Emedia

രാജീവ് ചന്ദ്രശേഖരനെ 'തെമ്മാടി മന്ത്രി' എന്ന് വിളിക്കാനുള്ള ധൈര്യമുണ്ടോ...?; വിദ്വേഷപ്രചാരണത്തിനെതിരേ പി ജയരാജന്‍

രാജീവ് ചന്ദ്രശേഖരനെ തെമ്മാടി മന്ത്രി എന്ന് വിളിക്കാനുള്ള ധൈര്യമുണ്ടോ...?; വിദ്വേഷപ്രചാരണത്തിനെതിരേ പി ജയരാജന്‍
X

കണ്ണൂര്‍: കളമശ്ശേരിയില്‍ യഹോവയുടെ സാക്ഷികളുടെ കണ്‍വന്‍ഷനില്‍ ബോംബ് സ്‌ഫോടനം നടത്തിയ സംഭവത്തിലെ വിദ്വേഷപ്രചാരണത്തില്‍ മാധ്യമങ്ങള്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സമിതിയംഗം പി ജയരാജന്‍. കളമശ്ശേരി സംഭവം മൂടി തുറന്ന് വിട്ടത് അവസരം കിട്ടിയാല്‍ കേരളത്തെ മുച്ചൂടും നശിപ്പിക്കാന്‍ ഇറങ്ങുന്ന മുസ് ലിം വിരുദ്ധതയും ഇടത് വിരുദ്ധതയും ജീവശ്വാസമായിട്ടുള്ള വിഷ ഭൂതങ്ങളെയാണ്. യഹോവയുടെ സാക്ഷികളുടെ ആരാധനാ സമ്മേളനത്തില്‍ നിര്‍ഭാഗ്യകരമായ ഒരു സംഭവമുണ്ടായി എന്ന വാര്‍ത്ത വന്നയുടന്‍ തന്നെ ആ അപകടത്തെ കുറിച്ചോ, അതില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കുമുള്ള അനുതാപമോ ഒന്നുമല്ല, പകരം അതൊരു മുസ് ലിം തീവ്രവാദ പ്രവര്‍ത്തനമാണെന്ന് സ്ഥാപിക്കാനുള്ള വ്യഗ്രതയാണ് ഏറ്റവും കൂടുതല്‍ ദൃശ്യമായതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ബിജെപി നേതാക്കളുടെയും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെയും വിദ്വേഷപ്രചാരണത്തെയും ശക്തമായ ഭാഷയിലാണ് പി ജയരാജന്‍ വിമര്‍ശിക്കുന്നത്.

പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കളമശ്ശേരി സംഭവം മൂടി തുറന്ന് വിട്ടത് അവസരം കിട്ടിയാല്‍ കേരളത്തെ മുച്ചൂടും നശിപ്പിക്കാന്‍ ഇറങ്ങുന്ന മുസ് ലിം വിരുദ്ധതയും ഇടത് വിരുദ്ധതയും ജീവശ്വാസമായിട്ടുള്ള വിഷ ഭൂതങ്ങളെയാണ്. യഹോവയുടെ സാക്ഷികളുടെ ആരാധനാ സമ്മേളനത്തില്‍ നിര്‍ഭാഗ്യകരമായ ഒരു സംഭവമുണ്ടായി എന്ന വാര്‍ത്ത വന്നയുടന്‍ തന്നെ ആ അപകടത്തെ കുറിച്ചോ, അതില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കുമുള്ള അനുതാപമോ ഒന്നുമല്ല, പകരം അതൊരു മുസ് ലിം തീവ്രവാദ പ്രവര്‍ത്തനമാണെന്ന് സ്ഥാപിക്കാനുള്ള വ്യഗ്രതയാണ് ഏറ്റവും കൂടുതല്‍ ദൃശ്യമായത്. കെ സുരേന്ദ്രനും, സന്ദീപ് വാര്യരും അടങ്ങുന്ന ലോക്കല്‍ ബിജെപി വിഷങ്ങള്‍ക്കും അവരുടെ അണികള്‍ക്കും മുസ് ലിം വിരുദ്ധതയും വര്‍ഗീയതയും പ്രചരിപ്പിക്കുന്നതില്‍ വിശേഷിച്ചു കാരണമൊന്നും ആവശ്യമില്ല. എന്നാല്‍ കാബിനറ്റ് പദവി വഹിക്കുന്ന യൂനിയന്‍ മന്ത്രി രാജീവ് ചന്ദ്രശേഖരന്റെ നേതൃത്വത്തിലാണ് കേരളത്തിലും കേരളാ സര്‍ക്കാരിനും ഈ സംസ്ഥാനത്തെ മുസ് ലിം സാമാന്യ ജനങ്ങള്‍ക്കുതിരേ വിഷലിപ്തമായ പ്രചാരണം അഴിച്ചുവിട്ടത്. ഇസ്രായേല്‍ ഫലസ്തീനില്‍ നടത്തുന്ന മനുഷ്യത്വ വിരുദ്ധമായ കിരാത നടപടികള്‍ക്കെതിരേ ലോകമാസകലം പ്രതിഷേധങ്ങളുയര്‍ന്നു വരികയാണ്. കേരളത്തിനകത്തും പുറത്തും സിപിഎമ്മിന്റെ നേതൃത്വത്തില്‍ വലിയ നിലയില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനങ്ങള്‍ നടക്കുകയാണ്. ഈ സംഭവത്തെ കളമശ്ശേരി ബോംബ് സ്‌ഫോടന വിഷയവുമായി ബന്ധപ്പെടുത്തി വര്‍ഗീയ നേട്ടം കൊയ്യാനാണ് സംഘപരിവാര്‍ അവരുടെ ദേശീയ-സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ ശ്രമിച്ചത്.

