ച്ചയായി. അങ്ങനെയാണ് മനസ്സില്ലാമനസ്സോടെ തന്റെ വല്‍സല ശിഷ്യന് സ്വന്തം നില ഭദ്രമാക്കാനുള്ള മൗനാനുവാദം പി ജെ ജോസഫ് നല്‍കിയതെന്നു പാര്‍ട്ടി കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നു.
ഇപ്പോഴത്തെ പിളര്‍പ്പ് തൊടുപുഴയൊഴികെയുള്ള മറ്റു പ്രദേശങ്ങളില്‍ കേരളാകോണ്‍ഗ്രസ്സിന് ക്ഷീണമുണ്ടാക്കുമെന്നാണ് കണക്കു കൂട്ടുന്നത്. ഇപ്പോഴത്തെ നിലയിലെ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍പ്പോലും പാര്‍ട്ടിയോടും നേതൃത്വത്തോടും അകന്നുകൊണ്ടിരിക്കുന്ന അണികളും നേതാക്കളുമേറെയുണ്ട്. അവരുടെയൊക്കെ പിന്തുണ പുതിയ പാര്‍ട്ടിക്കുണ്ടാവുമെന്നും പ്രതീക്ഷിക്കുന്നു.
1965ലാണ് കെ എം ജോര്‍ജിന്റെ കേരളാ കോണ്‍ഗ്രസ് രൂപീകൃതമായത്. അന്നുമുതല്‍ പി ജെ ജോസഫ് കെ എം ജോര്‍ജിനൊപ്പമുണ്ട്. മകന്‍ ഫ്രാന്‍സിസുമായും ഈടുറ്റ ബന്ധം തുടര്‍ന്നു. 1976ല്‍ കെ എം ജോര്‍ജ് മരിച്ചതോടെ പിളര്‍പ്പിന്റെ ചരിത്രം തുടങ്ങി. അന്നുമുതല്‍ ഇന്നോളം പിജെയോടൊപ്പമായിരുന്നു ഫ്രാന്‍സിസ് ജോര്‍ജ്. ഫ്രാന്‍സിസ് ജോര്‍ജ് മല്‍സരിച്ചതും വിജയിച്ചതുമെല്ലാം ഇടതുമുന്നണിക്കൊപ്പമായിരുന്നു എന്നതും യാദൃച്ഛികതയാണ്.
Next Story

RELATED STORIES

Share it