ernakulam local

കലക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പിസിബി ഉദ്യോഗസ്ഥരെ ക്ഷണിച്ചില്ല

കളമശ്ശേരി: കഴിഞ്ഞ രണ്ടു ദിവസമായി മുട്ടാര്‍പുഴ കലങ്ങി മറിഞ്ഞതിനെതുടര്‍ന്ന് ജീവ വായു ലഭിക്കാതെ മല്‍സ്യങ്ങള്‍ ചത്തുപൊങ്ങിയ സംഭവത്തില്‍ ചര്‍ച്ച ചെയ്യുന്നതിന് കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗം പ്രഹസനമായെന്ന് ആക്ഷേപം.
യോഗത്തില്‍ പ്രധാനമായും പങ്കെടുക്കേണ്ടിയിരുന്ന മലിനീകരണനിയന്ത്രണബോര്‍ഡ് ഉദ്യോഗസ്ഥരെ യോഗത്തിലേക്ക് വിളിച്ചില്ലെന്ന് പിസിബി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്നലെ ചേര്‍ന്ന യോഗത്തില്‍ ജനുവരി ആദ്യവാരം ഏലൂര്‍ നഗരസഭയില്‍ ഇതു സംബന്ധിച്ച് ചര്‍ച്ച നടത്താമെന്നും ഈ യോഗത്തില്‍ കലക്ടര്‍ പങ്കെടുക്കുമെന്ന് ജനപ്രതിനിധികളെയും പരിസ്ഥിതി പ്രവര്‍ത്തകരെയും അറിയിച്ച് യോഗം പിരിയുകയായിരുന്നു. നിലവില്‍ നടന്ന സംഭവവികാസങ്ങളെ സംബന്ധിച്ച് റിപോര്‍ട്ട് സമര്‍പിക്കാന്‍ കലക്ടര്‍ അറിയിച്ചു. ഞായറാഴ്ച്ച ഉച്ചമുതലാണ് മുട്ടാര്‍പുഴയില്‍ മല്‍സ്യങ്ങള്‍ പ്രാണവായു ലഭിക്കാതെ വെള്ളത്തില്‍ പിടയുകയും ചത്തു പൊങ്ങുകയും ചെയ്തത്. ഞായറാഴ്ച്ച ഉച്ചയ്ക്ക് മൂന്നിന് മുട്ടാര്‍പുഴയിലെ മഞ്ഞുമ്മല്‍പാലത്തിനു സമീപമാണ് മല്‍സ്യക്കുരുതി ആരംഭിച്ചത്. സംഭവം അറിയിച്ച് മൂന്നു മണിക്കൂര്‍ കഴിഞ്ഞെത്തിയ മലിനീകരണനിയന്ത്രണബോര്‍ഡിന്റെ ഏലൂരിലെ സര്‍വലൈന്‍സ് സെന്ററിലെ ഉദ്യോഗസ്ഥരെ നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും തടഞ്ഞുവച്ചു. ജില്ലാ കലക്ടര്‍ സ്ഥലത്ത് വരാതെ ഉദ്യോഗസ്ഥരെ വിട്ടയക്കില്ലെന്ന് സമരക്കാര്‍ ഉറച്ചു നിന്നു. തുടര്‍ന്ന് ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ചര്‍ച്ച ചെയ്തതിനാല്‍ ഇന്നലെ ഉച്ചയ്ക്ക് ജില്ലാ കലക്ടറുടെ ചേംബറില്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാമെന്ന് ഉറപ്പു നല്‍കിയതിനെതുടര്‍ന്ന് രാത്രി വൈകിയാണ് ഉപരോധസമരം അവസാനിപ്പിച്ചത്. ഇതിനെതുടര്‍ന്നാണ് ഇന്നലെ ഉച്ചയ്ക്ക് കലക്ടറുടെ സാന്നിധ്യത്തില്‍ ഏലൂര്‍ കളമശ്ശേരി നഗരസഭ അധികൃതരും പരിസ്ഥിതി പ്രവര്‍ത്തകരും ചര്‍ച്ചയില്‍ പങ്കെടുത്തത്. മുട്ടാര്‍ പുഴയിലെ മലിനീകരണംമൂലം പുഴയെ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന ഏലൂര്‍ നിവാസികളെയും നിരവധി പൊതുമേഖലാ സ്ഥാപനങ്ങളെയും പരിഭ്രാന്തരാക്കിയിരിക്കുകയാണ്. പുഴയിലേക്ക് ഒഴുകിയെത്തിയ മലിനജലമാണ് വെള്ളത്തിലെ ഓക്‌സിജന്‍ കുറയാന്‍ കാരണമായതെന്ന് മലിനീകരണ നിയന്ത്രണബോര്‍ഡ് അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it