വാര്‍ത്താ ചാനലുകള്‍ക്ക് പ്രതിയായ മനുഷ്യന്‍ ഒരു അമുസ്‌ലിം ആണെന്ന് മനസ്സിലായിട്ടും നിരാശ കലര്‍ന്ന നിലയില്‍ അതങ്ങ് വിശ്വസിക്കാന്‍ ഒട്ടും താല്‍പര്യപ്പെട്ടിട്ടില്ല. രാജീവ് ചന്ദ്രശേഖരന്റെ സ്വന്തം ചാനലായ ഏഷ്യനെറ്റ് ന്യൂസ് മാത്രമല്ല, പുതുതായി രൂപം മാറി അവതരിച്ച ചാനലിന്റെ പ്രഖ്യാപിത സംഘപരിവാറുകാരിയായ മാധ്യമ പ്രവര്‍ത്തകയ്ക്കും കീഴടങ്ങിയ ഡൊമിനിക് മാര്‍ട്ടിന്‍ എന്ന പ്രതിയുടെ കാര്യത്തില്‍ ഒട്ടും സംതൃപ്തി ഉണ്ടായിരുന്നില്ല. മറുനാടന്‍ മലയാളി, കര്‍മ ന്യൂസ് തുടങ്ങി കാലങ്ങളായി സമൂഹത്തില്‍ മുസ് ലിം വിരുദ്ധതയും, മത സ്പര്‍ധയും നടത്തി വിഭജനം നടത്തുന്ന ഓണ്‍ലൈന്‍ മഞ്ഞ മാധ്യമങ്ങള്‍ അതിന്റെ ഏറ്റവും ഹീനമായ റിപോര്‍ട്ടിങ് ആണ് ഇന്നലെ നടത്തിയത്. അപകീര്‍ത്തി കേസില്‍ നിയമ നടപടിക്ക് വിധേയമായ പ്രസ്തുത മാധ്യമങ്ങളെ കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും പാര്‍ലിമെന്റ് അംഗവുമൊക്കെയായ കോണ്‍ഗ്രസ് നേതാക്കളുമൊക്കെ പിന്തുണ പ്രഖ്യാപിച്ചത് ഈ അവസരത്തില്‍ മറന്നുകൂടാ. നിരന്തരം വിഷലിപ്തമായ ഈ പ്രചാരണം നടത്തുന്ന മാധ്യമങ്ങള്‍ക്ക് പൊതു സ്വീകാര്യത ഉണ്ടാക്കിക്കൊടുത്തവര്‍ ഇന്ന് കേരളത്തിലെ പൊതു സമൂഹത്തോട് മാപ്പ് പറയാന്‍ തയ്യാറാവുമോ?

യഹോവയുടെ സാക്ഷികള്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നതിനാലാണ് താനീ കൃത്യം ചെയ്തത് എന്നാണ് പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ പറഞ്ഞത്. തീവ്ര വലത് സങ്കുചിത ദേശിയ വാദികള്‍ക്ക് മാത്രമേ അത്തരമൊരു കുറ്റകൃത്യത്തില്‍ ആ ഒരു കാരണത്തിന്മേല്‍ ഏര്‍പ്പെടാന്‍ സാധിക്കുകയുള്ളൂ. പ്രതി മുസ് ലിം പേരുകാരനല്ലെന്ന് മനസ്സിലായപ്പോള്‍ തീവ്രവാദ സ്വഭാവം ഇല്ലെന്ന് തീര്‍പ്പ് കല്‍പ്പില്‍ക്കുന്ന മാധ്യമങ്ങള്‍ക്ക് പ്രതി പറഞ്ഞ ഈ കാരണം തീവ്രവാദപരമാണെന്ന് ഒട്ടും തോന്നുന്നില്ല എന്നതാണ് അല്‍ഭുതം. പ്രസ്തുത പ്രതിയുടെ രാഷ്ട്രീയവും മറ്റ് പശ്ചാത്തലങ്ങളും പരിശോധിക്കേണ്ടതില്ലേ?. രാജ്യദ്രോഹ പ്രവര്‍ത്തനമെന്ന് വ്യാഖ്യാനിച്ച് ബോംബ് വച്ച് വിശ്വാസ സമൂഹത്തെ ഇല്ലാതാക്കാന്‍ നോക്കുന്നവരെ നയിക്കുന്ന ആശയം ചര്‍ച്ച ചെയ്യപ്പെടേണ്ടേ..?. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്വാഭാവിക നിയമ നടപടിക്ക് തങ്ങളുടെ ചാനലിലെ ഒരു റിപോര്‍ട്ടര്‍ വിധേയമായപ്പോള്‍ 'തെമ്മാടി ഭരണം' എന്ന് ചില്ല് കൂട്ടില്‍ അലറിയ വിനു വി ജോണിന്, കേരളത്തിനും ഈ നാട്ടിലെ മുസ് ലിം പൊതുസമൂഹത്തിനും നേരെ ഇത്രയും ഹീനമായ പച്ചക്കള്ളം പറഞ്ഞുപരത്തിയ സ്വന്തം മുതലാളിയായ രാജീവ് ചന്ദ്രശേഖരനെ 'തെമ്മാടി മന്ത്രി' എന്ന് വിളിക്കാനുള്ള ധൈര്യമുണ്ടോ?

Next Story

RELATED STORIES

Share it