കനയ്യ ഗുരുതരാവസ്ഥയില്‍; അഞ്ച് വിദ്യാര്‍ഥികള്‍ നിരാഹാരസമരം നിര്‍ത്തി

ന്യൂഡല്‍ഹി: സര്‍വകലാശാലയുടെ ശിക്ഷാ നടപടിക്കെതിരേ അനിശ്ചിതകാല നിരാഹാരസമരം നടത്തിവന്ന ജെഎന്‍യുവിലെ അഞ്ച് വിദ്യാര്‍ഥികള്‍ സമരത്തില്‍ നിന്നു പിന്‍മാറി. വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യ കുമാറിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ സര്‍വകലാശാലയിലെ ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
ഫെബ്രുവരി ഒമ്പതിന് കാംപസില്‍ നടന്ന അഫ്‌സല്‍ഗുരു അനുസ്മരണച്ചടങ്ങില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന ആരോപണത്തെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ക്കെതിരേ സര്‍വകലാശാല ശിക്ഷാനടപടികള്‍ സ്വീകരിച്ചത്. ചിലര്‍ക്കു പിഴയും മറ്റുചിലര്‍ക്ക് സസ്‌പെന്‍ഷനുമായിരുന്നു ശിക്ഷ.
ഇതിനെതിരേ എട്ട് ദിവസമായി ഇടത് അനുകൂല വിദ്യാര്‍ഥികള്‍ നിരാഹാരസമരത്തിലാണ്. ആരോഗ്യനില വഷളായതിനെത്തുടര്‍ന്നാണ് അഞ്ച് വിദ്യാര്‍ഥികള്‍ സമരത്തില്‍ നിന്നു പിന്‍മാറിയത്. കനയ്യ പാതി ബോധം നഷ്ടപ്പെട്ട അവസ്ഥയിലാണ്. രക്തസമ്മര്‍ദ്ദം കുറഞ്ഞിട്ടുണ്ടെന്നു പരി—ശോധനയില്‍ തെളിഞ്ഞു. കഴിഞ്ഞദിവസം രാത്രിക്ക് ശേഷം നിരവധി തവണ ഛര്‍ദ്ദിച്ചു. ഭക്ഷണം കഴിച്ചില്ലെങ്കില്‍ ആന്തരിക രക്തസ്രാവത്തിനു സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പുനല്‍കി. സമരത്തിലുള്ള വിദ്യാര്‍ഥികളുടെ ഭാരം അഞ്ച് കിലോ കുറഞ്ഞിട്ടുണ്ട്. എന്നാല്‍ സര്‍വകലാശാല അധികൃതര്‍ നിലപാട് മാറ്റുംവരെ പോരാടുമെന്നു വിദ്യാര്‍ഥി യൂനിയന്‍ പ്രസ്താവനയില്‍ അറിയിച്ചു.
25 വിദ്യാര്‍ഥികളാണു കഴിഞ്ഞയാഴ്ച നിരാഹാര സമരം തുടങ്ങിയത്. അതേസമയം, അഞ്ച് എബിവിപി പ്രവര്‍ത്തകര്‍ നടത്തിവന്ന നിരാഹാരസമരം നിര്‍ത്തിവച്ചു. തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയതായി അവര്‍ അവകാശപ്പെട്ടു. രണ്ടു വിഭാഗം വിദ്യാര്‍ഥികളും നടത്തുന്ന നിരാഹാരസമരം നിയമവിരുദ്ധമാണെന്ന് വിസി ജഗദീഷ് കുമാര്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിദ്യാര്‍ഥികള്‍ ചര്‍ച്ചയ്ക്കു തയ്യാറാവണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
വധ ഗൂഢാലോചന: പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ഒളിവില്‍ കഴിയുന്ന യുപി നവ നിര്‍മാണ്‍ സേന നേതാവ് അമിത് ജനിക്ക് ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. ഗൂഢാലോചനയുടെ പങ്ക് അന്വേഷിക്കുന്നതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാവില്ലെന്ന് ജസ്റ്റിസ് പ്രതിഭ റാണി പറഞ്ഞു.
നിറച്ച തോക്കും കനയ്യയെയും ഉമര്‍ ഖാലിദിനെയും വധിക്കുമെന്നു ഭീഷണിപ്പെടുത്തുന്ന കത്തും ഡിടിസി ബസ്സില്‍ നിന്നു കണ്ടെടുത്തിരുന്നു. കേസില്‍ പിടികൂടിയ മറ്റു മൂന്നുപേര്‍ ജനിയുടെ പേര് വെളിപ്പെടുത്തിയതായി പോലിസ് കോടതിയെ അറിയിച്ചു. ഫേ—സ്ബുക്ക് പോസ്റ്റിലൂടെ കനയ്യകുമാറിനെ വധിക്കാന്‍ നേരത്തെ ജനി ആഹ്വാനം നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it