wayanad local

കബനി ശുദ്ധജല വിതരണ പദ്ധതി: ജലം പാഴാവുന്നു; അധികൃതര്‍ക്ക് മൗനം

മുള്ളന്‍കൊല്ലി: കബനി ശുദ്ധജല വിതരണ പദ്ധതി പ്രകാരം മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ ഉപയോഗിക്കുന്നതിനേക്കാള്‍ കൂടുതല്‍ വെള്ളം പാഴായിട്ടും വാട്ടര്‍ അതോറിറ്റി അധികൃതര്‍ക്ക് മൗനം.
1989ല്‍ നിര്‍മാണം പൂര്‍ത്തിയായ പദ്ധതിക്ക് രണ്ടാംഘട്ടമായി കഴിഞ്ഞ വര്‍ഷം ഏഴു കോടി രൂപ മുടക്കി നവീകരണ പ്രവൃത്തികള്‍ നടത്തിയതിനു ശേഷമാണ് കൂടുതല്‍ വെള്ളം പാഴായിത്തുടങ്ങിയത്.
മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകളിലെ മുഴുവന്‍ കുടുംബങ്ങളിലും കുടിവെള്ളമെത്തിക്കുന്നതിനുവേണ്ടി 1980ലാണ് കബനി ശുദ്ധജല വിതരണ പദ്ധതി പ്രവൃത്തി ആരംഭിച്ചത്. സ്ലോ സാന്റ് ഫില്‍റ്ററിങ് സിസ്റ്റത്തിലൂടെയാണ് ഒമ്പതു വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയായ പദ്ധതി പ്രവര്‍ത്തിക്കുന്നത്.
മരക്കടവില്‍ കബനി നദിക്കരയില്‍ കുളമുണ്ടാക്കി വെള്ളം കബനിഗിരിയിലെ ഫില്‍റ്ററിങ് കേന്ദ്രത്തിലെത്തിച്ച് ശുദ്ധീകരിച്ച് അവിടെനിന്നു പാടിച്ചിറയിലുള്ള ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്യുകയും അവിടെനിന്നു പുല്‍പ്പള്ളിയിലെ ടാങ്കില്‍ എത്തിച്ച് ജനങ്ങള്‍ക്ക് വിതരണം ചെയ്യുകയുമാണ് ചെയ്യുന്നത്.
പദ്ധതി പ്രകാരം ആയിരത്തിലധികം വീടുകളില്‍ ഗാര്‍ഹിക കണക്ഷന്‍ നല്‍കുകയും 500ലധികം സ്ഥലങ്ങളില്‍ പൊതുടാപ്പുകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, പലയിടത്തും ടാപ്പുകള്‍ കേടാവുകയും കുടിവെള്ള വിതരണം പലപ്പോഴും മുടങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് രണ്ടു വര്‍ഷം മുമ്പ് മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ ഏഴു കോടി രൂപ മുടക്കി നവീകരണ പ്രവൃത്തികള്‍ നടത്തിയത്.
എന്നാല്‍, ഇതിനു ശേഷവും കുടിവെള്ളം പാഴാവുന്നതും പൈപ്പുകള്‍ പൊട്ടുന്നതും തുടര്‍ക്കഥയായിരിക്കുകയാണ്. ഇപ്പോള്‍ മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ മാത്രം 400ലധികം പൗതുടാപ്പുകളുണ്ട്. ഇതില്‍ 150ഓളം ടാപ്പുകളും കേടാണ്.
ഇതിനുപുറമെ പഞ്ചായത്തില്‍ നൂറിലധികം സ്ഥലങ്ങളില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നുണ്ട്. പലയിടത്തും റോഡരികില്‍ അരുവികളും നീര്‍ച്ചാലുകളും കുളങ്ങളും പ്രത്യക്ഷപ്പെട്ടു. പെരിക്കല്ലൂര്‍ ക്ഷീരസംഘം ഓഫിസിന് മുന്നില്‍ മൂന്നിടങ്ങളിലാണ് ഒരു വര്‍ഷത്തിലധികമായി പൈപ്പ് പൊട്ടി വെള്ളം പാഴായിക്കൊണ്ടിരിക്കുന്നത്. പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നത് അധികൃതരെ അറിയിച്ചാല്‍ ആ ഭാഗത്തേക്കുള്ള കുടിവെള്ള വിതരണം നിര്‍ത്തിവയ്ക്കും.
രണ്ടു ദിവസമായിട്ടും വെള്ളം കിട്ടാതെ പരാതി ഉയരുമ്പോള്‍ വിതരണം പുനരാരംഭിക്കും. ഇതോടെ റോഡരികില്‍ നീര്‍ച്ചാലുകളും വെള്ളക്കെട്ടുകളും ഉണ്ടാവുകയും ചെയ്യും. ഇതാണ് പതിവ്.
ഫലത്തില്‍ 400 ടാപ്പുകളില്‍ നിന്നു നാട്ടുകാര്‍ വല്ലപ്പോഴും വെള്ളമെടുക്കുമ്പോള്‍ 250ലധികം ഇടങ്ങളില്‍ സദാസമയവും വെള്ളം പാഴായിക്കൊണ്ടിരിക്കും.
Next Story

RELATED STORIES

Share it