kasaragod local

കാസര്‍കോടിന്റെ സ്വന്തം ചെഗുവേര ഇനി എംഎല്‍എ

തൃക്കരിപ്പൂര്‍: വിദ്യാര്‍ഥി-യുവജന പ്രസ്ഥാനത്തിലൂടെ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ നേതൃസ്ഥാനത്തെത്തിയ എം രാജഗോപാലന്‍ ഇനി നാട്ടുകാരുടെ സ്വന്തം എംഎല്‍എ. തലയില്‍ തൊപ്പിയും താടിയുമായി ബൊളീവിയന്‍ വിപ്ലവ നായകന്‍ ചെഗുവേരയെ അനുസ്മരിപ്പിക്കുന്ന രാജഗോപാലന്‍ സാധാരണക്കാരില്‍ സാധാരണക്കാരനാണ്. കയ്യൂരിന്റെ പോരാട്ട വീര്യത്തിന്റെ നേരവകാശിയാണ് ഇദ്ദേഹം.
സിപിഎം ജില്ലാസെക്രട്ടറിയറ്റംഗവും സിഐടിയു ജില്ലാ സെക്രട്ടറിയുമാണ് ഇദ്ദേഹം. ബാലസംഘം കയ്യൂര്‍ സെന്‍ട്രല്‍ യൂനിറ്റ് സെക്രട്ടറിയായി പൊതുരംഗത്ത് പ്രവര്‍ത്തനം തുടങ്ങി. എസ്എഫ്‌ഐ യൂനിറ്റ് സെക്രട്ടറി, ഹൊസ്ദുര്‍ഗ് ഏരിയാ പ്രസിഡന്റ്, അവിഭക്ത കണ്ണൂര്‍ ജില്ലാ ജോയിന്റ് സെക്രട്ടറി, കാസര്‍കോട് ജില്ലാ കമ്മിറ്റി നിലവില്‍ വന്നപ്പോള്‍ പ്രഥമ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, കേന്ദ്ര കമ്മിറ്റി—യംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കയ്യൂര്‍ ഗവ. എല്‍പി സ്‌കൂള്‍, കയ്യൂര്‍ ഗവ. ഹൈസ്‌കൂള്‍, പയ്യന്നൂര്‍ കോളജ്, എളേരിത്തട്ട് ഗവ. കോളജ്, കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് എന്നിവിടങ്ങളില്‍ പഠനം.
സംസ്ഥാന കൈത്തറി കൗണ്‍സില്‍ അംഗം, നെയ്ത്ത് തൊഴിലാളി യൂനിയന്‍ ജില്ലാ പ്രസിഡന്റ്, റെയ്ഡ്‌കോ ഡയറക്ടര്‍, നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രി ചെയര്‍മാന്‍, കയ്യൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ നിന്ന് 16,959 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ഇദ്ദേഹം കന്നിയംഗത്തില്‍ വിജയശ്രീലാളിതനായത്.
Next Story

RELATED STORIES

Share it