ernakulam local

കുഴി മൂടാന്‍ പൊടിയിട്ടു; ഒടുവില്‍ ജനങ്ങള്‍ക്ക് വിനയായി

മട്ടാഞ്ചേരി: റോഡിലെ വലിയ ഗര്‍ത്തങ്ങളില്‍ വീണ് അപകടം പതിവായതോടെ കുഴികള്‍ മൂടാനായി അധികൃതര്‍ ചെങ്കല്‍ പൊടിയിട്ടത് ജനങ്ങള്‍ക്ക് കൂടുതല്‍ വിനയായി.
ഇതോടെ അപകടം കൂടിയെന്ന് മാത്രമല്ല റോഡിലൂടെ സഞ്ചരിക്കാനും കഴിയാത്ത അവസ്ഥയായി. മഴയില്ലാത്തപ്പോള്‍ കനത്ത പൊടി ശല്യം മൂലം വാഹനങ്ങളില്‍ സഞ്ചരിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.
ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവരാണ് കൂടുതലും അപകടത്തില്‍പ്പെടുന്നത്. മഴ പെയ്താല്‍ ചെങ്കല്‍ പൊടി കുതിര്‍ന്ന് ഇരുചക്രവാഹനങ്ങളും കാല്‍നടയാത്രക്കാരും തെന്നി വീഴുന്ന സാഹചര്യമാണുള്ളത്. തോപ്പുംപടി ഔവര്‍ ലേഡീസ് സ്‌കൂളിന് മുന്‍വശവും പ്യാരി ജങ്ഷന്‍, തോപ്പുംപടി സെന്റ്. സെബാസ്റ്റ്യന്‍ സ്‌കൂളിന് മുന്‍വശം എന്നിവടങ്ങളിലാണ് റോഡ് തകര്‍ന്ന് വലിയ കുഴികള്‍ രൂപപ്പെട്ടത്.
രാത്രി കാലങ്ങളിലും തിരക്കേറിയ സമയത്തും വരുന്ന വാഹനങ്ങള്‍ കുഴികളില്‍ വീണ് അപകടങ്ങളില്‍പെടുന്നത് നിത്യ സംഭവമായി മാറിയതോടെയാണ് താല്‍ക്കാലിക പരിഹാരമെന്ന നിലയില്‍ കുഴികള്‍ ചെങ്കല്‍ പൊടിയിട്ട് മൂടാന്‍ അധികൃതര്‍ തീരുമാനിച്ചത്. എന്നാല്‍ പൊടി ശല്യം രൂക്ഷമായതോടെ പരാതിയുമുയര്‍ന്നു. സ്‌കൂളിന് മുന്‍വശം പൊടി ശല്യം മൂലം വിദ്യാര്‍ഥികളും വലയുന്ന അവസ്ഥയായി.
രാവിലെ സ്‌കൂളില്‍ വരുമ്പോള്‍ യൂനിഫോമില്‍ അഴുക്ക് പറ്റുന്ന അവസ്ഥയായതോടെ സ്‌കൂള്‍ അധികൃതരും ബുദ്ധിമുട്ടിലായിരിക്കുകയാണ്. അടിയന്തരമായി റോഡിലെ കുഴികള്‍ ടാര്‍ ചെയ്ത് മൂടണമെന്ന ആവശ്യമാണ് ഉയര്‍ന്നിട്ടുള്ളത്.
Next Story

RELATED STORIES

Share it