കുടക് ഹര്‍ത്താലില്‍ ഒറ്റപ്പെട്ട അക്രമം; വെടിവയ്പ്പില്‍ പരിക്കേറ്റ യുവാവ് മരിച്ചു

സാദിഖ് ഉളിയില്‍

മടിക്കേരി: കര്‍ണാടക സര്‍ക്കാരിന്റെ ടിപ്പു സുല്‍ത്താന്‍ ജന്മദിനാചരണത്തിനെതിരേ നടന്ന ആക്രമണത്തിനിടെ വിഎച്ച്പി നേതാവ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര സംഘടനകള്‍ കുടക് ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ അങ്ങിങ്ങ് ഒറ്റപ്പെട്ട അക്രമം. ജ്യോതിരാജ് നഗറില്‍ നല്ലതമ്പി (50) എന്നയാളെ തലയ്ക്ക് വെട്ടേറ്റ് മരിച്ച നിലയില്‍ റോഡരികില്‍ കണ്ടെത്തി.
ടിപ്പു ജന്മദിനാചരണത്തില്‍ പങ്കെടുത്ത് സിദ്ദാപുരത്തേക്ക് പോകവേ അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് മൈസൂരിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന മലയാളി യുവാവ് ഷാഹുല്‍ (22) മരിച്ചു. കഴിഞ്ഞ ദിവസം അര്‍ധരാത്രി ഗോണിക്കുപ്പയില്‍ ഇബ്രാഹിം എന്നയാളുടെ ഒാമ്‌നി വാന്‍ അഗ്നിക്കിരയാക്കി. ഹര്‍ത്താലില്‍ ഭരണസിരാ കേന്ദ്രമായ മടിക്കേരി, വീരാജ്‌പേട്ട, ഗോണിക്കുപ്പ, കുശാല്‍ നഗര്‍, മൂര്‍നാട്, നാപ്പോക്കുലു, ബാഗമണ്ഡല എന്നിവിടങ്ങളി ല്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിച്ചില്ല. വാഹനഗതാഗതം പൂര്‍ണമായും നിലച്ചു. അതിനിടെ, കഴിഞ്ഞ ദിവസം സംഘര്‍ഷത്തിനിടെ മരിച്ച വിഎച്ച്പി ജില്ലാ ഓര്‍ഗനൈസിങ് സെക്രട്ടറി ഡി എ കുട്ടപ്പ (55) യുടെ മൃതദേഹം സ്വദേശമായ മദാപൂരില്‍ സംസ്‌കരിച്ചു. സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പ്രഹ്ലാദ് ജോഷി ആവശ്യപ്പെട്ടു. ചൊവ്വാഴ്ച മടിക്കേരി ടൗണില്‍ വിഎച്ച്പി ഹര്‍ത്താലിനിടെയാണ് വ്യാപക സംഘര്‍ഷം അരങ്ങേറിയത്. പോലിസ് ലാത്തിച്ചാര്‍ജില്‍നിന്നു രക്ഷപ്പെടാനായി മതിലിനു മുകളില്‍ കയറി വീണു പരിക്കേറ്റാണ് കുട്ടപ്പ മരിച്ചത്. ഇക്കാര്യം പോലിസും സ്ഥിരീകരിച്ചിരിക്കെ കുട്ടപ്പയെ കൊലപ്പെടുത്തിയതാണെന്നു പ്രചരിപ്പിച്ച് സംഘപരിവാരം വ്യാപക അക്രമം അഴിച്ചുവിടുകയായിരുന്നു.
ടിപ്പു ജന്മദിനാചരണത്തില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ക്ക് പോലിസ് സംരക്ഷണം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും അക്രമികള്‍ക്ക് മുമ്പില്‍ പോലിസ് കാഴ്ചക്കാരായി നോക്കിനില്‍ക്കുകയായിരുന്നുവെന്നാണ് പരാതി.
Next Story

RELATED STORIES

Share it