Middlepiece

കേരളത്തിനൊരു സാംസ്‌കാരികനയമുണ്ടോ ഇന്ന്?

കേരളത്തിനൊരു സാംസ്‌കാരികനയമുണ്ടോ ഇന്ന്?
X
slug-vettum-thiruthumനിയമസഭാ തിരഞ്ഞെടുപ്പിന് ഇനി 21 നാള്‍. പ്രകടനപത്രികകള്‍, സ്ഥാനാര്‍ഥിയുടെ വ്യക്തിവിശേഷങ്ങള്‍, ന്യൂജന്‍ ശൈലിയായി 'ഒറ്റവരി' സത്യപ്രസ്താവങ്ങളെന്ന നുണകള്‍. നിയോജകമണ്ഡലങ്ങളിലധികവും കണ്ടത് നുണകളാണ്. ആരും കേമന്മാരല്ല എന്നേ പറയേണ്ടൂ. 9.30 കെബിയില്‍ കൊള്ളണം മാറ്ററെന്നതിനാല്‍ വിശദീകരിക്കുന്നില്ല. പറയാനത്രയേറെയുണ്ടെന്നര്‍ഥം.
പ്രകടനപത്രികയിലോ സ്ഥാനാര്‍ഥികളായ 'ഇട്ടുണ്ണാമ്മാ'രുടെ പ്രസ്താവങ്ങളിലോ കാളമൂത്രപ്രഭാഷണങ്ങളിലോ സംസ്‌കാരഭദ്രമായൊരു കേരളം എന്ന ഒരു വരിപോലുമില്ല! കേരള സംസ്ഥാനത്തിനു ഒരു സാംസ്‌കാരികനയമുണ്ടോ? അതാണു ചോദ്യം. എന്താണീ സംസ്‌കാരം? ഒറ്റവാക്കിലൊരുത്തരം സംസ്‌കാരം എന്ന അലങ്കാരപ്രയോഗത്തിനില്ല. ശുദ്ധീകരിക്കല്‍ തൊട്ട് അടക്കംചെയ്യല്‍ വരെ- ശവസംസ്‌കാരം- സംസ്‌കാരത്തില്‍പ്പെടും. അങ്കനം മുതല്‍ മന്ത്രോച്ചാരണം വരെയുള്ള പഞ്ചസംസ്‌കാരങ്ങളില്‍ പണ്ഡിതന്മാരെയാണ് മുഖ്യമായി ഉദ്ദേശിക്കുന്നത്. അവര്‍ക്ക് കൃഷ്ണദാസ്യം ലഭ്യമാവാന്‍ 'ശംഖും ചക്രവും എഴുത്ത്' തുടങ്ങിയ വകകളില്‍ കൃഷ്ണദാസ്യം ആര്‍ജിക്കണം.
ഇത്രയൊന്നും കഷ്ടപ്പെട്ട് കടന്നുചിന്തിക്കേണ്ടതില്ല. മുഹമ്മദ് നബിയുടെ ചില നല്ല വചനങ്ങളുണ്ട്. 'ഒഴുകുന്ന ജലത്തിലായാലും അംഗശുദ്ധിയില്‍ സൂക്ഷ്മത പാലിക്കുക', 'ലോകാവസാനമായാലും കൈയിലുള്ള വൃക്ഷത്തൈ നടുക.' ഉദാഹരണത്തിന് രണ്ടെണ്ണം ഉദാഹരിച്ചെന്നേയുള്ളൂ. ഖുര്‍ആനും ബൈബിളും ഗീതയും ഭാഗവതവുമൊക്കെ മനസ്സിരുത്തി കടഞ്ഞാല്‍ എന്താണ് സംസ്‌കാരമെന്ന് പെട്ടെന്നുത്തരം കിട്ടും. അധികം പിന്നോട്ടുപോവേണ്ട. ഇപ്പോഴത്തെ യുഡിഎഫ് മന്ത്രിസഭയുടെ അഞ്ചുകൊല്ലക്കാലം മാത്രം ഇഴകീറി പരിശോധിക്കുക. എന്തെങ്കിലും ഉച്ചത്തിലുദ്‌ഘോഷിക്കാന്‍ പാകത്തിലൊരു സാംസ്‌കാരികനയം ഈ അഞ്ചുവര്‍ഷത്തിനിടെ, സെക്രട്ടേറിയറ്റിലുണ്ടെന്നു പറയപ്പെടുന്ന സാംസ്‌കാരികവകുപ്പ് മുമ്പോട്ടുവച്ചിട്ടുണ്ടോ. റെഡീമര്‍ ബോട്ടപകടത്തെ സ്മാരകമാക്കി തോന്നയ്ക്കലോ മറ്റോ ഒരു കെട്ടുവള്ളം സ്മാരകനിര്‍മാണത്തെ ആരോ 'പരിഹസിച്ചു' കണ്ടു. അവാര്‍ഡ് കൊടുത്തു, നാടകോല്‍സവം സംഘടിപ്പിച്ചു, മാധ്യമപ്രവര്‍ത്തകരെ ആദരിച്ചു, പ്രതിമ സ്ഥാപിച്ചു, കലക്ടര്‍ കണ്ണെഴുതി എന്നൊക്കെ വീമ്പിളക്കുന്നതല്ല സാംസ്‌കാരികനയം.
