കേരളത്തിന് പദ്ധതികളൊന്നുമില്ല; പതിവ് പ്രഖ്യാപനങ്ങളിലൊതുങ്ങി മോദി

കെ പി ഒ റഹ്മത്തുല്ല

തൃശൂര്‍: മൂന്നു മാസങ്ങള്‍ക്കപ്പുറം നടക്കാനുള്ള നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ കേളികൊട്ട് എന്നു വിശേഷിപ്പിച്ചുകൊണ്ട് ബിജെപി പ്രധാനമന്ത്രിയെ കൊണ്ടുവന്ന് തൃശൂരില്‍ നടത്തിയ പൊതുയോഗത്തില്‍ പുതിയ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ല. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഗംഭീരമായ തുടക്കം എന്ന നിലയില്‍ ബിജെപി ആസൂത്രണം ചെയ്ത പൊതുയോഗമായിരുന്നു തൃശൂരിലേത്. എന്നാല്‍ അതിന് സഹായകമാവുന്ന പുതിയ വാഗ്ദാനങ്ങളൊന്നും ഉണ്ടായില്ല.
ശബരിമല ഗുരുവായൂര്‍ ക്ഷേത്ര വികസന പദ്ധതി എന്നിവയെല്ലാം ജനവും മാധ്യമങ്ങളും പ്രതീക്ഷിച്ചതായിരുന്നു. എന്നാല്‍ അതൊന്നും ഉണ്ടായില്ല. ഈ പ്രഖ്യാപനങ്ങള്‍ തങ്ങളുടെ പ്ലാറ്റ് ഫോമില്‍ നിന്നു കൊണ്ടാവണമെന്ന നിര്‍ബന്ധ ബുദ്ധിയുള്ളതിനാലാണ് ആദ്യ പരിപാടി പാര്‍ട്ടി പൊതുയോഗമാക്കി തൃശൂരില്‍ നടത്തിയത്. ഇത്തരം പ്രഖ്യാപനങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വന്തം രാഷ്ട്രീയ നേട്ടമാക്കി ജനസമക്ഷം അവതരിപ്പിച്ച് വോട്ട് സംഭരിക്കാമെന്നും നേതൃത്വം കണക്കു കൂട്ടിയിരുന്നു. എന്നാല്‍ കാര്യമായ പുതിയ പ്രഖ്യാപനങ്ങള്‍ ഇല്ലാതെ പോയത് ബിജെപിയുടെ രാഷ്ട്രീയ അജണ്ടയെ അട്ടിമറിക്കുന്നതായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട്, തിരുവനന്തപുരം, കാസര്‍കോട് ജില്ലകള്‍ കേന്ദ്രീകരിച്ച് അക്കൗണ്ട് തുറക്കാനുള്ള ശ്രമങ്ങളുടെ ചവിട്ടുപടിയായിട്ടാണ് പ്രധാനമന്ത്രിയുടെ പൊതുയോഗത്തെ നേതൃത്വം കണ്ടിരുന്നത്. എന്നാല്‍ ആ കണക്കുകൂട്ടലുകളാണ് ഇപ്പോള്‍ പാളിയിരിക്കുന്നത്. കാര്യമായ പ്രഖ്യാപനങ്ങള്‍ ഇല്ലാതിരുന്നത് നേതൃത്വത്തേയും അണികളേയും നിരാശരാക്കിയതായും സൂചനയുണ്ട്. മോദിയെ മുന്നില്‍ നിറുത്തി കേരളത്തില്‍ ബിജെപിയുടെ പടയോട്ടം ശക്തമാക്കാനുള്ള നീക്കമാണ് വിഫലമായിരിക്കുന്നത്.
പതിവുപോലെ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷിക വര്‍ഷമായ 2022ലെ സ്വപ്‌നത്തെക്കുറിച്ചാണ് മോദി പ്രസംഗത്തില്‍ വാചാലനായത്. രാജ്യത്തെ എല്ലാവര്‍ക്കും കിടക്കാന്‍ വീടും കുടിക്കാന്‍ വെള്ളവും ശൗചാലയവും വൈദ്യുതിയും പഠിക്കാന്‍ വീടിനടുത്ത് സ്‌കൂളും പ്രായമായവര്‍ക്ക് ചികില്‍സിക്കാന്‍ ആശുപത്രിയും ഉണ്ടാവണമെന്നായിരുന്നു മോദിയുടെ വാക്കുകള്‍. ഇത്തരം ഒരു സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. പ്രധാനമന്ത്രിയുടെ മുദ്രയോജന, മേക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ സ്റ്റാന്റപ്പ് ഇന്ത്യ എന്നിവയെക്കുറിച്ചെല്ലാമാണ് പ്രധാനമന്ത്രി വിശദീകരിച്ചത്. ഗള്‍ഫില്‍ മലയാളികളുടെ കഷ്ടപ്പാടിന് പരിഹാരമുണ്ടാക്കുമെന്നും കൂടുതല്‍ മലയാളികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ പരിശ്രമിക്കുമെന്നും റബറിന് വില വര്‍ധിപ്പിക്കാന്‍ പുതിയ കമ്മിറ്റിയെ ചുമതലപ്പെടുത്തുമെന്നും മല്‍സ്യത്തൊഴിലാളികള്‍ക്ക് ആധുനിക സംവിധാനങ്ങള്‍ പ്രാപ്യമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it