palakkad local

കാര്‍ഷിക മേഖലയിലെ തൊഴില്‍ദാന പദ്ധതികള്‍ പാതിവഴിയില്‍

സുനു ചന്ദ്രന്‍ ആലത്തൂര്‍

ആലത്തൂര്‍: കര്‍ഷകര്‍ക്ക് തൊഴിലും സ്ഥിരവരുമാനവും ലക്ഷ്യമിട്ട് രൂപം നല്‍കിയ തൊഴില്‍ദാന പദ്ധതികള്‍ പാതിവഴിയില്‍. ഗ്രീന്‍ ആര്‍മി, ലക്ഷം തൊഴില്‍ദാന പദ്ധതി തുടങ്ങിയവയാണ് കര്‍ഷകര്‍ക്ക് ഗുണകരമാവാതെ പോയത്. 2011 ജനുവരിയിലാണ് കേരള കാര്‍ഷിക സര്‍വകലാശാല ഗ്രീന്‍ ആര്‍മി എന്ന പേരില്‍ പദ്ധതിക്ക് രൂപം നല്‍കിയത്. 39000ലധികം കര്‍ഷകര്‍ക്ക് തൊഴില്‍ നല്‍കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്.
എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്നതിനു ഇടപെടാത്തത് പദ്ധതിയെ നിര്‍ജീവമാക്കിയെന്ന് വിവിധ കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നു. സംസ്ഥാനത്തൊട്ടാകെ നടപ്പാക്കാന്‍ ലക്ഷ്യമിട്ട പദ്ധതിയില്‍ ദിനംപ്രതി 500 മുതല്‍ 1500 രൂപ വരെ വരുമാനം ലഭിക്കുന്ന തരത്തിലാണ് രൂപം നല്‍കിയത്.
ഒരാള്‍ക്ക് തൊഴില്‍ പരിശീലനം ചെയ്യുന്നതിനാവശ്യമായ ഏഴായിരം രൂപ സംസ്ഥാന സര്‍ക്കാര്‍ വഹിക്കണം. എന്നാല്‍ ഈ തുക നല്‍കാം തയ്യാറാവാത്തതാണ് പദ്ധതി അവതാളത്തിലാക്കിയത്. തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയില്‍ ഗ്രീന്‍ ആര്‍മി പദ്ധതി വിജയകരമായി മുന്നോട്ട് പോവുന്നുണ്ട്. സര്‍വകലാശാല നേരിട്ട് പരീക്ഷണാടിസ്ഥാനത്തിലാണ് ഇവിടെ പദ്ധതി നടപ്പിലാക്കിയത്. പരിശീലനത്തിന് പണം നല്‍കാന്‍ കഴിയില്ലെന്ന വാദം നിരത്തുന്ന സംസ്ഥാന സര്‍ക്കാര്‍ നേരത്തേ കര്‍ഷകരില്‍ നിന്നു തന്നെ കോടികള്‍ പിരിച്ചെടുത്തിരുന്നു. ലക്ഷം തൊഴില്‍ദാന പദ്ധതിയിലേക്കാണ് തുക പിരിച്ചത്. ഈ തുകയുടെ ചെറിയൊരു ഭാഗം വിനിയോഗിച്ചാല്‍ തന്നെ ഗ്രീന്‍ ആര്‍മി പദ്ധതി വിജയകരമായി നടത്താന്‍ കഴിയുമെന്നാണ് കര്‍ഷക സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നത്. ഒരു പഞ്ചായത്തിന്റെ വിസ്തൃതി അനുസരിച്ച് 20 ഗ്രൂപ്പുകള്‍ വീതം രൂപീകരിച്ചാണ് പദ്ധതി നടപ്പാക്കുക.
കര്‍ഷക തൊഴിലാളികള്‍ക്ക് സ്ഥിരവരുമാനം ഉറപ്പുവരുത്താനുതകുന്ന പദ്ധതിയിലൂടെ കാര്‍ഷിക മേഖലയിലെ രൂക്ഷമായ തൊഴില്‍ ക്ഷാമവും പരിഹരിക്കാന്‍ കഴിയും. 1994ല്‍ ആരംഭിച്ച ലക്ഷം തൊഴില്‍ദാന പദ്ധതിയുടെ സ്ഥിതിയും വ്യത്യസ്തമല്ല. പദ്ധതിയുടെ പേരില്‍ കോടിക്കണക്കിന് രൂപ പിരിച്ചെടുത്ത സര്‍ക്കാര്‍ പദ്ധതിയില്‍ ഒരു കര്‍ഷകന് പോലും ഇതുവരെ ഒരു സാമ്പത്തിക ആനുകൂല്യങ്ങളും അനുവദിച്ചിട്ടില്ല. അന്ന് 1100 രൂപയാണ് ഓരോ കര്‍ഷകരം അംഗത്വത്തിന് നല്‍കിയത്.നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയായിരുന്നു പദ്ധതിയിലേക്ക് സര്‍ക്കാര്‍ കര്‍ഷകരെ ക്ഷണിച്ചത്. എന്നാല്‍ നാളിതുവരെയായി ഒരു വാഗ്ദാനം പോലും നിറവേറ്റാന്‍ മാറി വന്ന സര്‍ക്കാരുകള്‍ക്ക് സാധിച്ചിട്ടില്ല.
മാത്രമല്ല ഇപ്പോള്‍ 5000 രൂപ ഓരോ കര്‍ഷകര്‍ക്കും നല്‍കി പദ്ധതി പിരിച്ചു വിടാനുള്ള ശ്രമമാണ് നടന്നുക്കൊണ്ടിരിക്കുന്നത്. ലക്ഷം തൊഴില്‍ദാന പദ്ധതിയില്‍ അംഗങ്ങളായ മുഴുവന്‍ ആളുകള്‍ക്കും തൊഴില്‍ നല്‍കുക, 5000 രൂപ ശമ്പളം നല്‍കുക, 60 വയസ്സ് തികഞ്ഞവര്‍ക്ക് പദ്ധതിയുടെ വ്യവസ്ഥ പ്രകാരമുള്ള ഗ്രാറ്റിവിറ്റിയും പെന്‍ഷനും നല്‍കുക, ഗ്രീന്‍ ആര്‍മി പദ്ധതി എല്ലായിടത്തും നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരരംഗത്തിറങ്ങാനാണ് ഹരിതസേന  ഉള്‍പ്പടെയുള്ള കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിട്ടുള്ളത്.
Next Story

RELATED STORIES

Share it