കരിപ്പൂര്‍ വിമാനത്താവളം: ആശങ്ക വേണ്ടെന്ന് ഡയറക്ടര്‍

കോഴിക്കോട്: റണ്‍വേ വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവുന്നതോടെ കരിപ്പൂര്‍ വിമാനത്താവളം വഴി കൂടുതല്‍ വിമാനങ്ങളും സര്‍വീസുകളും ആരംഭിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ ജനാര്‍ദ്ദനന്‍.
ദമ്മാം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് എയര്‍പോര്‍ട്ട് യൂസേഴ്‌സ് ഫോറം ഭാരവാഹികളുമായി കാലിക്കറ്റ് എയര്‍പോര്‍ട്ട് ഓഫിസില്‍ നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ചെറിയ ജോലികള്‍കൂടി പൂര്‍ത്തിയാക്കാനുണ്ട്. അതിനുശേഷമേ 2,400 മീറ്റര്‍ റണ്‍വേ പൂര്‍ണമായും ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ.
2,950 മീറ്റര്‍ പണി ഈ വര്‍ഷം അവസാനത്തോടുകൂടി പൂര്‍ത്തിയാവും. ഇത്തിഹാദ് എയര്‍വേയ്‌സിന്റെയും എയര്‍ ഇന്ത്യയുടെയും സര്‍വീസുകള്‍ കഴിഞ്ഞ മാസം മുതല്‍ കൂട്ടിയിട്ടുണ്ട്. റണ്‍വേ വികസനം പൂര്‍ത്തിയാവുന്നതോടെ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാനാവും. അന്താരാഷ്ട്ര ടെര്‍മിനലിന്റെ പണി പൂര്‍ത്തിയായാല്‍ കൂടുതല്‍ യാത്രക്കാരെ ടെര്‍മിനലില്‍ ഒരേസമയം ഉള്‍ക്കൊള്ളാനാവുമെന്നും കാലിക്കറ്റ് എയര്‍പോര്‍ട്ട് പുരോഗമനത്തിന്റെ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു.
ഹജ്ജ് സര്‍വീസ് താല്‍ക്കാലികമായി വലിയ വിമാനങ്ങള്‍ വച്ച് അടുത്തവര്‍ഷം മുതല്‍ ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷ. റണ്‍വേ വികസനപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിശാലമായി നടപ്പാക്കിയെങ്കില്‍ മാത്രമേ വലിയ വിമാനങ്ങള്‍ സ്ഥിരമായി ഓപറേറ്റ് ചെയ്യാന്‍ സാധിക്കുകയുള്ളൂ. ആയതിനാല്‍ ഭൂമിയേറ്റെടുക്കല്‍ സംബന്ധിച്ച നടപടിക്രമങ്ങള്‍ ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കണം. അതിനാവശ്യമായ ജനകീയ പിന്തുണ ഉറപ്പാക്കുന്നതില്‍ ഫോറം മുന്‍കൈയെടുക്കണമെന്നും ഡയറക്ടര്‍ അഭ്യര്‍ഥിച്ചു.
ജനറല്‍ കണ്‍വീനര്‍ ടി പി എം ഫസല്‍, ഖജാഞ്ചി മുഹമ്മദ് നജാത്തി, ടി അബൂബക്കര്‍, ഒ പി ഹബീബ്, കല്ലിങ്കല്‍ മോഹന്‍, പി പി മുഹമ്മദ്, മുഹമ്മദ് അലി എന്നിവരാണ് കാലിക്കറ്റ് എയര്‍പോര്‍ട്ട് യൂസേഴ്‌സ് ഫോറം സംഘത്തിലുണ്ടായിരുന്നത്. റണ്‍വേയുമായി ബന്ധപ്പെട്ട് വസ്തുതയ്ക്ക് നിരക്കാത്ത ചില വാര്‍ത്തകള്‍ പ്രചരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ റണ്‍വേ സന്ദര്‍ശിച്ച് വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി സംഘം നേരിട്ട് വിലയിരുത്തി.
Next Story

RELATED STORIES

Share it