Alappuzha local

കടലാക്രമണം ശക്തമായി

അമ്പലപ്പുഴ: കടലാക്രമണം ശക്തമായി. ഏഴ് വീടുകള്‍ തകര്‍ന്നു. 50 ഓളം വീടുകള്‍ തകര്‍ച്ചാഭീഷണിയില്‍.
പുറക്കാട് പഞ്ചായത്ത് ഒന്ന്, 18 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന പഴയങ്ങാടിയിലാണ് വ്യാഴാഴ്ച രാത്രി എട്ട് മുതല്‍ കടലാക്രമണം ശക്തമായത്. ഈ പ്രദേശങ്ങളില്‍ കടല്‍ഭിത്തിയില്ലാത്തതിനാല്‍ നിരവധി വീടുകള്‍ ഏത് നിമിഷവും തകരുമെന്ന സ്ഥിതിയാണ്.
പുതുവല്‍ ഷാജി, പൊന്നപ്പന്‍, ലത, പ്രഭാകരന്‍, ജയദേവി, ചാക്കോ തുടങ്ങിയവരുടെ വീടുകളാണ് കടലെടുത്തത്. വ്യാഴാഴ്ച രാത്രിയിലാരംഭിച്ച കടലാക്രമണം ഇന്നലെ രാവിലെയോടെ ശക്തിപ്രാപിക്കുകയായിരുന്നു. തകര്‍ന്ന വീടുകളില്‍ ഗൃഹോപകരണങ്ങളും മറ്റും വീട്ടുകാര്‍ എടുത്തുമാറ്റി. നേരത്തെ പഴയങ്ങാടി, പായല്‍കുളങ്ങര പ്രദേശങ്ങളില്‍ താമസിച്ചിരുന്നപ്പോഴും ഇവരുടെ വീടുകള്‍ കടലെടുത്തിരുന്നു.
തുടര്‍ന്ന് സുനാമി പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച വീടുകളാണ് ഇപ്പോള്‍ വീണ്ടും കടലെടുത്തിരിക്കുന്നത്. സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച കടല്‍ഭിത്തിയും പുലിമുട്ടും യാഥാര്‍ഥ്യമായിരുന്നെങ്കില്‍ ഇത്രയേറെ വീടുകള്‍ കടലെടുക്കില്ലായിരുന്നുവെന്ന് തീരദേശവാസികള്‍ പറയുന്നു.
കടലാക്രമണത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട നിരവധി കുടുംബങ്ങള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നതിനിടെയാണ് ഇപ്പോള്‍ വീണ്ടും കടലാക്രമണം മൂലം കുടുംങ്ങള്‍ വീട് വിട്ടിറങ്ങിയിരിക്കുന്നത്. പുറക്കാട് മുതല്‍ പഴയങ്ങാടിവരെ 2350 മീറ്റര്‍ നീളത്തില്‍ 26 പുലിമുട്ടുകള്‍ നിര്‍മിക്കാന്‍ 22 കോടി രൂപയുടെ ഭരണാനുമതി നബാര്‍ഡ് നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതിന്റെ സാങ്കേതികാനുമതി ഇതുവരെ ലഭിച്ചിട്ടില്ല.
സാങ്കേതികാനുമതി കൂടി ലഭിച്ചതിന് ശേഷമേ ടെന്‍ഡര്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിക്കാന്‍ കഴിയൂ. അടിയന്തരമായി പുലിമുട്ടോടുകൂടിയ കടല്‍ഭിത്തി നിര്‍മിച്ച് അടുത്ത കാലവര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് തീരദേശ വാസികളെ സംരക്ഷിക്കണമെന്ന് നാട്ടുകാര്‍ക്കിടയില്‍ ആവശ്യം ശക്തമായി.
Next Story

RELATED STORIES

Share it