ernakulam local

കുടിവെള്ളം പാഴാവുന്നു; അധികൃതര്‍ക്ക് അനക്കമില്ല

വൈപ്പിന്‍: വാട്ടര്‍ അതോറിറ്റിയുടെ വൈപ്പിന്‍കരയിലെ വിവിധ മേഖലകളില്‍ കുടിവെള്ളം പഴാവുന്നത് പതിവുകാഴ്ച. എന്നാല്‍ ഇക്കാര്യത്തില്‍ ഇടപെട്ട് പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല.
പൈപ്പ് പൊട്ടി വെള്ളം പാഴാവുന്ന കാര്യം അറിയിക്കാന്‍ വിളിച്ചാല്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഫോണ്‍ എടുക്കില്ലെന്ന പരാതി വ്യാപകമാണ്. എടുത്താല്‍തന്നെ ലീക്ക് പരിഹരിക്കുന്നതിനുവേണ്ടി ജോലിക്കാരെ അയക്കില്ലന്നുള്ള ആക്ഷേപവും ശക്തമാണ്. വൈപ്പിന്‍കരയിലെ വിവിധ മേഖലകളില്‍ പാഴാവുന്നത് ലക്ഷക്കണക്കിനു ലിറ്റര്‍ കുടിവെള്ളമാണ്.
കഴിഞ്ഞദിവസം ചെറായി ഡിസ്‌പെന്‍സറി പടിഞ്ഞാറ് പൈപ്പ് പൊട്ടിയിട്ട് എഇ ഇടപെടാതെ വന്നപ്പോള്‍ അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ അറിയിച്ചശേഷമാണ് താല്‍ക്കാലികമായി പരിഹരിച്ചത്. എസ്എംഎച്ച്എസിനു കിഴക്ക് പൊതു ടാപ്പ് ലീക്കായിട്ടു കുറേ ദിവസമായി.
ഹഡ്‌കോ പദ്ധതിയില്‍നിന്നും ചൊവ്വര പദ്ധതിയില്‍നിന്നുമായാണ് ഒന്നിടവിട്ട ദിവസങ്ങളില്‍ വൈപ്പിന്‍കരയിലെ ആറു പഞ്ചായത്തുകളിലായി വെള്ളം ലഭിക്കുന്നത്. വ്യാപകമായ ചോര്‍ച്ചമൂലം ഇതില്‍നിന്ന് ലക്ഷക്കണക്കിന് ലിറ്റര്‍ കുടിവെള്ളം പാഴാവുന്നു. കൃത്യമായ അറ്റകുറ്റപ്പണികന്‍ നടത്തി ചോര്‍ച്ചകള്‍ അടച്ചാല്‍ മാത്രമേ ഓരോ പഞ്ചായത്തിലെയും കടല്‍ത്തീര-കായല്‍ത്തീര പ്രദേശങ്ങളില്‍ ആവശ്യത്തിനു വെള്ളം ലഭിക്കൂ. ഒരു ദിവസം വെള്ളം ഇല്ലാതെവന്നാല്‍ പിന്നെ കുറേ ദിവസങ്ങളില്‍ ക്ഷാമം അനുഭവപ്പെടുന്നു.
പഞ്ചായത്തംഗങ്ങളും പൊതുപ്രവര്‍ത്തകരും ആണ് ഇതുപോലുള്ള കാര്യങ്ങള്‍ അറിയിക്കാന്‍— എഇയെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നത്. പ്രതികരണമില്ലാത്തത് വ്യാപക പ്രതിഷേധത്തിനു ഇടയാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it