thrissur local

കേന്ദ്രത്തിന്റെ പട്ടികജാതി അവഗണന: ബിജെപി നേതാക്കള്‍ മാപ്പു പറയണമെന്ന്

തൃശൂര്‍: അയ്യന്‍കാളി സ്മാരക പൈതൃക പദ്ധതിക്ക് കേന്ദ്ര ബജറ്റില്‍ 50 കോടി അനുവദിക്കുമെന്ന് പ്രഖ്യാപിച്ച കുമ്മനം രാജശേഖരന്‍ കേരളത്തിലെ പട്ടികവിഭാഗം ജനതയോട് മാപ്പ് പറയണമെന്ന് കെപിഎംഎസ് സംസ്ഥാന ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പട്ടികവിഭാഗത്തിന്റെ വോട്ട് തട്ടിയെടുക്കുന്നതിന് കഴിഞ്ഞ രണ്ടു ബജറ്റിലും അയ്യന്‍കാളി സ്മാരക സ്മൃതിമണ്ഡപം പൈതൃകസ്മാരകമാക്കുമെന്ന് പ്രഖ്യാപിച്ചവര്‍ ഒരു രൂപ പോലും ബജറ്റില്‍ മാറ്റിവച്ചിട്ടില്ല. ഇത് വഞ്ചനയാണ്. മാത്രമല്ല പട്ടികജാതി വികസനത്തിനുള്ള ഫണ്ടില്‍ ഓരോ വര്‍ഷവും ഭീമമായ കുറവും വരുത്തി. 75773 കോടി രൂപയുടെ കുറവാണ് ഇത്തവണയുണ്ടായിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. ഇത്തരത്തിലുള്ള കേന്ദ്രത്തിന്റെ അവഗണനയ്ക്ക് ബിജെപി നേതാക്കള്‍ കേരളത്തോട് മാപ്പുപറയണം.
സാമ്പത്തികക്രമക്കേടിനെ തുടര്‍ന്ന് കെപിഎംഎസില്‍നിന്ന് പുറത്താക്കിയ എന്‍കെ നീലകണ്ഠന്‍, ടിവി ബാബു, തുറവൂര്‍ സുരേഷ് എന്നിവര്‍ സംഘടനാവിരുദ്ധപ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ബിഡിജെഎസ് എന്ന രാഷ്ട്രീയപാര്‍ട്ടിയുമായി കെപിഎംഎസിനു യാതൊരു ബന്ധവുമില്ല. പുറത്താക്കിയ ചില ഭിക്ഷാംദേഹികളുടെ ആശ്രയകേന്ദ്രമായി ബിഡിജെഎസ് അധപ്പതിച്ചു. അയ്യന്‍കാളി സ്മാരക സ്‌കൂളിലെ സാമ്പത്തികതട്ടിപ്പുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം നടത്തുന്ന ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ സമുദായാംഗങ്ങള്‍ വഞ്ചിതരാകരുതെന്ന് സംസ്ഥാന പ്രസിഡന്റ് മുണ്ടുകോട്ടയ്ക്കല്‍ സുരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി പിഎം വിനോദ് എന്നിവര്‍ പറഞ്ഞു.
വര്‍ഗീയ വിഷം വമിക്കുന്ന ബിഡിജെഎസിന്റെ പ്രസ്താവനകള്‍ മതേതര കേരളത്തിനു അപമാനമാണ്.
ശ്രീനാരായണ ഗുരുവിന്റെയും അയ്യന്‍കാളിയുടെ പൈതൃകം കളങ്കപ്പെടുത്തുന്നവര്‍ക്കെതിരേ മതേതര കൂട്ടായ്മ ഉണ്ടാകണമെന്നും അവര്‍ പറഞ്ഞു.
സംഘപരിവാര്‍ ശക്തികള്‍ക്ക് മുന്നില്‍ കേരളത്തിന്റെ മതേതരപാരമ്പര്യം അടിയറ വയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ പട്ടികജാതി, പിന്നാക്ക, ന്യൂനപക്ഷ ഐക്യനിര കെട്ടിപടുക്കണമെന്നും അവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it