ഐഎഎസ് തലപ്പത്ത്  വീണ്ടും സ്ഥാനചലനം: ജോണ്‍ ബ്രിട്ടാസ് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ്‌

തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് വീണ്ടും സ്ഥാനചലനം. കഴിഞ്ഞയാഴ്ച സ്ഥലംമാറ്റിയവരെ വീണ്ടും മറ്റ് വകുപ്പുകളിലേക്ക് മാറ്റിനിയമിച്ചു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. അഡ്വ. എം കെ ദാമോദരനെ പ്രതിഫലം കൂടാതെയുള്ള ലീഗല്‍ അഡൈ്വസറായി നിയമിച്ചു. ജോ ണ്‍ ബ്രിട്ടാസാണ് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ്. പ്രതിഫലം കൂടാതെയാണ് നിയമനം. ഡോ. ബി അശോകിനെ ആയുഷ് വകുപ്പ് സെക്രട്ടറിയായി നിയമിച്ചു.  കഴിഞ്ഞയാഴ്ചയാണ് ഡോ. ബി അശോകിനെ മൃഗസംരക്ഷണം, ഡയറി, മൃഗശാല വകുപ്പുകളുടെ സെക്രട്ടറിയാക്കി നിയമിച്ചിരുന്നത്. ഇപ്പോള്‍ ഗതാഗത വകുപ്പ് സെക്രട്ടറി ജ്യോതിലാലിനാണ് മൃഗസംരക്ഷണം, ഡയറി, മൃഗശാല എന്നിവയുടെ അധികചുമതല നല്‍കിയിരിക്കുന്നത്.  വി ജെ കുര്യനെ ജലവിഭവ വകുപ്പ് അഡീഷനല്‍ ചിഫ് സെക്രട്ടറിയായി നിയമിച്ചു. കോസ്റ്റല്‍ഷിപ്പിങ്, ഇന്‍ലാന്‍ഡ് നാവിഗേഷന്‍, അന്തര്‍സംസ്ഥാന ജലസെല്‍ എന്നിവയുടെ അധികചുമതലകൂടി ഇദ്ദേഹത്തിനുണ്ടാവും. നേരത്തെ സിയാല്‍ എംഡിയായാണ് വി ജെ കുര്യനെ നിയമിച്ചിരുന്നത്.  സാംസ്‌കാരികവകുപ്പ് സെക്രട്ടറിയായ റാണി ജോര്‍ജിന് മ്യൂസിയം, ആര്‍ക്കിയോളജി, ആ ര്‍ക്കൈവ്‌സ് വകുപ്പുകളുടെ ചുമതലകൂടി നല്‍കി. നേരത്തെ കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞെത്തിയ ഡോ. വി വേണുവിനെയായിരുന്നു മ്യൂസിയം ആന്റ് ആര്‍ക്കിയോളജി വകുപ്പുകളുടെ സെക്രട്ടറിയാക്കിയിരുന്നത്. വിഎസ്എസ്‌സി ഡയറക്ടറായിരുന്ന ചന്ദ്രദത്തനെ ശാസ്ത്ര ഉപദേഷ്ടാവായി നിയമിച്ചതും പ്രതിഫലം കൂടാതെയാണ്. ടി ഭാസ്‌കരനെ ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയായും പത്മകുമാറിനെ ലാന്‍ഡ് റവന്യൂ ബോര്‍ഡ് ജോയിന്റ് സെക്രട്ടറിയായും നിയമിച്ചു. കയര്‍ വകുപ്പ് ഡയറക്ടറുടെ അധിക ചുമതലയും ഇദ്ദേഹത്തിനുണ്ടാവും. കൊച്ചി കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടറുടെ അധിക ചുമതല ജില്ലാ കലക്ടര്‍ രാജമാണിക്ക്യത്തിനു നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
Next Story

RELATED STORIES

Share it