ഐഒസി ബോട്ട്‌ലിങ് പ്ലാന്റില്‍ അനിശ്ചിതകാല സമരം

തൃപ്പൂണിത്തുറ: വേതനവര്‍ധന ആവശ്യപ്പെട്ട് ഉദയംപേരൂര്‍ ഐഒസി ബോട്ട്‌ലിങ് പ്ലാന്റിലെ തൊഴിലാളികള്‍ ഇന്നു മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുന്നു. 10ഓളം ജില്ലകളില്‍ പാചകവാതക നീക്കം പൂര്‍ണമായും സ്തംഭിക്കും. ഇക്കഴിഞ്ഞ 28ന് ആരംഭിച്ച മെല്ലെപ്പോക്ക് സമരമാണ് കൂടുതല്‍ ശക്തമാക്കുന്നത്.
സമരം ഒത്തുതീര്‍പ്പാക്കാന്‍ റീജ്യനല്‍ ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ പലവട്ടം ചര്‍ച്ചകള്‍ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഐഎന്‍ടിയുസി, സിഐടിയു, ബിഎംഎസ് യൂനിയനുകളുടെ നേതൃത്വത്തില്‍ 120ഓളം തൊഴിലാളികളാണ് പ്രക്ഷോഭത്തിലുള്ളത്. ഹൗസ് കീപ്പിങ്, ലോഡിങ് തൊഴിലാളികളുടെ മിനിമം വേതനം വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. അതേസമയം, അനിശ്ചിതകാല സമരത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പാചകവാതക നീക്കം പ്രതിസന്ധിയിലായി. എറണാകുളം, തിരുവനന്തപുരം, പാലക്കാട്, കൊല്ലം, ആലപ്പുഴ, തൃശൂര്‍, കോട്ടയം, ഇടുക്കി, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലേക്കാണ് പ്രധാനമായും ഈ പ്ലാന്റില്‍നിന്ന് ലോഡുകള്‍ പോവുന്നത്. മെല്ലെപ്പോക്ക് സമരം ആരംഭിച്ചതോടെ ലോഡുകളുടെ എണ്ണം അമ്പതില്‍ താഴെയായി കുറഞ്ഞിരുന്നു. സമരം 13 ദിവസം പിന്നിട്ടപ്പോള്‍ തന്നെ മൂന്നുലക്ഷം സിലിണ്ടറുകളുടെ നീക്കമാണ് നിലച്ചിരിക്കുന്നത്. പല ഡീലര്‍മാരുടെയും സ്റ്റോക്ക് തീര്‍ന്നിട്ടുണ്ട്.
ഹോട്ടലുകള്‍ക്കും വീടുകള്‍ക്കും പാചകവാതകം ലഭിക്കാത്ത അവസ്ഥയാണ്. കഴിഞ്ഞ ഏപ്രിലില്‍ കാലാവധി പൂര്‍ത്തിയായ വേതനക്കരാര്‍ പുതുക്കണമെന്നാവശ്യപ്പെട്ട് നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. ഇതോടെ പ്ലാന്റില്‍ നേരത്തേയുണ്ടായിരുന്ന കരാറുകാരനെ തൊഴിലാളികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിയിരുന്നു. പകരം ഇദ്ദേഹത്തിന്റെ മകനാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്.
Next Story

RELATED STORIES

Share it