wayanad local

'ഓര്‍മമരം' ഇരുകൈകളിലും ഏറ്റുവാങ്ങി വയനാട്

കല്‍പ്പറ്റ: വോട്ടുചെയ്ത് കൈകളില്‍ മരത്തൈകളും ചുണ്ടില്‍ പുഞ്ചിരിയുമായി അവര്‍ പോളിങ് ബൂത്തുകളില്‍നിന്നു മടങ്ങി. വോട്ടര്‍മാരെ ബോധവല്‍ക്കരിക്കാനുള്ള സ്വീപ് പരിപാടിയുടെ ഭാഗമായി നിയമസഭാ തിരഞ്ഞെടുപ്പിന് ജില്ലയില്‍ നടപ്പാക്കിയ 'ഓര്‍മമരം' പദ്ധതിയെ വോട്ടര്‍മാര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാറിന്റെ നേതൃത്വത്തിലാണ് രാജ്യത്തുതന്നെ ആദ്യ പരീക്ഷണമെന്ന നിലയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നവര്‍ക്ക് വൃക്ഷത്തൈ നല്‍കുന്ന പദ്ധതി ആസൂത്രണം ചെയ്ത് വിജയകരമായി നടപ്പാക്കിയത്.
കൂടുതല്‍ വോട്ടര്‍മാരെ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാക്കുന്നതിനൊപ്പം പ്രകൃതി സംരക്ഷണത്തിന്റെ ഹരിതസന്ദേശം നല്‍കാനും ഈ പദ്ധതിയിലൂടെ കഴിഞ്ഞു. ജില്ലയില്‍ പോളിങ് ശതമാനം ഉയര്‍ത്താനും 'ഓര്‍മമരം' പദ്ധതി സഹായകമായി. പദ്ധതിയുടെ ഭാഗമായി 71,500ഓളം തൈകളാണ് ജില്ലയില്‍ ഇന്നലെ വിതരണം ചെയ്തത്. 47 മാതൃകാ പോളിങ് ബൂത്തുകളില്‍ വോട്ട് ചെയ്ത എല്ലാവര്‍ക്കും ഫലവൃക്ഷത്തൈകള്‍ നല്‍കി. കന്നിവോട്ടര്‍മാര്‍ക്ക് 'ഓര്‍മമരം' പദ്ധതിയുടെ സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. മറ്റുള്ള മുഴുവന്‍ ബൂത്തുകളിലും കന്നിവോട്ടര്‍മാര്‍, 75 വയസ്സിന് മേലുള്ളവര്‍, ഭിന്നശേഷിയുള്ളവര്‍ എന്നിവര്‍ക്കും വൃക്ഷത്തൈകള്‍ നല്‍കി. ശേഷിച്ചവര്‍ക്ക് ജൂണ്‍ അഞ്ചിന് വൃക്ഷത്തൈകള്‍ വിതരണം ചെയ്യും.
മാവ്, റംബുട്ടാന്‍, പേര, നെല്ലി, ലിച്ചി തുടങ്ങിയ ഫലവൃക്ഷത്തൈകളാണ് ഇന്നലെ വിതരണം ചെയ്തത്. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ വിവിധ തലങ്ങളില്‍ നിരന്തര ചര്‍ച്ചകളും യോഗങ്ങളും നടത്തിയാണ് പദ്ധതിക്ക് അന്തിമ രൂപം നല്‍കിയത്. തിരഞ്ഞെടുപ്പിന്റെ ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ക്കും ചുമതലകള്‍ക്കുമിടയില്‍ പദ്ധതി കാര്യക്ഷമമായി നടപ്പാക്കാന്‍ കഴിയുമോയെന്ന ആശങ്കകളെ ഉദ്യോഗസ്ഥര്‍ നിശ്ചയദാര്‍ഢ്യത്തോടെ മറികടന്നു. നാടിന്റെ നാനാ കേന്ദ്രങ്ങളില്‍നിന്ന് ലഭിച്ച അകമഴിഞ്ഞ പിന്തുണയും പദ്ധതിക്ക് വെള്ളവും വളവും നല്‍കി.
Next Story

RELATED STORIES

Share it