malappuram local

കാലിക്കറ്റ് സര്‍വകലാശാലയില്‍ ലീഗ് നോമിനി വൈസ് ചാന്‍സലര്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ മുസ്‌ലിംലീഗ് നോമിനിയായ വൈസ് ചാന്‍സലറെ നിയമിക്കാതിരിക്കാന്‍ സംഘപരിവാര്‍-സിപിഎം സംഘടനകളും നേതാക്കളും നടത്തിയ നീക്കങ്ങള്‍ വെറുതെയായി. മുസ്‌ലിംലീഗ് നോമിനിയായ ഡോ. കെ മുഹമ്മദ് ബഷീറിനെ നിയമിച്ച് ചാന്‍സലര്‍ പി സദാശിവം ഇന്നലെ വൈകീട്ട് ഉത്തരവിറക്കി. കാലിക്കറ്റ് സര്‍വകലാശാലയില്‍ വൈകീട്ട് അഞ്ചിനു മുമ്പായി ഉത്തരവ് ലഭിച്ചു. തിരുവനന്തപുരത്തുവച്ച് ചാര്‍ജ്ജെടുക്കുമെന്ന് മുഹമ്മദ് ബഷീര്‍ പറഞ്ഞു.
രാഷ്ട്രീയത്തിന്റെ നല്ല വശങ്ങള്‍ നിലനിര്‍ത്തി കൊണ്ടുതന്നെ സര്‍വകലാശാലയുടെ ഉന്നതി ലക്ഷ്യംവച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് പുതിയ വൈസ്ചാന്‍സലര്‍ ബഷീര്‍ തേജസിനോട് പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലയെ മുസ്‌ലിംലീഗ് മതവല്‍ക്കരിക്കുന്നുവെന്ന പ്രചാരണം നടത്തിയായിരുന്നു സിപിഎം പിന്തുണയോടെ ഗവര്‍ണറെ ഉപയോഗിച്ച് ലീഗ് നോമിനിയായ വിസി ചാര്‍ജ്ജെടുക്കാതിരിക്കാന്‍ സംഘപരിവാര്‍ അണിയറ നീക്കങ്ങള്‍ നടത്തിയത്.
ഭാരതീയ വിചാര്‍ കേന്ദ്രത്തിന്റെ സംസ്ഥാന സമ്മേളനം സര്‍വകലാശാല സെമിനാര്‍ കോംപ്ലക്‌സില്‍ മാസങ്ങള്‍ക്ക് മുമ്പ് നടത്തിയ വേളയില്‍ സംഘ നേതാക്കള്‍ ഒത്തൊരുമിച്ചെടുത്ത തീരുമാനം കാലിക്കറ്റിലെ പുതിയ വിസി സംഘപരിവാര്‍ നോമിനിയായിരിക്കുമെന്നതായിരുന്നു. സിപിഎമ്മിലെ സവര്‍ണ്ണ വിഭാഗവും ഇവര്‍ക്ക് രഹസ്യമായി പിന്തുണ വാഗ്ദാനം ചെയ്തു പ്രവര്‍ത്തനങ്ങള്‍ നടത്തി.
ബഷീര്‍ വിസിയായാല്‍ സിപിഎം അജണ്ട കാലിക്കറ്റ് സര്‍വകലാശാലയില്‍ നടക്കില്ലെന്ന തിരിച്ചറിവിനെ തുടര്‍ന്ന് പ്രക്ഷോഭങ്ങള്‍ വ്യാപകമാക്കുന്നതിനും പാര്‍ട്ടിയും പോഷകസംഘടനകളും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തീരുമാനിച്ചിട്ടുണ്ട്. നിയമന നടപടികള്‍ തടസ്സപ്പെടുത്തുന്നതുള്‍പ്പെടെയുള്ള സമരങ്ങള്‍ക്കാണ് ഇടതുപക്ഷ സര്‍വീസ് സംഘടനകള്‍ നീക്കങ്ങള്‍ നടത്തുന്നത്.
Next Story

RELATED STORIES

Share it