ഐഎസ് ബന്ധമാരോപിച്ച് അറസ്റ്റ്;  ശെയ്ഖ് അബ്ദുല്‍ ഇസ്‌ലാം നിരപരാധിയെന്ന് പിതാവ്

ശ്രീനഗര്‍: ഐഎസ് ബന്ധമാരോപിച്ച് എന്‍ഐഎ അറസ്റ്റ് ചെയ്ത കശ്മീര്‍ സ്വദേശി ശെയ്ഖ് അബ്ദുല്‍ ഇസ്‌ലാം നിരപരാധിയാണെന്ന് പിതാവ് അബ്ദുല്‍ സത്താര്‍ ശെയ്ഖ്. കഴിഞ്ഞ ദിവസമാണ് ശെയ്ഖിനെയും കര്‍ണാടക, മഹാരാഷ്ട്ര സ്വദേശികളായ അദ്‌നാന്‍ ഹുസൈന്‍, മുഹമ്മദ് ഫര്‍ഹാന്‍ എന്നിവരെയും ഐഎസ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്തത്. ഇവര്‍ എന്‍ഐഎ കസ്റ്റഡിയില്‍ റിമാന്‍ഡിലാണ്.
തന്റെ മകന്‍ വിദേശത്തുപോയത് ജോലി തേടിയാണെന്ന് അബ്ദുല്‍ സത്താര്‍ ശെയ്ഖ് പറഞ്ഞു. താന്‍ ദരിദ്രനാണ്. ധാരാളം കടങ്ങളുമുണ്ട്. കുടുംബത്തെ കടക്കെണിയില്‍നിന്നു രക്ഷിക്കാനാണ് മകന്‍ പോയത്. അവന്‍ നിരപരാധിയാണ്. ഐഎസുമായി ഒരു ബന്ധവുമില്ല- അദ്ദേഹം പറഞ്ഞു. ഇന്ത്യയിലും മറ്റു ചില രാജ്യങ്ങളിലും ആക്രമണം നടത്താന്‍ യുവാക്കള്‍ ലക്ഷ്യമിട്ടിരുന്നതായി ആരോപണമുണ്ടായിരുന്നു. തന്റെ മകന്‍ ഐഎസില്‍ പങ്കാളിയാവില്ല. തങ്ങളുടെ കുടുംബചരിത്രം പരിശോധിക്കാം. കുടുംബാംഗങ്ങള്‍ ആരും അക്രമത്തിന്റെ വഴി സ്വീകരിച്ചവരല്ല. തങ്ങളുടെ നാട്ടുകാര്‍ അവനെ പിന്തുണയ്ക്കും. തന്റെ മകനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും അവനെ വിട്ടയക്കാന്‍ സര്‍ക്കാരിനോട് അപേക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യുഎഇയില്‍ നിന്നു തിരിച്ചയച്ച യുവാക്കളെ ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ വച്ച് എന്‍ഐഎ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഡല്‍ഹി കോടതിയില്‍ ഹാജരാക്കിയ ഇവരെ കഴിഞ്ഞ ദിവസമാണ് 10 ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടത്.
Next Story

RELATED STORIES

Share it