കാലിക്കറ്റ് സര്‍വകലാശാല; മൂന്നു ബിഎഡ് സെന്ററുകളുടെ അംഗീകാരം എന്‍സിടിഇ റദ്ദാക്കി

തേഞ്ഞിപ്പലം: കാലിക്കറ്റ് വാഴ്‌സിറ്റി നേരിട്ട് നടത്തുന്ന 11 ബിഎഡ് സെന്ററുകളില്‍ മൂന്നു സെന്ററുകളുടെ അംഗീകാരം എന്‍സിടിഇ റദ്ദാക്കി. സുല്‍ത്താന്‍ ബത്തേരി, മലപ്പുറം, നാട്ടിക സെന്ററുകളുടെ അംഗീകാരമാണ് റദ്ദാക്കിയിട്ടുള്ളത്.
ബത്തേരി, നാട്ടിക സെന്ററുകള്‍ക്ക് സ്വന്തമായി കെട്ടിടമില്ലെന്നും മലപ്പുറം സെന്റര്‍ കരുതല്‍ നിക്ഷേപമായ 12 ലക്ഷം രൂപ നല്‍കിയിട്ടില്ലെന്നുമാണ് എന്‍സിടിഇ പറയുന്ന കാരണങ്ങള്‍. ഇതില്‍, മലപ്പുറം സെന്ററിന് നിക്ഷേപം നല്‍കാനുള്ള തുക സര്‍വകലാശാലയുടേതാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയാല്‍ വേണ്ടെന്നാണ് എന്‍സിടിഇയുടെ നിലപാട്.
ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന നാട്ടിക സെന്ററിന്റെ നിര്‍മാണത്തിന് എംഎല്‍എ ഫണ്ട് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ബത്തേരി സെന്ററിന്റെ കെട്ടിടത്തിന് 1500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള ഒന്നാം നില പണിയുന്നതിന് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ ഫണ്ടില്‍ നിന്ന് ഒരു കോടി വാഗ്ദാനം നല്‍കിയിട്ടുണ്ടെന്നും മൂന്നു സെന്ററുകളുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് എന്‍സിടിഇയെ അറിയിച്ചതായി വാഴ്‌സിറ്റി അധികൃതര്‍ വ്യക്തമാക്കി.
ഇന്നുകൂടി ബിഎഡിന് അപേക്ഷിക്കാനുള്ള അവസാന തിയ്യതി വച്ച്, അംഗീകാരം റദ്ദാക്കിയ മൂന്നു സെന്ററുകള്‍ ഉള്‍പ്പെടെ 11 സെന്ററുകളിലേക്കും സര്‍വകലാശാല അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it