kozhikode local

എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ എഴുപതാം പിറന്നാളിന് എഴുപത് പാട്ടുകളുമായി സ്‌നേഹാര്‍ച്ചന

കോഴിക്കോട്: തെന്നിന്ത്യന്‍ സംഗീതത്തിലെ മാസ്മരിക ശബ്ദം എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ എഴുപതാം പിറന്നാളിന് എഴുപത് പാട്ടുകളുടെ സ്‌നേഹാര്‍ച്ചന. ഇളയനിലാ പൊഴികിറത് എന്ന പേരില്‍, ബാലസുബ്രഹ്മണ്യത്തിന്റെ കോഴിക്കോട്ടെ ആരാധകരാണ് ടൗണ്‍ഹാളില്‍ പരിപാടി സംഘടിപ്പിച്ചത്. ബാലസുബ്രഹ്മണ്യത്തിന്റെ എഴുപതാം പിറന്നാളിന്, അദ്ദേ ഹത്തിന്റെ എഴുപത് പാട്ടുകള്‍ പാടിക്കൊണ്ട് കോഴിക്കോട് മനോജ്കുമാര്‍ ശ്രോതാക്കളുടെ ഹൃദയത്തില്‍ ഇടം നേടി. ഒപ്പം, ലിംകാ ബുക്‌സ് ഓഫ് റെക്കോഡിലേക്ക് വഴി തുറക്കുകയും ചെയ്തു.
ഇന്ത്യയില്‍ ആദ്യമായാണ് ഒരു ഗായകന്റെ എഴുപത് പാട്ടുകള്‍ തുടര്‍ച്ചയായി പാടുന്നത്. ഇതാണ് ലോക റെക്കോഡിലേക്ക് പരിഗണന നല്‍കിയതും. രാവിലെ പത്ത് മണിക്ക് എസ്പി യുടെ സംഗീതയാത്രയിലെ ആദ്യ ഗാനം, ആയിരം നിലവേ വാ... എന്ന പാട്ടോടെയാണ് മനോജ്കുമാര്‍ സംഗീതാര്‍ച്ചന തുടങ്ങിയത്. തുടര്‍ന്ന്, തെന്നിന്ത്യ ഏറ്റുവാങ്ങി പാടിപതം വന്ന അറുപത്തി ഒമ്പത് പാട്ടുകള്‍. എസ്പി യുടെ ശബ്ദത്തില്‍ മലയാളിയുടെ ഗാനശേഖരത്തിലേക്ക് വന്നു ചേര്‍ന്ന താരാപഥം ചേതോഹരം.., ഈ കടലും.., ചിരികൊണ്ടു മൂടി.., ഹിന്ദിയിലെ ദില്‍ ദിവാന.., ആജാ മേരി.., ഒമാരിയ.. തുടങ്ങിയവയും. ഒടുവില്‍, ഇളമൈ ഇതേ ഇതോ.. എന്ന ത്രസിപ്പിക്കുന്ന പാട്ട്.
ജില്ലക്ക് അകത്തുനിന്നും പുറത്തുനിന്നും എത്തിയ ബാലസുബ്രഹ്മണ്യത്തിന്റെ ആരാധകര്‍ കൂട്ടമായി പാട്ട് പാടി നിര്‍ത്തിയപ്പോള്‍, അത് എസ്പി എന്ന പാട്ടുകാരന് ആരാധകര്‍ നല്‍കിയ വേറിട്ട സ്‌നേഹോപഹാരമായി. ഒപ്പം, ജൂനിയര്‍ ബാലസുബ്രഹ്മണ്യം എന്ന വിളിപ്പേരിനുടമയായ മനോജ്കുമാറിന് നഗരം നല്‍കിയ ആദരവുമായി. പ്രശസ്ത കീ ബോര്‍ഡ് ആ ര്‍ട്ടിസ്റ്റ് ഡൊമിനിക് മാര്‍ട്ടിന്റെ നേതൃത്വത്തില്‍ നാല്‍പ്പതോളം കലാകാരന്‍മാരാണ് അണിയറയില്‍ മനോജ്കുമാറിന് അകമ്പടി നിന്നത്. സംഗീത സംവിധായകനായ തേജ് മെര്‍വിന്റെ സംവിധാനത്തിലായിരുന്നു പരിപാടി. സംഗീതാര്‍ച്ചന കൈതപ്രം വിശ്വനാഥന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.
സംഗീതജ്ഞരായ സതീഷ് ബാബു, പപ്പന്‍ കോഴിക്കോട്, കോഴിക്കോട് അബൂബക്കര്‍, വിനീഷ് വിദ്യാധരന്‍ സംസാരിച്ചു. വൈകീട്ട് നടന്ന ആദരിക്കല്‍ ചടങ്ങ് കൈതപ്രം ദാമോധരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.
Next Story

RELATED STORIES

Share it