കേരളത്തില്‍ ആയതിനാലാണ് താന്‍ കൊല്ലപ്പെടാത്തത്: ഡിജിപി ജേക്കബ് തോമസ്

തിരുവനന്തപുരം: കേരളത്തിലായതുകൊണ്ട് മാത്രമാണ് താന്‍ കൊല്ലപ്പെടാത്തതെന്ന് ഡിജിപി ജേക്കബ് തോമസ്. എന്നാല്‍, കേരളത്തില്‍ ഫിസിക്കല്‍ വധത്തിനു പകരം തേജോവധമെന്ന ആയുധമാണ് കൂടുതല്‍ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രസാധകന്‍ മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

കുറേ അഴിമതിക്കാര്‍ തന്നെ അഴിമതിക്കാരനെന്ന് ചിത്രീകരിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. അത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പാറ്റൂര്‍ കേസില്‍ അഴിമതി നടന്നുവെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. പാറ്റൂര്‍ വിഷയത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് അന്വേഷണ റിപോര്‍ട്ട് വന്നതിനാല്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും കൃത്യമായി താന്‍ പറഞ്ഞിരുന്നു. അവിടെ ഭൂമികൈയേറ്റവും നടന്നിട്ടുണ്ട്. മനുഷ്യര്‍ കത്തി നശിക്കരുതെന്നാണ് അഗ്നിശമനസേനയുടെ പ്രധാനലക്ഷ്യം.
ഫഌറ്റുകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ താന്‍ മുന്‍തൂക്കം നല്‍കുന്നത് ആ കെട്ടിടത്തില്‍ താമസിക്കുന്ന വ്യക്തിക്കാണ്. ആ വ്യക്തിയുടെ സുരക്ഷ നമ്മുടെ പരമപ്രധാനമായ ലക്ഷ്യമാവണമെന്ന തിരിച്ചറിവിലാണ് താന്‍ നടപടികള്‍ സ്വീകരിച്ചതെന്നും ഡിജിപി വ്യക്തമാക്കുന്നു. താന്‍ ഒരിക്കലും രാഷ്ട്രീയത്തിലേക്കില്ല.
പുതുപ്പള്ളിയില്‍ താന്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗമാവുന്നുവെന്ന വാര്‍ത്തയ്ക്ക് പിന്നില്‍ ചില തല്‍പരകക്ഷികളാണ്. പലരും തെളിക്കുന്ന വഴിയേ പോവുന്ന ഒരാളല്ല ഞാന്‍. വഴി തെളിക്കാന്‍ എനിക്കുമറിയാം. ഏതെങ്കിലും രാഷ്ട്രീയനേതാവിനോടോ പ്രസ്ഥാനത്തോടോ എനിക്ക് അടുപ്പമില്ല. ഒരു മതത്തോടും രാഷ്ട്രീയ പാര്‍ട്ടിയോടും ഒരു പ്രത്യേക കമ്മ്യൂണിറ്റിയോടും ഏതെങ്കിലും പ്രത്യേക വര്‍ഗത്തോടും പ്രത്യേകിച്ച് ഒരു അകല്‍ച്ചയോ അടുപ്പമോ ഇല്ലാതെ നിഷ്പക്ഷമായി നില്‍ക്കണമെന്നത് ജനസേവകന്റെ കടമയാണ്.
ഞാന്‍ സത്യത്തിന്റെകൂടെ നില്‍ക്കുകയും സത്യം ജയിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നയാളാണെന്നും അദ്ദേഹം പറയുന്നു. ബാര്‍കോഴ കേസില്‍ താന്‍പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. ബാര്‍കോഴ അഴിമതിയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് എല്ലാം അറിയാമെന്നാണ് തന്റെ വിശ്വാസം. അഴിമതിവിരുദ്ധ പോരാട്ടത്തില്‍ ജനങ്ങള്‍ ഒപ്പമുണ്ട്.
ഫേസ്ബുക്കില്‍ ഒരു പോസ്റ്റിടുമ്പോള്‍ ലക്ഷക്കണക്കിന് ആളുകള്‍ ഒപ്പം കൂടുന്നത് എന്തുകൊണ്ടാണ്?. ലക്ഷക്കണക്കിന് പേര്‍ തന്നെ പിന്തുണയ്ക്കുന്നുണ്ട്. ജനം തനിക്ക് ആത്മവിശ്വാസം നല്‍കുന്നു. കേരളത്തിലെ ജനങ്ങള്‍ പേടിച്ചിരിക്കുകയല്ല. അവര്‍ അഴിമതിക്കെതിരേ ശക്തമായി പ്രതികരിക്കുന്നുണ്ട്.
അഴിമതിക്കെതിരേ ഒരാള്‍ നിലപാടെടുത്താല്‍ ഞങ്ങള്‍ നിങ്ങളുടെ കൂടെയുണ്ടെന്നു പറയാനുള്ള ധൈര്യം അവര്‍ക്കുണ്ടെന്നും ജേക്കബ് തോമസ് വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it