kannur local

കുടിവെള്ളം പോലുമില്ലാതെ പെരിങ്ങോം അഗ്‌നിശമന സേന യൂണിറ്റ്

ചെറുപുഴ: കുടിവെള്ളത്തിനു പോലും സൗകര്യമില്ലാതെ അഗ്‌നിശമന സേന വലയുന്നു. മലയോരത്തെ അഞ്ചിലധികം പഞ്ചായത്തുകളില്‍ അത്യാഹിതഘട്ടങ്ങളില്‍ ഓടിയെത്തേണ്ട പെരിങ്ങോം ഫയര്‍ സര്‍വീസാണ് വെള്ളം കിട്ടാതെ വലയുന്നത്. പെരിങ്ങോം-വയക്കര പഞ്ചായത്ത് വക ഓഡിറ്റോറിയത്തില്‍ പ്രവര്‍ത്തിക്കുന്ന ഫയര്‍ സര്‍സീസില്‍ 20ലേറെ ജീവനക്കാരാണുള്ളത്.
ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്ക് ഭക്ഷണം പാകം ചെയ്യാനും വസ്ത്രം അലക്കാനും കുടിക്കാനും ആശ്രയിക്കുന്നത് കെട്ടിടത്തിന്റെ പരിസരത്തുള്ള കിണറിനെയാണ്. പാറപ്രദേശമായതിനാല്‍ വേനല്‍ ആരംഭിക്കുന്നതോടെ കിണര്‍ വറ്റിത്തുടങ്ങും. കുടിവെള്ളപ്രശ്‌നം രൂക്ഷമായപ്പോള്‍ കഴിഞ്ഞവര്‍ഷം ഇവിടെ കുഴല്‍ കിണര്‍ കുഴിച്ചെങ്കിലും വെള്ളം കിട്ടിയില്ല. ഇപ്പോള്‍ സമീപത്തെ സ്വകാര്യവ്യക്തിയുടെ കിണറില്‍ നിന്നാണ് ജീവനക്കാര്‍ വെള്ളമെടുക്കുന്നത്. വേനല്‍ക്കാലത്ത് തുടര്‍ച്ചയായുണ്ടാകുന്ന തീപിടിത്തങ്ങളില്‍ സഹായമെത്തിക്കേണ്ട ഫയര്‍ സര്‍വീസിന് ഫയര്‍ എഞ്ചിനിലേക്ക് വെള്ളം ശേഖരിക്കാനും ഏറെ പ്രയാസപ്പെടേണ്ടി വരുന്നുണ്ട്.
പ്രദേശത്തെ കുളങ്ങളും തോടുകളുമെല്ലാം വറ്റിത്തുടങ്ങിയതിനാല്‍ കിലോമീറ്റര്‍ യാത്രചെയ്ത് വെള്ളം ശേഖരിക്കേണ്ട സ്ഥിതിയാണ്. ഇതാവട്ടെ അത്യാവശ്യഘട്ടങ്ങളില്‍ സമയനഷ്ടത്തിനും കാരണമാവുന്നുണ്ട്. ജലക്ഷാമത്തിനൊപ്പം ആവശ്യത്തിന് ജീവനക്കാരില്ലാത്തതും ഫയര്‍ഫോഴ്‌സിനെ വലയ്ക്കുന്നുണ്ട്. മൂന്നു െ്രെഡവര്‍മാരുടെ തസ്തിക നിലവിലുണ്ടെങ്കിലും നിലവില്‍ രണ്ടുപേരെ മാത്രമേ നിയമിച്ചിട്ടുള്ളൂ. അവശ്യ സര്‍വീസായതിനാല്‍ ഇവര്‍ അധികസമയം ഡ്യൂട്ടി ചെയ്യേണ്ടിവരികയാണ്.സ്വന്തം കെട്ടിടം നിര്‍മിക്കാന്‍ റവന്യൂവകുപ്പ് ഭൂമി അനുവദിച്ചെങ്കിലും തുടര്‍നടപടികള്‍ വൈകുകയാണ്.
വേനല്‍ കടുത്തതോടെ തീപിടിത്തവുമായി ബന്ധപ്പെട്ട് നിരവധി വിളികളാണ് ഇവിടെയെത്തുന്നത്. ജീവനക്കാരുടെ കുറവും വെള്ളം സംഭരിക്കാനെടുക്കുന്ന സമയനഷ്ടവും നിലവിലുള്ള ജീവനക്കാര്‍ക്ക് കടുത്ത ദുരിതമാണുണ്ടാക്കുന്നത്.
Next Story

RELATED STORIES

Share it