കത്തിത്തീരാതെ കത്ത്



തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിന് അയച്ചെന്ന തരത്തില്‍ പുറത്തുവന്ന കത്തിനെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് കെപിസിസി നിര്‍വാഹക സമിതി യോഗം സര്‍ക്കാരിനു നിര്‍ദേശം നല്‍കി. കത്ത് വ്യാജമാണോ, ഉറവിടം, ആരാണ് ഉത്തരവാദികള്‍ എന്നീ കാര്യങ്ങള്‍ അന്വേഷിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, കത്ത് വ്യാജമാണെന്നു പറയാനോ കത്ത് തള്ളാനോ കെപിസിസി നിര്‍വാഹക സമിതിയോ പ്രസിഡന്റ് വി എം സുധീരനോ തയ്യാറായില്ല. കത്ത് തള്ളുന്നുണ്ടോയെന്നു മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു ചോദിച്ചെങ്കിലും അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല. ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മാധ്യമങ്ങളോട് പങ്കുവയ്ക്കാനാവില്ലെന്ന് കെപിസിസി നിര്‍വാഹക സമിതി യോഗത്തിനു ശേഷം സുധീരന്‍ വ്യക്തമാക്കി. ഏത് അന്വേഷണം വേണമെന്ന കാര്യം സര്‍ക്കാരിനു തീരുമാനിക്കാം. എങ്കിലും ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്ന രീതിയിലുള്ള അന്വേഷണമാവണം നടത്തേണ്ടത്.
മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും സാന്നിധ്യത്തിലാണ് യോഗം സമഗ്രാന്വേഷണം ആവശ്യപ്പെട്ടത്. യുക്തിസഹമായ രീതിയില്‍ തീരുമാനമെടുക്കാനുള്ള കഴിവ് ആഭ്യന്തരമന്ത്രിക്കുണ്ട്. കത്തയച്ച കാര്യം ആഭ്യന്തരമന്ത്രി നിഷേധിച്ചിട്ടുണ്ട്.

അദ്ദേഹത്തെ അവിശ്വസിക്കേണ്ട കാര്യമില്ല. ചെന്നിത്തലയുടെ വിശദീകരണം കെപിസിസി അംഗീകരിക്കുന്നു. എന്നാല്‍, സംസ്ഥാനത്തെ ആഭ്യന്തരമന്ത്രിയുമായി ബന്ധപ്പെട്ട് കത്തയച്ച സംഭവം വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സത്വര അന്വേഷണം നടത്തണം. ഇതിന്റെ യഥാര്‍ഥ വസ്തുത പുറത്തുവരണം. സര്‍ക്കാരിന്റെ അന്വേഷണത്തിനു ശേഷം ആവശ്യമെങ്കില്‍ പാര്‍ട്ടിതല അന്വേഷണം നടത്തുന്ന കാര്യം പരിശോധിക്കുമെന്നും സുധീരന്‍ വ്യക്തമാക്കി.
കത്ത് നല്‍കിയെന്ന വാര്‍ത്ത കെപിസിസി നിര്‍വാഹക സമിതി യോഗത്തില്‍ ആഭ്യന്തരമന്ത്രി നിഷേധിച്ചു. കത്തുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ഇതേക്കുറിച്ച് അന്വേഷിച്ചുവരുകയാണ്. ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ അപ്പോള്‍ തന്നെ അതിനുള്ള നടപടികള്‍ തുടങ്ങി. എന്തെങ്കിലും കാര്യം ഹൈക്കമാന്‍ഡിനോട് പറയാനുണ്ടെങ്കില്‍ അത് പറയാന്‍ തനിക്കറിയാം. സോണിയാഗാന്ധിയോട് പറയേണ്ട രീതിയില്‍ കാര്യങ്ങള്‍ പറയാറുണ്ട്. അതിനിയും തുടരും.
മാധ്യമങ്ങളിലൂടെ കാര്യങ്ങള്‍ പറഞ്ഞലക്കുന്ന സ്വഭാവം തനിക്കില്ല. ഒമ്പതു വര്‍ഷം കെപിസിസി പ്രസിഡന്റും 16 വര്‍ഷം എഐസിസി ഭാരവാഹിയുമായിരുന്നു. തനിക്ക് വ്യക്തമായ നിലപാടുകളുണ്ട്. അഭിപ്രായവ്യത്യാസങ്ങള്‍ പറയേണ്ട വേദിയില്‍ പറയും. പൊതുനിരത്തില്‍ കാര്യങ്ങള്‍ വിളിച്ചുപറഞ്ഞ് വലിയ ആളാവുന്ന സംസ്‌കാരം തനിക്കില്ല. കെപിസിസി പ്രസിഡന്റായപ്പോള്‍ പല തിക്താനുഭവങ്ങളും നേരിടേണ്ടിവന്നിട്ടുണ്ട്. അപ്പോഴൊന്നും മാധ്യമങ്ങളിലൂടെ വിവാദമുണ്ടാക്കിയിട്ടില്ലെന്നും ചെന്നിത്തല വിശദീകരിച്ചു.
കത്തെഴുതിയിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ചെന്നിത്തല തന്നെ അറിയിച്ചിട്ടുണ്ടെന്നായിരുന്നു സുധീരന്റെ പ്രതികരണം. ഉന്നതതല അന്വേഷണം വേണം. കത്തില്‍ പറഞ്ഞിരിക്കുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വികാരമാണെന്നു പ്രസ്താവന നടത്തിയതിനു ലാലി വിന്‍സെന്റിനെയും ആര്‍ ചന്ദ്രശേഖറിനെയും സുധീരന്‍ രൂക്ഷമായി വിമര്‍ശിച്ചു. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് താക്കീതിന്റെ സ്വരത്തില്‍ അദ്ദേഹം നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
എന്നാല്‍, കത്തുവിവാദത്തെക്കുറിച്ച് മുഖ്യമന്ത്രി യോഗത്തില്‍ നടത്തിയ പ്രസംഗത്തില്‍ വിമര്‍ശിക്കാതിരുന്നത് ശ്രദ്ധേയമായി. യോഗത്തിനു പുറപ്പെടും മുമ്പ് മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ സമീപിച്ചെങ്കിലും 'ചെന്നിത്തല തന്നെ വാര്‍ത്ത നിഷേധിച്ചിട്ടുണ്ടല്ലോ' എന്നു മാത്രമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. മറ്റ് ചോദ്യങ്ങളോട് അദ്ദേഹം മൗനം പാലിക്കുകയായിരുന്നു.
വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഹൈക്കമാന്‍ഡ് നേതാക്കളെയും പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിയെയും കാര്യങ്ങള്‍ ധരിപ്പിക്കാന്‍ ചെന്നിത്തല ഡല്‍ഹിയിലേക്ക് തിരിച്ചു. കത്തുവിവാദവും കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളും കൂടിക്കാഴ്ചയില്‍ ചെന്നിത്തല നേതൃത്വത്തെ അറിയിക്കും.
Next Story

RELATED STORIES

Share it