കര്‍ണാടക: കോഴ വിവാദം കത്തിപ്പടരുന്നു

ബംഗളൂരു: കര്‍ണാടകയിലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് കര്‍ണാടക എംഎല്‍എമാര്‍ കോഴ ചോദിക്കുന്ന ഒളികാമറ ദൃശ്യങ്ങള്‍ വിവാദമായി. സംഭവം ഗൗരവമേറിയതാണെന്ന് അറിയിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ണാടകത്തിലുള്ള മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറോട് സംഭവം സംബന്ധിച്ച് റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.രണ്ടു ദേശീയ ചാനലുകളാണ് ഒളികാമറാ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ജെഡിഎസ് എംഎല്‍എമാരായ മല്ലികാര്‍ജുന കുബെ, ജി ടി ദേവഗൗഡ, കെജെപിയുടെ ബി ആര്‍ പാട്ടീല്‍, സ്വതന്ത്ര എംഎല്‍എ വര്‍ത്തൂര്‍ പ്രകാശ് എന്നിവരാണ് ഒളികാമറയില്‍ കുടുങ്ങിയത്. വിജയ്മല്യ രാജിവച്ച ഒഴിവിലേക്ക് വ്യവസായി ബി എം ഫാറൂഖിനെ രാജ്യസഭയില്‍ എത്തിക്കാനാണ് ജെഡിഎസ് തീരുമാനം. എന്നാല്‍, അഞ്ച് പാര്‍ട്ടി എംഎല്‍എമാര്‍ ഇതിനെ എതിര്‍ക്കുകയാണ്. രണ്ടംഗങ്ങളെ രാജ്യസഭയിലേക്ക് ഉറപ്പിച്ച കോണ്‍ഗ്രസ്സിന്റെ മൂന്നാമത്തെ സ്ഥാനാര്‍ഥി കെ സി രാമമൂര്‍ത്തിയെ പിന്തുണയ്ക്കുമെന്നാണ് ഇവര്‍ അറിയിച്ചത്. ഇതോടെ മല്‍സരം മുറുകി. ജെഡിഎസ് വിമതരുടെയും സ്വതന്ത്രരുടെയും വോട്ടുകള്‍ ചേര്‍ത്ത് മൂന്നുപേരെ സഭയിലെത്തിക്കാന്‍ കോണ്‍ഗ്രസ്സും തങ്ങളുടെ എംഎല്‍എമാരെ കൂടെ നിര്‍ത്തി സ്വതന്ത്രന്‍മാരുടെ പിന്തുണയോടെ ഒരാളെ വിജയിപ്പിക്കാന്‍ ജെഡിഎസും ശ്രമം തുടരുന്നതിനിടെയാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഒരു വോട്ടിന് അഞ്ച് കോടി രൂപ വരെയാണ് എംഎല്‍എമാര്‍ ആവശ്യപ്പെട്ടത്. എംഎല്‍എമാരെ പാട്ടിലാക്കാനുള്ള ശ്രമത്തില്‍ മുഖ്യമന്ത്രിക്കു പങ്കുണ്ടെന്ന് ബിജെപിയും ജെഡിഎസും ആരോപിച്ചു. ഇത്തരം പ്രവൃത്തികള്‍ക്കു പിന്നിലെ ശില്‍പി മുഖ്യമന്ത്രി സിദ്ധരാമയ്യ ആണെന്ന് മുന്‍ മുഖ്യമന്ത്രിയും ബിജെപി അധ്യക്ഷനുമായ യെദ്യൂരപ്പ പറഞ്ഞു. അതേസയമം, ബിജെപി അധികാരത്തിലിരിക്കുമ്പോള്‍ പ്രതിപക്ഷത്തെ ദുര്‍ബലമാക്കുന്നതിനുള്ള ഒളികാമറ ദൃശ്യങ്ങള്‍ക്ക് (ഓപറേഷന്‍ കമല) പിന്നില്‍ പ്രവര്‍ത്തിച്ചത് യെദ്യൂരപ്പയായിരുന്നുവെന്ന കാര്യം സിദ്ധരാമയ്യ ഓര്‍മിപ്പിച്ചു.
Next Story

RELATED STORIES

Share it