മലയാളത്തില്‍ സ്‌നാനാദികളില്‍, വസ്ത്രത്തില്‍, ആഭരണത്തില്‍, മണം, പൂവ്, സ്തൂപം, ദീപം, നിവേദ്യ-നമസ്‌കാരാദികളില്‍ ജനത്തിന് ഹൃദയശുദ്ധി ഉണ്ടാവുമാറ് ഖജനാവിലെ കാശ് യാത്രപ്പടിയും ഡിഎയും ആയി കൊട്ടക്കണക്കിന് എഴുതിയെടുത്തതല്ലാത്ത സവിശേഷമായെന്തെങ്കിലും...
പിതാവ് കന്യകയായ മകളെ പീഡിപ്പിച്ചു, തുഞ്ചന്‍പറമ്പില്‍ എഴുത്തുകാര്‍ ലാവണ്യം ഛര്‍ദിച്ചു, അവാര്‍ഡ് ലഭ്യമാക്കാന്‍ എഴുത്തുകാര്‍ സാംസ്‌കാരികമന്ത്രിക്ക് വിടുവേല ചെയ്തു തുടങ്ങി ഉറക്കെ പറയാന്‍ കൊള്ളാത്ത അസാംസ്‌കാരിക സംഭവചിത്രങ്ങള്‍ എത്ര വേണമെങ്കിലും നിരത്താം. 'ലീല' പോലൊരു വള്‍ഗാറിറ്റി കേരളത്തിലെ തിയേറ്ററുകളില്‍ സിനിമ എന്നപേരില്‍ പ്രദര്‍ശിപ്പിക്കുന്നു. പെണ്‍മക്കളെയും കൂട്ടി ടാക്കീസിലെത്തിയ പിതാക്കള്‍ നാണിച്ച് ശിരസ്സു താഴ്ത്തി ഇറങ്ങിനടക്കുന്നു. സിനിമാ അവാര്‍ഡുകളുടെ കേമത്തം, അന്താരാഷ്ട്ര നാടകോല്‍സവനഗരിയിലെ മുഷ്ടിയുദ്ധങ്ങള്‍, അക്കാദമികള്‍ക്കുള്ളിലെ 'തല്ലും തള്ളും' എന്നു തുടങ്ങി ചിരിച്ചു തലതല്ലി നാണംകെടാന്‍ സംഭവപരമ്പരകള്‍ വേണ്ടത്ര. ബഷീറിന് സ്മാരകമായോ? കുഞ്ചന്‍ സ്മാരകത്തില്‍ കൃത്യമായി ശമ്പളം നല്‍കാറുണ്ടോ? വികെഎന്‍ സ്മരണയില്‍ വരാറുണ്ടോ? എം പി നാരായണപിള്ള-പി കുഞ്ഞിരാമന്‍ നായര്‍-ഒ വി വിജയന്‍ തുടങ്ങിയവര്‍ക്ക് വരുംതലമുറ ഓര്‍ത്തെടുക്കാന്‍ പാകത്തില്‍ എന്തെങ്കിലും?
ഷ്ഠീവധാനം എന്നാല്‍ കോളാമ്പി എന്നാണര്‍ഥം. ഷ്ഠീവനമെന്നാല്‍ തുപ്പലെന്നും. സരിത എന്നാല്‍ സൂക്ഷിച്ചുപയോഗിച്ചില്ലെങ്കില്‍ കുരുക്കുകളില്‍ വീഴ്ത്തുന്ന നൂലെന്നും വിശദീകരണം.
തുപ്പല്‍കോളാമ്പി ലെവലില്‍ കേരളത്തിന്റെ സംസ്‌കാരമുദ്രകളെ നൂലില്‍ കുരുക്കിയ ഭരണാധികാരികള്‍ കാട്ടിക്കൂട്ടുന്നതൊക്കെയും സംസ്‌കാരം എന്ന പേരില്‍ പരക്കെ പ്രചാരണത്തിലുണ്ട്. ലജ്ജിക്കൂ കേരളമേ എന്നല്ലാതെ വേറെന്തു വിശേഷിപ്പിക്കാന്‍.
Next Story

RELATED STORIES

Share it