കാലിക്കറ്റ് വിസി നിയമനം: മുപ്പതിന് അന്തിമവിധി

തേഞ്ഞിപ്പലം/കൊച്ചി: കാലിക്കറ്റ് സര്‍വകലാശാലയിലെ വിസി നിയമനത്തിനെതിരെയുള്ള കേസില്‍ ഹൈക്കോടതി ഈമാസം 30നു വിധി പറയും. ഇതുസംബന്ധിച്ചു വിവിധ സംഘടനകളും അധ്യാപകരും മാനേജ്‌മെന്റ് പ്രതിനിധികളും സംസ്ഥാനസര്‍ക്കാരും ചാന്‍സലര്‍ എന്നിവരില്‍ നിന്നുള്ള വാദങ്ങള്‍ പൂര്‍ത്തിയാക്കിയശേഷമാണ് കോടതി ഈ മാസം 30നു വിധിപറയുന്നത്.
സര്‍ക്കാര്‍ ചീഫ് സെക്രട്ടറിയും ചാന്‍സലറുടെ ഓഫിസും നല്‍കിയ സത്യവാങ്മൂലം വ്യത്യസ്ത രീതിയിലാണെന്നാണ് റിപോര്‍ട്ട്. ഹൈക്കോടതി വിധിക്കെതിരേ ആരെങ്കിലും വീണ്ടും കോടതിയെ സമീപിച്ചാല്‍ കാലിക്കറ്റിലെ വിസി നിയമനം അനിശ്ചിതത്വത്തിലാവും. പുതിയ വിസിയെ ഇപ്പോള്‍ നിയമിക്കാതെ നീട്ടിക്കൊണ്ടുപോവുന്നതിനാണ് ഇടതുപക്ഷത്തിനു താല്‍പ്പര്യം.
അതേസമയം, കാലിക്കറ്റ് സര്‍വകലാശാലയിലെ വിസി നിയമനത്തിനു രൂപീകരിച്ച സര്‍ച്ച് കമ്മിറ്റിയുടെ കാലാവധി നാളെ അവസാനിക്കാനിരിക്കെ ഒരുമാസംകൂടി കാലാവധി നീട്ടിയേക്കും.
അതേസമയം, കാലിക്കറ്റ് സര്‍വകലാശാല വി സി നിയമനത്തിനു സര്‍വകലാശാല അഫിലിയേഷനുള്ള കോളജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ക്കും അപേക്ഷ നല്‍കാമെന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. യുജിസി മാര്‍ഗരേഖ പ്രകാരമുള്ള യോഗ്യത നിര്‍ബന്ധമാക്കി സെലക്ഷന്‍ സമിതി പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ടു കോഴിക്കോട് ഫാറൂഖ് കോളജ് അധ്യാപകനായി വിരമിച്ച ഡോ. പി ആലസന്‍കുട്ടി നല്‍കിയ ഹരജിയിലാണു സര്‍ക്കാരിന്റെ വിശദീകരണം.
പ്രഫസര്‍ തസ്തികയ്ക്കു സമാനമായതോ അതിനേക്കാള്‍ കൂടുതലോ ശമ്പള സ്‌കെയിലില്‍ അധ്യാപന പരിചയമുള്ള പ്രിന്‍സിപ്പല്‍മാരെ കൂടി വിസി നിയമനത്തിനായി യോഗ്യതാ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്നാണ് അഡീ. അഡ്വക്കറ്റ് ജനറല്‍ കെ എ ജലീല്‍ കോടതിയെ അറിയിച്ചത്.
വിസി നിയമനത്തിന് യുജിസി മാനദണ്ഡം നിര്‍ബന്ധമാക്കുന്നതോടെ എയ്ഡഡ്, സര്‍ക്കാര്‍ കോളജുകളില്‍ വര്‍ഷങ്ങളോളം അധ്യാപകരായിരുന്നവര്‍ക്ക് അവസരം നിഷേധിക്കപ്പെടുമെന്നും സര്‍വകലാശാല അധ്യാപകര്‍ക്കു മാത്രമായി വിസി നിയമനം ഒതുക്കേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടിയാണു ഹരജി നല്‍കിയത്.
Next Story

RELATED STORIES

Share it